UPDATES

പട്ടേല്‍-താക്കൂര്‍-മേവാനി പ്രതിരോധം കൊണ്ടു മാത്രം ഗുജറാത്തിലെ മോദിക്കോട്ട പൊളിഞ്ഞേക്കില്ല

മോദിയുടെ സാമ്പത്തികനയങ്ങളിലുള്ള അതൃപ്തിയോ പട്ടേല്‍ സമുദായത്തിന്റെ കലാപമോ ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല

ഗുജറാത്തില്‍ കോണ്‍ഗ്രസ് രൂപീകരിച്ച രാഷ്ട്രീയ സഖ്യങ്ങള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എത്രത്തോളം സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന സംശയമാണ് ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മാധ്യമപ്രവര്‍ത്തകനായ ടിഎം വീരരാഘവ് ഉന്നയിക്കുന്നത്. 2001 മുതല്‍ ഗുജറാത്തിലെ ഓരോ തിരഞ്ഞെടുപ്പുകളുടെയും തിരക്കഥ എഴുതി മുഖ്യനടനം നടത്തുന്ന നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനുള്ള കരുത്ത് ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ക്കുണ്ടാകുമോ എന്ന സംശയമാണ് അദ്ദേഹം പങ്കുവെക്കുന്നത്. പട്ടിദാര്‍മാരുടെയും ദളിതരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിരുദ്ധതാല്‍പര്യങ്ങളെ എത്രത്തോളം വോട്ടാക്കി മാറ്റാന്‍ സാധിക്കും എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

ഈ മൂന്ന് പേരില്‍ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ പട്ടേലും മേവാനിയും മോദിയെ എതിര്‍ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസുമായി അണിചേരാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പക്ഷെ നരേന്ദ്ര മോദി എന്ന വലിയ ബിംബത്തെ സാക്ഷിയാക്കി നടത്തുന്ന ഒരു തിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികള്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ സംസ്ഥാനം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ഒരു പരിഹാരം മുന്നോട്ട് വെക്കാതെ ഒരു രാഷ്ട്രീയ സഖ്യത്തിനും വോട്ടുകള്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ല. രണ്ടാമതായി താക്കൂറും മേവാനിയും മധ്യഗുജറാത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്കാകില്ലെന്നും വീരരാഘവ് ചൂണ്ടിക്കാണിക്കുന്നു. മറ്റ് പിന്നോക്ക ജാതിക്കാരെ പ്രതിനിധീകരിക്കുന്ന താക്കൂറിനും ദളിതരെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന മേവാനിക്കും നരേന്ദ്ര മോദിയുടെ കൊട്ടകങ്ങളിലേക്ക് കടന്നുകയറാനുള്ള ശേഷിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇപ്പോള്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരിക്കുന്ന ഭരത്സിംഗ് സോളങ്കിയുടെ പിതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മാധവ്‌സിംഗ് സോളങ്കി 1970കളില്‍ പരീക്ഷച്ച ഒരു രാഷ്ട്രീയസഖ്യമുണ്ട്. ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം സമുദായങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഒരു സഖ്യമായിരുന്നു അത്. ഈ സഖ്യം പക്ഷെ സംസ്ഥാനത്ത് മുന്നോക്കമുള്ള പട്ടേല്‍ സമുദായത്തെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുകയും അവരെ ആദ്യം ചിമന്‍ഭായി പട്ടേലിനോടും പിന്നീട് ബിജെപിയോടും അടുപ്പിക്കുകയും ചെയ്തു. അങ്ങനെ ബിജെപിയുടെ ശക്തമായ അടിത്തറയായി പട്ടേല്‍ സമുദായം മാറി. മോദി അധികാരത്തില്‍ എത്തുന്നതുവരെ ഈ പിന്നോക്ക, ന്യൂനപക്ഷങ്ങളെ കൂടെ നിറുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നോക്ക സമുദായക്കാരനായ മോദി അധികാരത്തില്‍ വന്നതോടെ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കിനെ തകര്‍ക്കാതെ മധ്യ, വടക്കന്‍ ഗുജറാത്ത് മേഖലകളിലെ ജാതി രാഷ്ട്രീയത്തെ പൊളിച്ചെഴുതാന്‍ അദ്ദേഹത്തിന് സാധിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ പട്ടേല്‍ സമുദായക്കാര്‍ക്ക് വലിയ പ്രാതിനിധ്യം നിലനിറുത്തിക്കൊണ്ട് മറ്റ് സമുദായങ്ങളെ കൂടെ കൂട്ടാന്‍ മോദിക്ക് സാധിച്ചതാണ് ഗുജറാത്തില്‍ തുടര്‍ച്ചയായ തിരഞ്ഞെപ്പ് വിജയങ്ങളിലേക്ക് ബിജെപിയെ നയിക്കാന്‍ പ്രാപ്തമാക്കിയത്.

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ എന്തുകൊണ്ട് ആളെ കൂട്ടുന്നു?

ജിഗ്നേഷ് മേവാനിയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഗുജറാത്തിലെ ദളിതര്‍ എക്കാലത്തും കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനം ദളിതരാണ്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗക്കാരാണ് പട്ടികജാതിക്കാരെക്കാള്‍ ഭൂരിപക്ഷം. ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിജയകരമായി കടന്നുകയറാന്‍ ബിജെപിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുള്ളതിനാല്‍ മേവാനിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് എത്രത്തോളം ഗുണകരമാകും എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഹാര്‍ദ്ദിക് പട്ടേലിന്റെ കാര്യത്തിലും ബിജെപിയെ സംബന്ധിച്ചിടത്തോളം പട്ടേല്‍ സമുദായത്തിന്റെ എതിര്‍പ്പുകള്‍ പുതിയ കാര്യമല്ല. ബിജെപിക്കും മോദിക്കുമെതിരെ പട്ടേല്‍ സമുദായം നേരത്തെ തന്നെ അസംതൃപ്തി രേഖപ്പെടുത്തുകയും അതൊക്കെ പരിഹരിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. മോദിക്കെതിരായ ബിജെപിയിലെ ആദ്യത്തെ ആഭ്യന്തരകലാപം നടക്കുന്നത് 2004-ലാണ്, 2002ലെ കലാപങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിച്ച മോദിക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 12 സീറ്റുകള്‍ നേടാന്‍ സാധിച്ചത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വലിയ കലാപം നടന്നെങ്കിലും അതിനെ അതിജീവിക്കാന്‍ മോദിക്ക് സാധിച്ചു. സൗരാഷ്ട്രയിലെയും കച്ചിലെയും നിരവധി പ്രമുഖ ബിജെപി നേതാക്കളുടെ പിന്തുണയോടെ നടന്ന കലാപത്തെ അടിച്ചമര്‍ത്തിയതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണവും സാധ്യമായത്.

രാഹുല്‍ ഗാന്ധി തേച്ചുമിനുക്കുന്നത് തിളങ്ങുന്ന വജ്രമാകുമോ? ഡിസംബര്‍ 18-ന് അറിയാം

മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പട്ടേല്‍ സമുദായത്തിന്റെ അതൃപ്തി ഒരു വിഷയം തന്നെയായിരുന്നു. എന്നാല്‍ മോദിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇത്തരം കലാപങ്ങള്‍ക്കൊന്നും സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2007ലെ തിരഞ്ഞെടുപ്പിന്റെ കാലത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഗോര്‍ദ്ധന്‍ സദാഫിയ തുറന്ന കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോഴും സ്ഥിതിഗതി വ്യത്യസ്തമായില്ല. ബിജെപി വിമതര്‍ നടത്തിയ യോഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് പങ്കെടുത്തിട്ടും ഇത് തന്നെയായിരുന്നു സ്ഥിതി. ബിജെപി നേതാവായിരിക്കുന്ന കേശുഭായ് പട്ടേലിന്റെ എല്ലാ അനുഗ്രഹാശിസുകളോടും കൂടെയായിരുന്നു ഈ വിമതപ്രവര്‍ത്തനങ്ങളൊക്കെയും എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, 2012ല്‍ കേശുഭായ് പട്ടേല്‍ ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. പട്ടേല്‍ സമുദായത്തിന്റെ ഏകോപനവും മോദിയുടെ സാമ്പത്തികനയങ്ങളെ കുറിച്ചുള്ള കര്‍ശനമായ വിമര്‍ശനങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്ത കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പക്ഷെ 116 സീറ്റുകള്‍ നേടി മോദി തന്നെ അധികാരത്തിലെത്തി. വിമതര്‍ക്ക് വെറും നാല് ശതമാനം വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇവര്‍ക്ക് ജാതിസമവാക്യങ്ങളെ മാറ്റാനാകും; ഈ മൂന്ന് യുവാക്കള്‍ ഗുജറാത്തിന്റെ വിധി നിര്‍ണയിക്കും

മോദിയുടെ സാമ്പത്തികനയങ്ങളിലുള്ള അതൃപ്തിയോ പട്ടേല്‍ സമുദായത്തിന്റെ കലാപമോ ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല എന്ന് പറയാനാണ് താന്‍ ശ്രമിക്കുന്നതെന്ന് വീരരാഘവ് പറയുന്നു. തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തനായ എതിരാളിയോ സ്ഥാനാര്‍ത്ഥിയോ പ്രതിപക്ഷത്തിനില്ല എന്നതാണ് അവര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയെന്നും വിരരാഘവ് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ അതൃപ്തിയെ പാര്‍ട്ടിയിലും സര്‍ക്കാരിലും കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടാനുള്ള ഉപാധിയായാണ് പട്ടേല്‍ സമുദായം കാണുന്നത്. 2017ലെ തിരഞ്ഞെടുപ്പിലും തല്‍സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് ബംഗളൂരു അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമ പ്രവര്‍ത്തകന്‍ വിലയിരുത്തുന്നത്.

ഗുജറാത്തില്‍ ബിജെപി പേടിക്കുന്നതെന്തെല്ലാം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍