UPDATES

വീണ്ടും ഗോരഖ്പൂര്‍; 3 ദിവസത്തിനുള്ളില്‍ മരിച്ചത് 61 കുഞ്ഞുങ്ങള്‍

ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ഓക്സിജന്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചത് 70 കുഞ്ഞുങ്ങളാണ്

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 70 കുട്ടികള്‍ മരിച്ചതിനു പിന്നാലെ വീണ്ടും കൂട്ടമരണം. മൂന്നു ദിവസത്തിനുള്ളില്‍ 61 കുട്ടികള്‍ വിവിധ രോഗങ്ങളെ തുടര്‍ന്ന് ഇവിടെ മരിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയും മറ്റ് പ്രശ്‌നങ്ങളും മൂലം വരും ദിവസങ്ങളില്‍ കൂടുതല്‍ മരണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടുത്ത പേടിയും പരിഭ്രാന്തിയുമാണ്‌ ആശുപത്രിയിലെത്തുന്നവരിലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇവിടെ സ്ഥിതിഗതികള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. മസ്തിഷ്‌ക വീക്കം, ന്യൂമോണിയ, പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ മൂലമാണ് 61 കുട്ടികള്‍ കൂടി കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മരിച്ചിരിക്കുന്നത്.

അഞ്ചു ദിവസത്തിനുള്ളില്‍ 70 കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ രാജ്യമാകെ പ്രതിഷേധം ഉയരുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ഉള്‍പ്പെടെ പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാത്തതു മൂലമല്ല മരണം എന്നാണ് തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര, ഭാര്യ ഡോ. പൂര്‍ണിമ ശുക്ല എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓക്‌സിജന്‍ വിതരണം നിന്നതിനെ തുടര്‍ന്ന് പല സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിച്ച, കുട്ടികള്‍ മരിച്ച വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ കൂടിയായിരുന്ന ഡോ. കഫീല്‍ ഖാനെയും എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

കനത്ത മഴയും വെള്ളക്കെട്ടും വെള്ളപ്പൊക്കവും മൂലം മസ്തിഷ്‌ക വീക്കം അടക്കമുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുകയാണെന്നും അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും കൂടുതല്‍ മരണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പ്രാദേശിക ഡോക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ സിംഗ് ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പീഡിയാട്രീഷ്യനായ ഡോ. ആര്‍.എന്‍ സിംഗ് പ്രതികരിച്ചത്, മസ്തിഷ്‌ക വീക്കം തടയുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ജനുവരിക്ക് ശേഷം നടന്നിട്ടില്ലെന്നും അതിനു ശേഷം മുഴുവന്‍ സംവിധാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു എന്നുമാണ്. കനത്ത മഴയും കുട്ടികളുടെ മരണത്തിന് കാരണമാണ്. കൊതുകു നിവാരണം, വാക്‌സിനേഷന്‍, വെള്ളം ശുചിയാക്കല്‍ തുടങ്ങിയ കാര്യങ്ങളൊന്നും സമയത്ത് നടന്നിട്ടില്ലെന്നും ഡോ. ആര്‍.എന്‍ സിംഗ് പറയുന്നു.

ഓഗസ്റ്റ് 10 മുതല്‍ ഉണ്ടായ ശിശുമരണങ്ങള്‍ക്ക് പിന്നാലെ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴും വന്‍ തിരക്കാണ് ആശുപത്രിയില്‍. നാലും അഞ്ചും കുട്ടികളെയാണ് ഒരു കട്ടിലില്‍ കിടത്തിയിരിക്കുന്നത്.

കിഴക്കന്‍ യു.പിയിലെ 36 ജില്ലകളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ഒഴുക്കാണ് ആശുപത്രിയിലേക്ക്. കുറഞ്ഞത് 500 കുട്ടികളെങ്കിലും അസുഖങ്ങളുമായി ഒരേ സമയത്ത് ഇവിടെയെത്തുന്നു എന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍