പശ്ചിമ ബംഗാളിലും ത്രിപുരയിലും വലിയ തോതില്‍ അക്രമം നടന്നു. സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായി.
ലോക്സഭ തിരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 66 ശതമാനം പോളിംഗ്. വിവിധ സംസ്ഥാനങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലും ത്രിപുരയിലും വലിയ തോതില്‍ അക്രമം നടന്നു. സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായി. വോട്ടര്‍മാര്‍ പൊലീസുമായി ഏറ്റുമുട്ടി.
തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വോട്ടര്‍മാര്‍ക്ക് പണം നല്‍കാനുള്ള ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ബാക്കി 38 സീറ്റിലാണ് തമിഴ്നാട്ടില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നത്. നിയമസഭ ഉപതിരഞ്ഞെടുപ്പുകളും ഇന്നലെ നടന്നു. 22 നിയമസഭ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ എഐഎഡിഎംകെ സര്‍ക്കാരിന്റെ തുടര്‍ച്ച സംബന്ധിച്ച് നിര്‍ണായകമാണ്.
ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്നലെ മൂന്ന് സീറ്റിലാണ് വോട്ടെടുപ്പുണ്ടായത്. റായ്ഗഞ്ചിലെ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറും വെടിവയ്പുമുണ്ടായിരുന്നു. ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഗ്യ ദേവ് ബര്മന് നേരെ ആക്രമണമുണ്ടായി. സുരക്ഷാ കാരണങ്ങളാല്‍ ഈസ്റ്റ് ത്രിപുര മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റി.
അസമിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറുകള്‍ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നത്. തമിഴ്നാട്ടില്‍ 384 ഇവിഎമ്മുകള്‍ സംബന്ധിച്ചും 692 വിവിപാറ്റ് മെഷിനുകളുമായി ബന്ധപ്പെട്ടും പരാതി ഉയര്‍ന്നു. ഇവ മാറ്റേണ്ടി വന്നു. ജമ്മു കാശ്മീരില്‍ ശ്രീനഗറിലും ബഡ്ഗാമിലും മറ്റും അക്രമമുണ്ടായി.
യുപിയിലെ മഥുര, ഒഡീഷയിലെ ബൊലാംഗിര്‍, പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനജ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവിഎം തകരാറ് കാരണം വോട്ടെടുപ്പ് മാറ്റി. ബൊലാംഗിറില് 263ല്‍ 261 സീറ്റിലും തിരഞ്ഞെടുപ്പ് മാറ്റേണ്ടി വന്നു. മഹാരാഷ്ട്രയിലെ ബീഡ്, കര്‍ണാടകയിലെ മാണ്ഡ്യ, കന്യാകുമാരി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ നാഗര്‍കോവില്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം വിവിധ ബൂത്തുകളില്‍ ഇവിഎം തകരാറ് മൂലം വോട്ടെടുപ്പ് മാറ്റേണ്ടി വന്നിരുന്നു. തമിഴ്നാട്ടിലെ ഈറോഡില്‍ മൂന്ന് ബൂത്തുകളില്‍ വോട്ടെടുപ്പ് മാറ്റി.