UPDATES

ട്രെന്‍ഡിങ്ങ്

കല്‍ക്കരിവില കൂട്ടിയ സംഭവം: അന്വേഷണം തടയാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം കോടതിയില്‍

നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില കൂട്ടിയതിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന സ്ഥാപനം അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കെതിരായ തങ്ങളുടെ അന്വേഷണത്തെ തടയാന്‍ ശ്രമിക്കുകയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തങ്ങളെടുത്ത ‘ലെറ്റര്‍ റോഗേറ്ററി’ നടപടികളെ തടയാനായി അദാനി ഗ്രൂപ്പ് കോടതിയില്‍ ശ്രമിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് റവന്യൂ ഇന്റലിജന്‍സിന്റെ പരാതി. വിദേശസ്ഥാപനത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനാവശ്യമായ വിവരങ്ങള്‍ കൈമാറിക്കിട്ടുന്നതിന് നടത്തുന്ന ഔദ്യോഗിക അപേക്ഷയാണ് ലെറ്റര്‍ ഓഫ് റോഗേറ്ററി.

2017ല്‍ സിംഗപ്പൂര്‍ അടക്കമുള്ള ഇടങ്ങളില്‍ അദാനി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ക്കായുള്ള ഇന്ത്യയുടെ അപേക്ഷ സിംഗപ്പൂര്‍ കോടതി അനുവദിച്ചിരുന്നു. ഈ രേഖകള്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില അന്യായമായി ഉയര്‍ത്തുകയും അതുവഴി രാജ്യത്തെ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന ആരോപണമുന്നയിച്ചായിരുന്നു അന്വേഷണം. എന്നാല്‍, ഈ നീക്കം തടയുന്നതിനായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് റവന്യൂ ഇന്റലിജന്‍സ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.

അതെസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില കൂട്ടിയതിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളിലേക്ക് ലെറ്റര്‍ റോഗേറ്ററി അയച്ചിട്ടുമുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ്, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നും നിയമപരമായ സഹായം തേടാനുള്ള നീക്കത്തെ തടയുകയാണ് അദാനി ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. 2011നും 2015നും ഇടയില്‍ ഇന്തോനീഷ്യയില്‍ നിന്നുമുള്ള കല്‍ക്കരിയുടെ വില വര്‍ധിപ്പിച്ച അനില്‍ ധീരുബായി അംബാനി ഗ്രൂപ്പിനെതിരെയും അന്വേഷണമുണ്ട്. എസ്സാര്‍ ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ കമ്പനികളും ചില പൊതുമേഖലാ സ്ഥാപനങ്ങളും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റവന്യൂ ഇന്റലിജന്‍സ് കരുതുന്നത്. ഇവര്‍ക്കെതിരെയാണ് അന്വേഷണം.

വിദേശ നീതിന്യായ സംവിധാനങ്ങളില്‍ നിന്ന് ലെറ്റര്‍ റോഗേറ്ററി സാധാരണമായി തേടാറുള്ളതാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍. ഇക്കാരണത്താല്‍ തന്നെ അദാനിക്ക് അനുകൂലമായി കോടതിവിധി വന്നാല്‍ അത് നിരവധി അന്വേഷണങ്ങളെ ബാധിക്കും.

കല്‍ക്കരിക്കേസില്‍ തങ്ങള്‍ക്കെതിരെ ഒരു എഫ്ഐആര്‍ പോലുമിടാതെയും കുറ്റം ശരിയായി സ്ഥാപിക്കാതെയുമാണ് ലെറ്റര്‍ റോഗേറ്ററി നല്‍കിയിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് കോടതിയില്‍ വാദിക്കുന്നത്. കമ്പനികളുടെ വാദം കേള്‍ക്കാതെയും നോട്ടീസ് നല്‍കാതെയുമാണ് ഈ നടപടിയെന്നും ആരോപണമുണ്ട്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വൈല്‍‌‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇത്തരം ആവശ്യങ്ങള്‍ക്ക് എഫ്ഐആര്‍ ഇടാറില്ലെന്ന് റവന്യൂ ഇന്റലിജന്‍സ് നിലപാടെടുത്തിരിക്കുകയാണ്.

മുണ്ടത്തടം ക്വാറിയില്‍ കരിങ്കല്‍ക്കെട്ട് തകര്‍ന്നുവീണു; സര്‍വ്വകക്ഷിയോഗ തീരുമാനം അട്ടിമറിച്ച് പാറ ഖനനം തുടരുന്നതായി സമരക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍