UPDATES

പ്രതിച്ഛായാ നഷ്ടത്തിനിടയിലും പാര്‍ട്ടി ഐക്യം തിരിച്ചുപിടിച്ച് ആംആദ്മി പാര്‍ട്ടി

കെജ്രിവാള്‍ പലപ്പോഴും സ്വേച്ഛാധിപത്യപരമായി പെരുമാറിയിട്ടുണ്ടാകാം. എന്നാല്‍ അഴിമതി കാണിക്കില്ലെന്നാണ് പല പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്.

അരവിന്ദ് കെജ്രിവാള്‍ രണ്ട് കോടി രൂപ വാങ്ങിയതായുള്ള മുന്‍ മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തോടെ ആം ആദ്മി പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കെതിരായ കടന്നാക്രമണത്തിന്റെ സാഹചര്യത്തില്‍ കെജ്രിവാളിന്റേയും കുമാര്‍ വിശ്വാസിന്റേയും പിന്നില്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്ന എഎപി പ്രവര്‍ത്തകര്‍ ഏറെക്കുറെ ഒരുമിച്ച് വരുന്നതായാണ് സൂചന. കുമാര്‍ വിശ്വാസിനൊപ്പം നിന്നിരുന്ന മിശ്രയെ വിശ്വാസാണോ അതോ ബിജെപി അടക്കമുള്ള എതിര്‍ പാര്‍ട്ടികളാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യമാണ് എഎപി നേതാക്കള്‍ക്കുള്ളത്. അതേസമയം കെജ്രിവാള്‍ കോഴ വാങ്ങിയതായി കടുത്ത എതിരാളികളും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് സ്വരാജ് അഭിയാന്‍ രൂപീകരിച്ചവരുമായ പ്രശാന്ത് ഭൂഷണോ യോഗേന്ദ്ര യാദവോ പോലും കരുതുന്നില്ല.

കെജ്രിവാള്‍ പലപ്പോഴും സ്വേച്ഛാധിപത്യപരമായി പെരുമാറിയിട്ടുണ്ടാകാം. എന്നാല്‍ അഴിമതി കാണിക്കില്ലെന്നാണ് പല പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്. കെജ്രിവാള്‍ അധികാരത്തോട് അമിതമായ ആഗ്രഹമുള്ളയാളെന്നും തന്‍പ്രമാണിത്തവും ഏകാധിപത്യ മനോഭാവവും ഉള്ളയാളാണെന്നുമുള്ള ആരോപണങ്ങളോട് ഞാന്‍ യോജിച്ചേക്കും. എന്നാല്‍ അഴിമതി ആരോപണം സംബന്ധിച്ച് കൃത്യമായ തെളിവ് തന്നെ വേണം – ഇതായിരുന്നു യോഗേന്ദ്ര യാദവിന്റെ ട്വീറ്റ്. കെജ്രിവാളിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുന്നത് അപക്വമാണ്. എന്നാല്‍ മിശ്ര ഉന്നയിച്ച ഗുരുതരമായ ആരോപണം അന്വേഷിക്കപ്പെടണം. എന്നാല്‍ മോദിയുടെ 65 കോടിയെപ്പറ്റി എന്ത് പറയുന്നു? അതേക്കുറിച്ച് അന്വേഷണമൊന്നുമില്ലേ? പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. എഎപി എത്ര വലിയ അവസരമാണ് കളഞ്ഞുകുളിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

അധികാരം നേടുമെന്ന് അവകാശപ്പെട്ടിരുന്ന പഞ്ചാബിലും ഗോവയിലും അതിന് കഴിയാതെ വന്നതിന് ശേഷം ആഭ്യന്തര കലഹങ്ങളില്‍ പെട്ട് ഉഴലുകയാണ് ആം ആദ്മി പാര്‍ട്ടി. ഈ പുതിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ നേതൃത്വത്തിനെതിരെ കുമാര്‍ വിശ്വാസ് വിഭാഗം കലാപക്കൊടി ഉയര്‍ത്തിയത്. സോംനാഥ് ഭാരതിയേയും അല്‍ക്ക ലാംബയേയും പോലുള്ള നേതാക്കള്‍ കുമാര്‍ വിശ്വാസിനൊപ്പം പരസ്യമായി പക്ഷം ചേര്‍ന്നു. വിശ്വാസിന് രാജസ്ഥാന്റെ ചുമതല നല്‍കിയാണ് കെജ്രിവാള്‍ തല്‍ക്കാലത്തേയ്ക്ക് പ്രശ്‌നം വഴി തിരിച്ച് വിട്ടത്. ഏതായാലും കപില്‍ മിശ്ര, കേജ്രിവാളിനെതിരെ അഴിച്ച് വിട്ട ആക്രമണം പൊതുസമൂഹത്തില്‍ എഎപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് പോറലേല്‍പ്പിച്ചെങ്കിലും ഇടഞ്ഞുനിന്നിരുന്ന പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ ഏറെക്കുറെ ഒരുമിപ്പിക്കാന്‍ പുതിയ പ്രതിസന്ധിക്ക് കഴിയുന്നുണ്ട്. മിശ്രയ്ക്ക് ഒരു എംഎല്‍എയുടേയും നേതാവിന്റേയും പിന്തുണയില്ല. പ്രവര്‍ത്തകരും ഇതിനെ ആം ആദ്മി പാര്‍ട്ടി എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായി കണ്ട് കെജ്രിവാളിന് പിന്തുണ നല്‍കുകയാണ്. നേതൃത്വത്തെ വിമര്‍ശിച്ചിരുന്നവരടക്കം ഈ നിലപാടിലേയ്ക്ക് മാറിയിരിക്കുന്നു.

കെജ്രിവാള്‍ ഇന്ത്യയില്‍ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ ഒരേയൊരു പ്രതീക്ഷയാണെന്നാണ് ദ്വാരക എംഎല്‍എ ആദര്‍ശ് ശാസ്ത്രി പറഞ്ഞത്. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും ഞങ്ങളെ ഭയപ്പെടുത്താനാവില്ലെന്നും ആദര്‍ശ് ശാസ്ത്രി പറഞ്ഞു. കുമാര്‍ വിശ്വാസിനൊപ്പം ഉറച്ച് നിന്നിരുന്ന നേതാവാണ് ശാസ്ത്രി. സോംനാഥ് ഭാരതിയും അല്‍ക്ക ലാംബയുമെല്ലാം നിലപാട് മാറ്റി കെജ്രിവാളിന് പിന്തുണയുമായി എത്തിയിരിക്കുന്നു. മോദി ഒരു ഐഎസ്‌ഐ ഏജന്റാണെന്ന് കപില്‍ മിശ്ര നേരത്തെ ആരോപിച്ചിരുന്നല്ലോ. അതിനെ പറ്റിയും അന്വേഷിക്കട്ടെ എന്ന് സോംനാഥ് ഭാരതി ട്വീറ്റ് ചെയ്തു. കുമാര്‍ വിശ്വാസും ഇതേ വികാരം തന്നെയാണ് പങ്കുവച്ചത്. അരവിന്ദിന്റെ ഏറ്റവും കടുത്ത എതിരാളികള്‍ പോലും വിശ്വസിക്കാന്‍ പോകുന്നില്ല, അദ്ദേഹം കോഴ വാങ്ങി എന്ന് പറഞ്ഞാല്‍. എനിക്ക് അദ്ദേഹത്തെ 12 വര്‍ഷമായി അറിയാം. ഞാനിത് വിശ്വസിക്കുന്നില്ല – കുമാര്‍ വിശ്വാസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍