UPDATES

ഇന്ത്യ

സര്‍വകലാശാലകളില്‍ കാവിക്കൊടി കീറുന്നു, രാജ്യത്തുടനീളം എബിവിപിക്ക് തുടര്‍ച്ചയായ തിരിച്ചടി

സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വര്‍ഗീയ ധ്രുവീകരണ അജണ്ടകളുമായി സംഘപരിവാര്‍ പിടിമുറുക്കുന്നതിനിടയില്‍ അതിനെതിരായ എല്ലാ തരത്തിലുള്ള പ്രതിരോധങ്ങളും വിജയങ്ങളും എതിരാളികളെ സംബന്ധിച്ച് പ്രസക്തമാണ്.

രാജ്യത്തെ അറിയപ്പെടുന്ന മൂന്ന് കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എബിവിപിക്ക് തുടര്‍ച്ചയായ തിരിച്ചടിയേറ്റിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഒന്നിന് പിറകെ ഒന്നായി എബിവിപി പരാജയമറിഞ്ഞത്. ഇതില്‍ ഡല്‍ഹി സര്‍വകലാശാല യൂണിയനില്‍ മാത്രമാണ് എബിവിപിക്ക് നേരത്തെ മേധാവിത്തമുണ്ടായിരുന്നതെങ്കിലും. എന്നാല്‍ ഈ മൂന്ന് സര്‍വകലാശാലയുടെ മാത്രം കാര്യം വച്ച് എബിവിപിയുടെ പരാജയം ചെറുതായി കാണാന്‍ കഴിയില്ല. കാരണം പരമ്പരാഗതമായി എബിവിപിയുടെ ശക്തികേന്ദ്രങ്ങളായിരുന്നവയും യൂണിയന്‍ ഭരണം നിയന്ത്രിച്ചിരുന്നതുമായ ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ പലതും അവരെ കൈവിടുകയാണ്. എബിവിപി നിയന്ത്രിച്ചിരുന്ന അവരുടെ ശക്തികേന്ദ്രങ്ങള്‍ – പഞ്ചാബ്, രാജസ്ഥാന്‍, ഉദയ്പൂര്‍ സര്‍വകലാശാലകളില്‍ യൂണിയന്‍ എബിവിപിക്ക് നഷ്ടമായി.

രോഹിത് വെമൂലയുടെ രക്തസാക്ഷിത്വം കൊണ്ട് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് തിരികൊളുത്തിയ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപിയെ അപ്രസക്തമാക്കികൊണ്ടാണ് എസ്എഫ്‌ഐയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയനും ചേര്‍ന്ന അലൈന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വന്‍ വിജയം നേടിയത്. ഇടത്-ദളിത്-മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളടെ ഐക്യത്തിലാണ് എഎസ്‌ജെ രൂപപ്പെട്ടത്. ചുവപ്പ് കോട്ടയായ ജെഎന്‍യുവില്‍ ഒറ്റയ്ക്ക് നിന്നാല്‍ എല്ലാ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടേയും നില പരുങ്ങലിലാണെന്ന യാഥാര്‍ത്ഥ്യമുണ്ട്. ഇതാണ് എഐഎസ്എഫിന് നേരിട്ട തിരിച്ചടി അവിടെ വ്യക്തമാക്കിയത്. എന്നാല്‍ എസ്എഫ്‌ഐയും ഐസയും എസ്എഫ്‌ഐ വിമതര്‍ രൂപീകരിച്ച സംഘടനയായ ഡിഎസ്എഫും ചേര്‍ന്നപ്പോള്‍ പൊതുശത്രുവായ എബിവിപിയെ തോല്‍പ്പിച്ചു. ജെഎന്‍യുവിലെ ഏറ്റവും ശക്തമായ ദളിത് സംഘടനയായ ബാപ്‌സ (ബിര്‍സ-അംബേദകര്‍-ഫൂലെ-സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) ഒറ്റയ്ക്ക് നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബാപ്‌സയും എഐഎസ്എഫും ചേര്‍ന്ന് വിശാല ഐക്യം രൂപപ്പെടുത്തിയിരുന്നെങ്കില്‍ എബിവിപിയുടെ നില ഒന്നുകൂടി പരുങ്ങലിലായിരുന്നു.

ഇടതുപക്ഷ, ദളിത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത ഡല്‍ഹി സര്‍വകലാശാലയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ പിടിച്ചെടുത്ത് എന്‍ എസ് യു ഐ ശക്തമായ തിരിച്ചുവരവ് നടത്തുകയും എബിവിപിക്ക് കനത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ എബിവിപിക്ക് കിട്ടിയ രണ്ട് ജനറല്‍ സീറ്റുകളില്‍ ഒന്നിന്റെ ഫലം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ് എന്‍ എസ് യു ഐ. രാജ്യത്ത് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്ന യൂണിയന്‍ തിരഞ്ഞെടുപ്പാത്. പഞ്ചാബ്, രാജസ്ഥാന്‍, ഉദയ്പൂര്‍ സര്‍വകലാശാലകളില്‍ എബിവിപിക്ക് തിരിച്ചടി നല്‍കി എന്‍ എസ് യു ഐ യൂണിയന്‍ പിടിച്ചു. എബിവിപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു രാജസ്ഥാന്‍ സര്‍വകലാശാല. സര്‍വകലാശാലകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും എന്ന് ഉറപ്പിക്കാനൊന്നും ആയിട്ടില്ലെങ്കിലും പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ എബിവിപിക്ക് കാലിടറുന്നത് വ്യക്തമായ സൂചനയായി തന്നെ വേണമെങ്കില്‍ കാണാം.

എല്ലാ വിദ്യാര്‍ഥി സംഘടനകളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, സമുദായ, വര്‍ഗീയ സംഘടനകളുടെയോ ഒക്കെ പോഷക സംഘടനകള്‍ ആണെങ്കിലും മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാര്‍ എന്നതിനപ്പുറത്തേക്ക് സ്വന്തമായ അസ്ഥിത്വമോ വേറിട്ട അഭിപ്രായങ്ങളോ ആ സംഘടനക്കില്ല. എബിവിപിയുടെ പരാജയം ആര്‍എസ്എസിന്റെ പരാജയം തന്നെയാണ്. ജെഎന്‍യു ഇതാ ഞങ്ങള്‍ പിടിച്ചെടുക്കാന്‍ പോകുന്നു എന്ന പ്രചാരണവുമായി എബിവിപി ഇറങ്ങിയിട്ട് കുറേ നാളായി. അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും സീ ന്യൂസിന്റെ വ്യാജ വീഡിയോയും കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുള്ളവരുടെ അറസ്റ്റുമെല്ലാം ആസൂത്രണം ചെയ്തു. ക്യാമ്പസില്‍ പരമാവധി ധ്രുവീകരണമുണ്ടാക്കിയിട്ടും എബിവിപിയെ തടഞ്ഞുനിര്‍ത്താന്‍ ഇടതുവിദ്യാര്‍ത്ഥി സഖ്യത്തിന് കഴിഞ്ഞു.
പരസ്പരം ശത്രുത പുലര്‍ത്തിയിരുന്ന എസ്എഫ്‌ഐയും ഐസയും സഖ്യമുണ്ടാക്കിയാണ് തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും യൂണിയന്‍ പിടിച്ചത്. എച്ച്‌സിയുവില്‍ എസ്എഫ്‌ഐയും ടിഎസ്എഫും ചേര്‍ന്ന സഖ്യമാണ് കഴിഞ്ഞ തവണ യൂണിയന്‍ ഭരണം നേടിയത്. ഇത്തവണ എഎസ്എ, ഡി എസ് യു (ദളിത്‌ സ്റ്റുഡന്റ്സ് യൂണിയന്‍) എന്നീ ദളിത്‌ സംഘടനകളും ടി എസ് എഫ് (ട്രൈബല്‍ സ്റ്റുഡന്റ്സ് ഫോറം) എന്ന ആദിവാസി സംഘടനയും മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളായ എം എസ് എഫും എസ് ഐ ഒയും പ്രാദേശിക വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐക്കൊപ്പം ഉണ്ടായിരുന്നു എന്ന പ്രത്യേകതയുണ്ട്. ആറ് ജനറല്‍ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മൂന്ന് ദളിതരും രണ്ട് മുസ്ലീങ്ങളും ഒരു ആദിവാസിയുമാണ്.

രോഹിത് വെമുലയുടെ മരണം, ഇടതുപക്ഷ വിദ്യാര്‍ഥികള്‍ക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍, രാജ്യത്തുടനീളം രൂപപ്പെട്ട ശക്തമായ എച്ച്‌സിയു, ജെഎന്‍യു ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങള്‍ എന്നിവയിലൂടെയാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. വൈസ് ചാന്‍സലര്‍ അടക്കമുള്ള സര്‍വകലാശാല അധികൃതര്‍, പൊലീസ് തുടങ്ങിയവയുടെയെല്ലാം എതിര്‍പ്പിനെ നേരിട്ടുകൊണ്ടാണ് എബിവിപി വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ സര്‍വകലാശാലകളിലെ നിയന്ത്രണം നിലനിര്‍ത്തിയത്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരുടെ പിന്തുണയോടെ എബിവിപി നടത്തിയ വ്യാജ പ്രചാരണങ്ങളാണ് ഈ സര്‍വകലാശാലകളില്‍ പൊളിഞ്ഞുവീണത്. പഞ്ചാബ് സര്‍വകലാശാലയില്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എന്‍ എസ് യു ഐ യൂണിയന്‍ നേതൃത്വം പിടിക്കുന്നത്. നാലില്‍ മൂന്ന് ജനറല്‍ സീറ്റുകളും എന്‍ എസ് യു ഐ നേടിയപ്പോള്‍ എബിവിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മാത്രം ജയിച്ചു. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനം മാത്രം എബിവിപിക്ക് കിട്ടി. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം മുഴുവന്‍ സീറ്റുകളും തൂത്ത് വാരിയാണ് എന്‍ എസ് യു ഐ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഉദയ്പൂര്‍ സര്‍വകലാശാലയില്‍ നേരത്തെയുണ്ടായിരുന്ന രണ്ട് ജനറല്‍ സീറ്റുകള്‍ എബിവിപിയില്‍ നിന്ന് എന്‍ എസ് യു ഐ പിടിച്ചെടുത്തു. ഗുവാഹത്തി സര്‍വകലാശാലയിലും അവര്‍ വന്‍ പരാജയം ഏറ്റുവാങ്ങി.

എബിവിപിയുടെ ദേശീയ സമ്മേളനം നടന്ന ഡെറാഡൂണ്‍ എംകെപി കോളേജിലും അവര്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി.
ഇടത് കോട്ടകള്‍ പിടിച്ചെടുത്ത് കാവിക്കൊടി നാട്ടും എന്ന് അവകാശപ്പെട്ടിരുന്ന എബിവിപിക്ക് സ്വന്തം കോട്ടകള്‍ തന്നെ നഷ്ടമാകുന്ന കാഴ്ചയാണ് കാണുന്നത്. സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വര്‍ഗീയ ധ്രുവീകരണ അജണ്ടകളുമായി സംഘപരിവാര്‍ പിടിമുറുക്കുന്നതിനിടയില്‍ അതിനെതിരായ എല്ലാ തരത്തിലുള്ള പ്രതിരോധങ്ങളും വിജയങ്ങളും എതിരാളികളെ സംബന്ധിച്ച് പ്രസക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍