UPDATES

ട്രെന്‍ഡിങ്ങ്

ഈ മിന്നലാക്രമണത്തിൽ വീഴുന്നത് പാകിസ്താൻ മാത്രമല്ല; റാഫേല്‍ ആരോപണങ്ങള്‍ മറച്ചുപിടിക്കാന്‍ മിറാഷിനെ തള്ളിപ്പറയുന്ന വികെ സിങ്ങുമാർ കൂടിയാണ്

രാജ്യത്തിന്റെ അഭിമാനമായി മാറിയ സ്ഥാപനങ്ങളെ തകർക്കാർ നിലവിലെ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വികെ സിങ്ങിന്റെ ഈ ആരോപണം വന്നത്.

1982ൽ അമേരിക്കയിൽ നിന്ന് പാകിസ്താൻ വാങ്ങിയ യുഎസ്എഫ് 16 യുദ്ധവിമാനങ്ങൾ മേഖലയിൽ സ്വാഭാവികമായ പ്രതികരണങ്ങളുണ്ടാക്കി. ഈ വിമാനങ്ങളുടെ ശേഷിയെ മറികടക്കുന്ന വിമാനങ്ങൾക്കു വേണ്ടി ഇന്ത്യ ഫ്രാൻസുമായി കരാറുണ്ടാക്കി. ഫ്രാൻസിലെ ഡാസോൾട്ട് ഏവിയേഷനിൽ നിന്ന് മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനായിരുന്നു ഇന്ത്യ പദ്ധതിയിട്ടത്. 1970കളിൽ വികസിപ്പിച്ചെടുത്ത് ഈ വിമാനങ്ങൾക്ക് നിരവധി പുതുക്കലുകള്‍ക്കൊടുവിൽ ലേസർ ഗൈഡഡ് ബോംബുകൾ, ന്യൂക്ലിയൽ ക്രൂയിസ് മിസൈലുകൾ തുടങ്ങിയവയെ വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ന് പുലർച്ചെ പാകിസ്താനിൽ മിറാഷ് വിമാനങ്ങൾ ആക്രമണങ്ങൾ നടത്തിയത് ലൈസർ ഗൈഡഡ് ബോംബുകൾ വർഷിച്ചാണ്.

ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി ചേർന്നായിരുന്നു മിറാഷ് വിമാനത്തിന്റെ നിർമാണം. ഇന്ത്യയെ കാർഗിൽ യുദ്ധകാലത്ത് ഏറെ സഹായിച്ച യുദ്ധവിമാനമാണിത്. ഇപ്പോഴും ഈ വിമാനം ഇന്ത്യൻ എയർഫോഴ്സിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു ആയുധം തന്നെയാണ്. എന്നാൽ റാഫേൽ വിമാനക്കരാറുമായി ബന്ധപ്പെട്ടുയർന്നു വന്ന വിവാദങ്ങൾക്കിടയിൽ മിറാഷ് 2000 വിമാനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ സർക്കാരിനകത്തു നിന്നു തന്നെ ശ്രമമുണ്ടായി. അമ്പതോളം വിമാനങ്ങൾ ഇപ്പോഴും സൈന്യത്തിന്റെ സജീവ ഉപയോഗത്തിലുണ്ട് എന്നിരിക്കെയാണ് സൈന്യത്തിന് ഈ വിമാനത്തിന്റെ ഉപയോഗം സംബന്ധിച്ചുള്ള ആത്മവിശ്വാസത്തെ തന്നെ തകർക്കാൻ ശേഷിയുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

മിറാഷ് 2000 വിമാനങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാണ് എന്ന സൂചന നല്‍കുന്ന പ്രസ്താവന ഇന്ത്യയുടെ 24ാം പട്ടാളത്തലവനായിരുന്ന, ഇപ്പോൾ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായ വികെ സിങ്ങിൽ നിന്നാണ് വന്നത്. “എച്ച്എഎലിന്റെ അവസ്ഥ നോക്കൂ. നമ്മുടെ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. എച്ച്എഎലിന്റെ പരിപാടികളെല്ലാം ഏറെ സമയം പിന്നിൽ സഞ്ചരിക്കുകയാണ്. റൺവേയിൽ വിമാനത്തിന്റെ ഘടകഭാഗങ്ങൾ വീണുപോകുന്നു. ഇതാണ് ഒരു യുദ്ധവിമാനത്തിന്റെ ശേഷി? ഇതെല്ലാമിരിക്കെയാണ് എച്ച്എഎലിന് റാഫേൽ ഉടമ്പടിയിൽ ഇടംകിട്ടിയില്ലെന്ന് നമ്മൾ പരാതിപ്പെടുന്നത്” -സിങ് പറഞ്ഞു. എച്ച്എഎലിന് നിർമാണ പങ്കാളിത്തമുള്ള മിറാഷ് വിമാനത്തെക്കുറിച്ചാണ് സിങ് പരാതിപ്പെട്ടത്. റാഫേൽ കരാറിന്റെ അനുബന്ധ കരാറുകൾ അനിൽ അംബാനിയുടെ കമ്പനിക്ക് നൽകിയത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിരോധിക്കുവാനാണ് സിങ് ഈ പ്രസ്താവന നടത്തിയത്.

രാജ്യത്തിന്റെ അഭിമാനമായി മാറിയ സ്ഥാപനങ്ങളെ തകർക്കാർ നിലവിലെ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വികെ സിങ്ങിന്റെ ഈ ആരോപണം വന്നത്. പ്രത്യക്ഷമായി എച്ച്എഎൽ എന്ന മഹത്തായ സ്ഥാപനത്തെയും പരോക്ഷമായി ഇന്ത്യൻ ആർമിയുടെ ശേഷികളെയും ആക്രമിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എച്ച്എഎൽ എന്ന സ്ഥാപനത്തിന് ഡാസ്സോൾട്ടിനെ തങ്ങളുടെ പ്രകടനശേഷി കൊണ്ട് തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരിക്കില്ലെന്ന് വികെ സിങ് ആരോപിക്കുകയുണ്ടായി. ഫ്രാൻസാണ് അനുബന്ധ കരാർ ആർക്ക് നൽകണമെന്ന് തീരുമാനിച്ചതെന്നും അവരെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്നത് എച്ച്എഎലിന്റെ പരാജയമായിരുന്നെന്നായിരുന്നു വികെ സിങ്ങിന്റെ വാക്കുകളിലെ സൂചന.

ശേഷിയുള്ള വിമാനങ്ങൾ നിർമിക്കാൻ എച്ച്എഎലിന് കഴിയില്ലെന്ന സിങ്ങിന്റെ പ്രസ്താവന വന്ന് പന്ത്രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പാകിസ്താനെതിരെ ശക്തമായ ആക്രമണം ഇന്ത്യ നടത്തിയത്. ഉപയോഗിച്ചത് 12 മിറാഷ് 2000 വിമാനങ്ങളാണ് നിയന്ത്രണരേഖ കടന്ന് പാകിസ്താനിലേക്കെത്തിയത്. ബാൽകോട്ട് മേഖലയില്‍ ഭീകരർ കേന്ദ്രീകരിച്ചിട്ടുള്ള നിരവധി ക്യാമ്പുകളിൽ മിന്നലാക്രമണം നടത്തി ഈ വിമാനങ്ങൾ തിരിച്ചെത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് രാജ്യത്തെ ഔദ്യോഗികമായി അറിയിച്ചത്.

ഇവിടെ വിദേശകാര്യസഹമന്ത്രി വികെ സിങ്ങിന്റെ പ്രസ്താവന ചോദ്യം ചെയ്യപ്പെടുകയാണ്. അതിവേഗതയിൽ ശത്രുരാജ്യത്തേക്ക് കടന്നുകയറി ആക്രമണം നടത്തി തിരിച്ചെത്താൻ ഈ വിമാനങ്ങൾക്കുള്ള ശേഷിയാണ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്. റാഫേല്‍ കുംഭകോണത്തിൽ രാഷ്ട്രീയമായതും അല്ലാത്തതുമായ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലേക്കാണ് മിറാഷ് യുദ്ധവിമാനങ്ങളുടെയും എച്ച്എഎലിന്റെയും ശേഷിയെ ചോദ്യം ചെയ്യുന്ന പ്രസ്താവന സിങ് ഇറക്കിവെച്ചത്. ഒരു മുൻ പട്ടാളമേധാവിക്ക് ഒട്ടും ഭൂഷണമല്ലാത്ത വകതിരിവില്ലായ്മയായിരുന്നു ഈ പ്രസ്താവനയെന്നതിൽ രണ്ടാമതൊരു വാദത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നതായിരുന്നു വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന. പട്ടാളത്തിന്റെ ശേഷിയെക്കൂടി പരോക്ഷമായി ചോദ്യം ചെയ്യുക വഴി അദ്ദേഹം സൈന്യത്തിന്റെ ആത്മവിശ്വാസത്തെക്കൂടി ലക്ഷ്യം വെച്ചതായി ആരോപണമുയരുന്നുണ്ട്. എന്തായാലും വികെ സിങ്ങിനെപ്പോലെ ചിന്തിക്കുന്നവർക്കെതിരെയുള്ള ഒരു മിന്നലാക്രമണം കൂടിയാണ് ഇന്ന് പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയതെന്ന് പറയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍