UPDATES

ലോയേഴ്സ് കളക്ടീവിനെതിരായ കേന്ദ്ര നീക്കം: അപലപിച്ച് അക്കാദമിക പണ്ഡിതര്‍

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 2006നും 2015നും ഇടയില്‍ 32.39 കോടി രൂപ ഇവർ വിദേശത്തു നിന്നും കൈപ്പറ്റിയത് വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം.

അമിത് ഷാ അടക്കമുള്ളവർക്കെതിരായ കേസ്സുകളിൽ ഹാജരാകുന്ന അഭിഭാഷകരുടെ സംഘടനയ്ക്കെതിരായ സിബിഐയുടെ നീക്കത്തെ അപലപിച്ച് അക്കാദമിക പണ്ഡിതരും കലാകാരന്മാരും സിനിമാ നിർമാതാക്കളും ട്രേഡ് യൂണിയൻ നേതാക്കളും സംയുക്ത പ്രസ്താവനയുമായി രംഗത്ത്. തങ്ങളുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എന്നിവർക്ക് ഇവര്‍ അയച്ചിട്ടുണ്ട്.

പൊതുജനത്തെ തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാക്കുന്നതിൽ വലിയ സേവനം ചെയ്തിട്ടുള്ള സംഘടനയാണ് ലോയേഴ്സ് കളക്ടീവെന്ന് അക്കാദമികരുടെ പ്രസ്താവന ചൂണ്ടിക്കാട്ടി. 2002ലെ ഗുജറാത്ത് കൂട്ടക്കൊല അടക്കമുള്ള പ്രശ്നങ്ങളിൽ നീതിക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണിതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ക്കെതിരായ കേസുകളില്‍ ഇരകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെയാണ് സിബിഐ വിദേശഫണ്ട് സ്വീകരിച്ചതിനും ചെലവഴിച്ചതിനും കേസ്സെടുത്തിരിക്കുന്നത്. പ്രമുഖ അഭിഭാഷകരും ലോയേഴ്സ് കളക്ടീവ് എന്ന സംന്നദ്ധ സംഘടനയുടെ ഭാരവാഹികളുമായ ആനന്ദ് ഗ്രോവറിനും ഇന്ദിരാ ജയ്സിങ്ങിനുമെതിരെയും കേസ് വന്നിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 2006നും 2015നും ഇടയില്‍ 32.39 കോടി രൂപ ഇവർ വിദേശത്തു നിന്നും കൈപ്പറ്റിയത് വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുളള കടന്നുകയറ്റമാണെന്ന് ലോയേഴ്സ് കളക്ടീവ് പ്രസ്താവനയിറക്കിയിരുന്നു.

ലോയേഴ്സ് കളക്ടീവിന് പിന്തുണ നൽകി കഴിഞ്ഞദിവസം ഓൾ ഇന്ത്യ ഡ്രഗ്‌സ് ആക്‌ഷൻ നെറ്റ് വർക്ക് (ഐഡാൻ) രംഗത്തു വന്നിരുന്നു. രാജ്യത്തെ സാധാരണക്കാരന്റെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ് ലോയേഴ്സ് കളക്ടീവെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ പൊതുജനാരോഗ്യ പ്രവർത്തനരംഗത്ത് ചരിത്രപ്രാധാന്യമുള്ള പല നീക്കങ്ങളും ലോയേഴ്സ് കളക്ടീവ് നടത്തിയതായി സംഘടന വ്യക്തമാക്കി. നൊവാരിറ്റിസ് കമ്പനിയുടെ ഇമാറ്റിനിബ് എന്ന കാൻസർ മരുന്നിന്റെ കാര്യത്തിലെ ഇടപെടൽ പാവപ്പെട്ട ഒട്ടനവധി പേർക്ക് ഗുണം ചെയ്ത കാര്യവും അവർ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍