UPDATES

ട്രെന്‍ഡിങ്ങ്

മുസാഫർപൂരിൽ മസ്തിഷ്ക വീക്കത്തെ നേരിടാൻ ഏസി വാർഡുകളും സാങ്കേതിക സന്നാഹങ്ങളും തയ്യാർ; ഡോക്ടർമാർ മാത്രമില്ല

ഡോക്ടർമാരുള്ള പിഎച്ച്സികളിൽ തന്നെ അവരുടെ സേവനം ലഭ്യമല്ലെന്നതാണ് വസ്തുത

മുസാഫർപൂരിൽ ഈ വർഷം ഇതുവരെ 560 മസ്തിഷ്കവീക്ക (എഇഎസ്) കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവരിൽ 120ലധികം കുട്ടികൾ മരണത്തിന് കീഴടങ്ങി. ഇത് വർഷാവർഷം ആവർ‌ത്തിക്കുന്ന ഒന്നാണ്. കഴിഞ്ഞ വർഷമാണ് താരതമ്യേന കുറഞ്ഞ മരണനിരക്കുണ്ടായത്. എന്നാൽ ഇത്തവണ മരണനിരക്ക് കുത്തനെ ഉയർന്നു. എല്ലാവർഷവും ഏതാണ്ടിതേ സമയത്ത് ചൂട് നാൽപ്പത് ഡിഗ്രി കടക്കുന്ന സന്ദർഭങ്ങളിലെല്ലാം കുട്ടികളുടെ മരണം സാധാരണമായ സംഗതിയായി മാറിയിരിക്കുകയാണ്.

ചൂട്, ദാരിദ്ര്യം എന്നിവ ചേർന്നാണ് ഈ രോഗത്തിന് കാരണമായ അവസ്ഥയുണ്ടാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നത്തെ അടിയന്തിരമായി നേരിടാൻ‌ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറും കേന്ദ്ര ആരോഗ്യമന്ത്രി ഡോ, ഹർഷ വർധൻ സിങ്ങും ആശ്രയമായി കാണുന്നത്. എല്ലാ പിഎച്ച്സികളിലും എഇഎസ് വാർഡുകൾ വേണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.

ഈ വാർഡുകൾ മസ്തിഷ്കവീക്കത്തെ ചികിത്സിക്കാൻ ആവശ്യമായ എല്ലാ സന്നാഹങ്ങളോടും കൂടിയതായിരിക്കും. പൂർണമായും എയർ കണ്ടീഷൻഡ് ആയിരിക്കും ഈ വാർഡുകൾ. ഓക്സിജൻ സിലിണ്ടറുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയവയെല്ലാം ഈ വാർ‌ഡുകളിലുണ്ടായിരിക്കും. നിലവിൽ മസ്തിഷ്കവീക്കമാണെന്ന് തിരിച്ചറിഞ്ഞാലുടൻ വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പിഎച്ച്സികൾ ചെയ്യുക. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പിഎച്ച്സികളിൽ എല്ലാ സംവിധാനവും ഒരുക്കിയിരിക്കുന്നത്.

സർക്കാർ ഈ സംവിധാനങ്ങളെല്ലാം ഒരുക്കുന്നതിന്റെ ആത്മാർത്ഥത എത്രത്തോളമെന്ന് സന്ദേഹിക്കപ്പെടുന്നുണ്ട്. ഇതിനു കാരണം മറ്റൊന്നുമല്ല. രോഗബാധയുണ്ടായ മുസാഫർപൂരിലെ ആശുപത്രികളിലൊന്നിലും ഡോക്ടർമാരില്ല എന്നതാണ് സ്ഥിതിയെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡോക്ടർമാരുള്ള പിഎച്ച്സികളിൽ തന്നെ അവരുടെ സേവനം ലഭ്യമല്ലെന്നതാണ് വസ്തുത. ജനസംഖ്യാനുപാതികമായി ആവശ്യമായ ഡോക്ടർമാരുടെ സേവനങ്ങളും ഇവിടങ്ങളിൽ ലഭ്യമല്ല. ഉദാഹരണത്തിന് മുസാഫർപൂരിലെ മുഷാഹരി ബ്ലോക്കിലുള്ള ആശുപത്രിയുടെ സ്ഥിതിയെടുക്കാം. ഒരു ലക്ഷം ജനസംഖ്യയുള്ള ബ്ലോക്കാണിത്. ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിൽ സേവനം ആവശ്യമാണ്. ആശുപത്രിയില്‍ മൂന്നോ നാലോ പീഡിയാട്രീഷ്യൻമാരും ഒരു ഓർത്തോപീഡീഷ്യൻ, ഒരു സർജൻ എന്നിങ്ങനെയുള്ള സ്പെഷ്യലിസ്റ്റുകളുടെ സേവനവും ഇവിടെ ആവശ്യമുണ്ട്. എന്നാൽ ആകെ ഒരു ഒരു പീഡിയാട്രീഷ്യൻ മാത്രമാണുള്ളത്.

മഴ പെയ്തു തുടങ്ങുന്നതോടെ ബാലമരണങ്ങൾക്ക് ഒരുവിധം അവസാനമാകും. ഇതോടെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള താൽക്കാലിക പരിഹാരങ്ങൾ പോലും നടപ്പാകാൻ സാധ്യത കുറയും. മരണങ്ങൾ ഇനിയും ആവർത്തിക്കാനുള്ള സാധ്യത മാത്രം ബാക്കിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍