UPDATES

ട്രെന്‍ഡിങ്ങ്

ചാക്കിട്ട് പിടിച്ചവരെ തൂത്തെറിഞ്ഞു: ബവാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം

ഈ വിജയം കേജ്രിവാളിനും എഎപിക്കും ആത്മവിശ്വാസം പകരും.

ഡല്‍ഹിയിലെ ബവാന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ജയം. മികച്ച ഭൂരിപക്ഷത്തോടെ എഎപി സീറ്റ് നിലനിര്‍ത്തി. ഇതില്‍ ഇത്ര കാര്യമെന്തിരിക്കുന്നു എന്ന് പെട്ടെന്ന് തോന്നാം. എന്നാല്‍ കാര്യമുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്ന വേദ് പ്രകാശ് രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടത്. എഎപി വിട്ട വേദ് പ്രകാശ് ബിജെപിയില്‍ ചേരുകയായിരുന്നു.

ഏപ്രിലില്‍ നടന്ന രജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ എഎപിയില്‍ നിന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എഎപി ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുയായിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയിരുന്നു. ഇങ്ങനെയിരിക്കെയാണ് ചാക്കിട്ട് പിടുത്തത്തിന് ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയിരിക്കുന്നത്. 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാം ചന്ദര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ വേദ് പ്രകാശിനെ പരാജയപ്പെടുത്തിയത്. രാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 31,919 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്ത് തുടര്‍ന്ന ബിജെപി അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയത്.

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തര്‍പ്രദേശിലും ബിജെപിയാണ് അധികാരത്തില്‍. ഉത്തര്‍പ്രദേശിലെ വന്‍വിജയത്തിന്റെ ലഹരിയില്‍ നില്‍ക്കുകയും പ്രതിപക്ഷം പൊതുവെ ദുര്‍ബലമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എഎപിയുടെ ഈ വിജയം എന്നതിന് പ്രസക്തിയുണ്ട്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ബിജെപിയേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും വെല്ലുവിളിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ റാലി അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും ഏറ്റവും വലിയ വിമര്‍ശകരിലൊരാളും ബിജെപി വിരുദ്ധ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയുമായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കുറച്ചുകാലമായി നിശബ്ദനാണ്. ഈ വിജയം കേജ്രിവാളിനും എഎപിക്കും ആത്മവിശ്വാസം പകരും. ബിജെപിയുടെ ശക്തയായ മറ്റൊരു വിമര്‍ശകയും പ്രതിപക്ഷ ഐക്യത്തിന്റെ പ്രബല വക്താവുമായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെങ്കില്‍ ഇടയ്ക്ക് മോദിയോട് മൃദു സമീപനം സ്വീകരിക്കുന്ന നിലയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും മായാവതിയുടെ ബി എസ് പിയും വിട്ടുനിന്ന പ്രതിപക്ഷ റാലിയില്‍ അവര്‍ പങ്കെടുത്തു.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബിജെപി പിടിമുറുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ അങ്ങനെ, ഭൂരിപക്ഷം കിട്ടാഞ്ഞിട്ടു പോലും ഉപജാപങ്ങളിലൂടെ പിന്തുണ നേടാന്‍ കഴിയുന്ന ഇടങ്ങളില്‍ ആ തരത്തില്‍, ചാക്കിട്ട് പിടിച്ചും ഭൂരിപക്ഷം ഇല്ലാതാക്കിയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയും അധികാരം നേടാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ ആ രീതിയിലും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപി അത്ര വലിയ തോതിലാണ് നേതാക്കളെ വലിച്ചെടുത്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ഏറെ പരിമിതികളോടെയും ദൗര്‍ബല്യങ്ങളോടെയും കോണ്‍ഗ്രസ് നില്‍ക്കുന്നു. ഇതിനിടയിലാണ് ഡല്‍ഹിയിലെ എഎപിയുടെ ജയം പ്രസക്തമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍