UPDATES

ഡോക്ടർമാരുടെ എല്ലാ ആവശ്യവും അംഗീകരിച്ചെന്ന് മമത; കടുത്ത ശിക്ഷാ നടപടികളുണ്ടാകില്ലെന്നും ഉറപ്പ്

ആറ് ദിവസമായി പശ്ചിമബംഗാളിലെ പൊതു ആരോഗ്യമേഖല നിശ്ചലമായിരുന്നു.

പശ്ചിമബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുടെ എല്ലാ ന്യായമായ ആവശ്യങ്ങളും അംഗീകരിച്ചതായും ഉടൻ ജോലിക്ക് കയറണമെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. വൈകീട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാർക്കെതിരെ കടുത്ത നടപടികള്‍ക്ക് തങ്ങൾ മുതിരുകയില്ലെന്ന് അവർ പറഞ്ഞു.

അതെസമയം സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ മമതയ്ക്ക് എഴുതിയതായി അറിയുന്നു. സംസ്ഥാന സര്‍ക്കാർ പ്രശ്നം വഷളാക്കുകയായിരുന്നെന്നാണ് ഹർഷ് വർധന്റെ അഭിപ്രായം. മമത ഇതൊരു അഭിമാനപ്രശ്നമായി എടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ഡോക്ടർമാരെ ആക്രമിക്കുന്ന ആർക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാർക്ക് കേന്ദ്രമന്ത്രി കത്തെഴുതിയിട്ടുണ്ട്. ഡോക്ടർമാരെ സംരക്ഷിച്ചു നിർത്തുന്ന തരത്തിലുള്ള നിയമനിർമാണങ്ങൾ നടത്തുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കഫീല്‍ ഖാനെയും സൈബാല്‍ ജെനയെയും തുറങ്കിലടച്ചപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും ഐ എം എയും എവിടെയായിരുന്നു?

സംസ്ഥാന സെക്രട്ടേറിയറ്റിൽ താനുമായി ചർച്ചയ്ക്ക് വരാൻ മമതാ ബാനർജി ഡോക്ടർമാരെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം നിരസിക്കപ്പെട്ടു. പകരം, രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ച എൻആർഎസ് മെഡിക്കൽ കോളേജ് സന്ദർശിക്കാനും അവിടുത്തെ ഡോക്ടർമാരുമായി സംസാരിച്ച് പ്രശ്നം തീർക്കാനുമാണ് സമരക്കാർ ആവശ്യപ്പെട്ടത്. നേരത്തെ സമരക്കാര്‍ പുറംനാട്ടുകാരാണെന്ന് ആരോപിച്ച മമത ഇന്ന് അഞ്ചുമണിക്ക് വീണ്ടും സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇതും നിരസിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് മമത അയഞ്ഞത്.

ആറ് ദിവസമായി പശ്ചിമബംഗാളിലെ പൊതു ആരോഗ്യമേഖല നിശ്ചലമായിരുന്നു.

നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധുക്കളുമായുള്ള സംഘര്‍ഷത്തില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക് തിരിഞ്ഞത്. സമരം സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകളിലേയ്ക്കും ആറ് ജില്ലാ ആശുപത്രികളിലേയ്ക്കും വ്യാപിച്ച് ഗുരുതര പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേത് അടക്കമുള്ള ഡോക്ടര്‍മാര്‍ ബംഗാള്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മമത ബാനര്‍ജിയുടെ അനന്തരവന്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും ഗൂഢാലോചനയാണ് എന്നായിരുന്നു മമതയുടെ ആരോപണം. ഡോക്ടര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി, സമരം മമതയുടേയും തൃണമൂല്‍ സര്‍ക്കാരിന്റേയും മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി ഉണ്ടായതാണ് എന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ ഡോക്ടര്‍മാരെ ആക്രമിച്ചു എന്നാണ് ബിജെപി നേതാവ് മുകള്‍ റോയ് പറഞ്ഞത്. ജോലി ചെയ്യാത്ത ഡോക്ടര്‍മാര്‍ ഹോസ്റ്റലില്‍ നില്‍ക്കരുത്, പുറത്തുനിന്നുള്ള ഒരാളേയും കാമ്പസില്‍ പ്രവേശിപ്പിക്കരുത് എന്നും‌ തുടങ്ങിയ നിർദ്ദേശങ്ങൾ പൊലീസിന് സമരത്തെ നേരിടാൻ മമത ശ്രമം നടത്തിയിരുന്നു. സമരത്തെ ഒരു തരത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു മമത ബാനര്‍ജിയുടെ ആദ്യ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍