UPDATES

2019ല്‍ തൂക്ക് സഭ, ബിജെപിക്ക് തിരിച്ചടി, കേരളത്തില്‍ എല്‍ഡിഎഫിന് നാല് സീറ്റ് മാത്രമെന്ന് എബിപി – സീ വോട്ടര്‍ സര്‍വേ

കേവലഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റ് നേടാന്‍ ഒരു മുന്നണിക്കും കഴിയില്ല.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന് അഭിപ്രായ സര്‍വേകള്‍. രാജ്യത്ത് ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്ക് പാര്‍ലമെന്റ് ആയിരിക്കും നിലവില്‍ വരുകയെന്ന് എബിപി സീ വോട്ടര്‍ സര്‍വേയും ഇന്ത്യ ടുഡേ – കാര്‍വി സര്‍വേയും പ്രവചിക്കുന്നു. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റ് നേടാന്‍ ഒരു മുന്നണിക്കും കഴിയില്ല. ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റ കക്ഷി. കോണ്‍ഗ്രസും യുപിഎയും നില മെച്ചപ്പെടുത്തുമെന്നും സര്‍വേകള്‍ പറയുന്നു. കേരളത്തില്‍ എല്‍ഡിഎഫ് നാല് സീറ്റില്‍ ഒതുങ്ങുമെന്നും യുഡിഎഫ് 16 സീറ്റ് നേടുമെന്നും ബിജെപി ഇത്തവണയും സീറ്റൊന്നുമില്ലാതെ നിരാശരാകേണ്ടി വരുമെന്നും സര്‍വേകള്‍ പറയുന്നു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 233 മുതല്‍ 237 വരെ സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 160 മുതല്‍ 167 വരെ സീറ്റുകളുമാണ് സര്‍വകള്‍ പ്രവചിക്കുന്നത്. മറ്റ് കക്ഷികള്‍ 140 സീറ്റുകള്‍ വരെ നേടി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കും.

ബംഗാളില്‍ സിപിഎം വൻ പരാജയം നേരിടുമെന്ന് എബിപി- സീ വോട്ടര്‍ സര്‍വ്വേ. സംസ്ഥാനത്ത് ഒരു സീറ്റുപോലും സിപിഎമ്മിന് നേടാനാവില്ലെന്നാണ് സർവേ ചൂണ്ടിക്കട്ടുന്നത്. 42 ൽ 34ഉം തൃണമൂൽ കോൺഗ്രസ് നേടുമ്പോൾ ബിജെപി 7 സീറ്റ് കോൺഗ്രസ് ഒരു സീറ്റിലും വിജയിക്കുമെന്നും സർവേ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ തിരിച്ചടി നേരിടുമെന്ന് എബിപി- സീ വോട്ടര്‍ സര്‍വ്വേ പറയുന്നു. 2014ൽ 80 ൽ 73 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെ മുന്നേറിയ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 25 സീറ്റിൽ ഒതുങ്ങുമെന്നാന്നും സര്‍വ്വേ വിശദമാക്കുന്നു. സംഖ്യം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റു നേടുമെന്നും സർവേ പറയുന്നു.

യുപിയിലെ ഫലം ബിജെപിക്ക് തിരിച്ചടി പ്രവചിക്കുമ്പോൾ ബീഹാറില്‍ എന്‍ഡിഎ തരംഗം ഉണ്ടാവുമെന്നാണ് സര്‍വേ പറയുന്നത്. മോദി- നീതീഷ് സഖ്യം 35 സീറ്റുകള്‍ സ്വന്തമാക്കുമ്പോൾ യുപിഎ അഞ്ച് സീറ്റുകളിൽ ഒതുങ്ങും. ലാലു പ്രസാദിന്റെ ആര്‍ജെഡി 4 സീറ്റുകൾ സ്വന്തമാക്കുമ്പോൾ കോൺഗ്രസ് 1 സീറ്റില്‍ മാത്രമായിരിക്കും വിജയിക്കുക.

ബിഎസ്.പി, എസ്.പി സഖ്യവുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയാൽ ഉത്തര്‍ പ്രദേശില്‍ ബി ജെ പി അഞ്ച് സീറ്റിലേക്ക് ചുരുങ്ങുമെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ ഫലം പുറത്തുവന്നതിന് പിറകെയാണ് പുതിയ കണക്കുൾ ബിജെപിക്ക് തിരിച്ചടി പ്രവചിക്കുന്നത്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്നുള്ള സംഖ്യം 43.3 ശതമാനം വോട്ട് ഷെയര്‍ നേടിയായിരുന്നു 73 സീറ്റുകൾ സ്വന്തമാക്കിയത്.

എന്നാല്‍, പഞ്ചാബിൽ കോൺഗ്രസ് 12 സീറ്റുകൾ നേടുമ്പോൾ 1 സീറ്റ് മാത്രമായിരിക്കും ബിജെപി അക്കൗണ്ടിൽ ഉണ്ടാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍