UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർ‌ണാടകത്തിൽ വീണ്ടും എംഎൽഎമാരുടെ ഒളിച്ചുകളി; എട്ട് ഭരണപക്ഷ എംഎൽഎമാര്‍ വിപ്പ് ലംഘിച്ച് സഭയിലെത്തിയില്ല

ഫെബ്രുവരി 6ന്റെ ബജറ്റ് സെഷനിൽ പങ്കെടുക്കണമെന്ന പാർട്ടി വിപ്പുകൾ ലംഘിച്ച് എട്ട് ഭരണപക്ഷ എംഎൽഎമാർ സഭയില്‍ നിന്നും മാറി നിൽക്കുന്നതായി റിപ്പോർട്ട്. ഇന്നും ഇവർ സഭയിൽ ഹാജരായില്ല. ബജറ്റ് സെഷനിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ്സും ജെഡിഎസ്സും തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നതാണ്. എന്നാൽ കോൺഗ്രസ്സിന്റെ ഏഴ് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും സഭയിലെത്തുകയുണ്ടായില്ല. ബിജെപിയിൽ നിന്നും കോൺഗ്രസ്സിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്നുവെന്ന് അഭ്യാഹമുള്ള മൂന്ന് പ്രതിപക്ഷ എംഎൽഎമാരും സഭയിലെത്തുകയുണ്ടായില്ല. ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭാനടപടികൾ അലങ്കോലമാക്കി. ഇനിയും സഭയിൽ വരാതിരുന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് കോൺഗ്രസ്സ് താക്കീത് നൽകിയിട്ടുണ്ട്.

സഭയിൽ നിന്നും വിട്ടുനിൽക്കുന് കോൺഗ്രസ്സ് എംഎൽഎമാരിൽ നാലുപേരെ നേരത്തെയും കാണാതായിരുന്നു. ഇവരെ മുംബൈയിലെ ഒരു റിസോർട്ടിൽ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇവർ പിന്നീട് തിരിച്ചെത്തുകയും കാണാതായതിന് മറ്റുചില കാരണങ്ങൾ പറയുകയുമുണ്ടായി. കഴിഞ്ഞ രണ്ടുമാസത്തോളമായി സംസ്ഥാന സർക്കാർ ഇത്തരം പ്രശ്നങ്ങളിൽ പെട്ടുഴലുകയാണ്. എംഎൽഎമാർക്ക് മന്ത്രിപദമാണ് ആവശ്യം. എല്ലാവരെയും മന്ത്രിമാരാക്കാൻ പറ്റില്ല എന്നതാണ് ഭരണപക്ഷം നേരിടുന്ന പ്രതിസന്ധി. ഇതിനിടയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ നടത്തുന്ന പാളയത്തിൽപ്പടയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

സർക്കാരിനെ താഴെയിറക്കാൻ വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’ പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നാരോപിച്ച് കോൺഗ്രസ്സ് രംഗത്തു വന്നിരുന്നു. ഈ ഓപ്പറേഷൻ ഇപ്പോഴും സജീവമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍