UPDATES

കാശ്മീരില്‍ കസ്റ്റഡിയിലായത് നാലായിരത്തിലധികം പേര്‍, ജയിലുകള്‍ നിറഞ്ഞുകവിഞ്ഞതായി റിപ്പോര്‍ട്ട്

സ്കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നടപടി എന്നാണ് പേരുകള്‍ വെളിപ്പെടുത്താത്ത ഗവണ്‍മെന്‍റ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നത്.

കുറഞ്ഞത് 4000 പേരെയെങ്കിലും പബ്ലിക് സേഫ്റ്റി ആക്ട് ചാര്‍ജ്ജ് ചെയ്തു അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ഒരു മജിസ്ട്രേറ്റ് പറഞ്ഞത്. വിചാരണ കൂടാതെ ഏതൊരാളെയും 2 വര്‍ഷം വരെ കസ്റ്റഡിയില്‍ വെക്കാന്‍ സാധിക്കുന്ന നിയമമാണ് പിഎസ്‌എ.

“നിരവധി പേര്‍ കാശ്മീരില്‍ നിന്നും ഓടിപ്പോയി. ജയിലുകള്‍ നിറഞ്ഞിരിക്കുകയാണ്.” പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയില്‍ മജിസ്ട്രേറ്റ് പറഞ്ഞു. തനിക്ക് അനുവദിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് മറ്റൊരു സഹപ്രവര്‍ത്തകനുമായി ആശയവിനിമയം നടത്തിയാണ് അറസ്റ്റില്‍ ആക്കപ്പെട്ടവരുടെ എണ്ണം മജിസ്ട്രേറ്റ് വെളിപ്പെടുത്തിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് മുതല്‍ ജമ്മു കാശ്മീരില്‍ എല്ലാ ആശയവിനിമയ സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ എത്ര ജനങ്ങള്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ ഗവണ്‍മെന്‍റ് ഇതുവരെ തയ്യാറായിട്ടില്ല. നൂറോളം രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അക്കാദമിക പണ്ഡിതന്മാരും കസ്റ്റഡിയില്‍ ഉണ്ടെന്ന വിവരം മാത്രമാണ് ഇതുവരെയായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

സമാധാനത്തിന് തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുള്ള കുറച്ചു പേരെ കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട് എന്നു മാത്രമാണ് ഗവണ്‍മെന്‍റ് ഭാഗത്ത് നിന്നും ഇതുവരെയുണ്ടായിട്ടുള്ള വിശദീകരണം. മൊത്തം എത്ര പേര്‍ കസ്റ്റഡിയില്‍ ആണെന്നതിനെ കുറിച്ച് കേന്ദ്രീകൃതമായ ഒരു കണക്ക് ഇല്ല എന്നാണ് ജമ്മു കാശ്മീര്‍ ഗവണ്‍മെന്‍റ് വക്താവ് രോഹിത് കന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ശ്രീനഗര്‍ അടക്കമുള്ള മേഖലകളില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് എതിരായ പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം ശ്രീനഗറിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയിരുന്നു. ബലി പെരുന്നാളിന് മുന്നോടിയായി നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും പിന്നീട് പുനസ്ഥാപിച്ചിരുന്നു. കാശ്മീര്‍ താഴ്‌വരയുടെ പല പ്രദേശങ്ങളിലും രണ്ടാഴ്ചയോളമായി നിയന്ത്രണങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും കര്‍ഫ്യൂ ഉണ്ട്. കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്.

പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ദ വയറും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിക്കുകയാണുണ്ടായത്.

ശനിയാഴ്ചത്തെ പ്രതിഷേധങ്ങളില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പല മേഖലകളിലും കഴിഞ്ഞ ദിവസം ലാന്‍ഡ്‌ഫോണ്‍ പുനസ്ഥാപിച്ചു. ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിലും മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമുണ്ടായിരുന്നു. നിലവില്‍ 2 ജി ഇന്റര്‍നെറ്റ് അനുവദിച്ചിട്ടുണ്ട്. ജമ്മു, സാംബ, കത്വ, ഉധംപൂര്‍ ജില്ലകളിലാണിത്.

അതേ സമയം സ്കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ ടെലിഫോണ്‍ എക്സെഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍