UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഫ്രിക്ക ഇന്ത്യയ്ക്ക് മുന്‍പില്‍ തുറന്നുവെക്കുന്ന അവസരങ്ങളുടെ വാതിലുകള്‍

Avatar

അഴിമുഖം പ്രതിനിധി

നയതന്ത്ര രംഗത്ത് നേരെ ചൊവ്വെ സംസാരിക്കുന്നത് ഫലപ്രദമായ ഒന്നാണ്. ആഫ്രിക്കയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യയും ചൈനയും നടത്തുന്ന കിടമത്സരം തന്റെ രാജ്യത്തിന് ഗുണകരമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ടാന്‍സാനിയന്‍ പ്രസിഡന്റ് ജക്കായ കിക്വറ്റി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് പറഞ്ഞിരുന്നു. 2011-ല്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നടന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ടാന്‍സാനിയയിലെത്തിയതായിരുന്നു സിംഗ്. ‘ചൈന ആശുപത്രി കെട്ടിടങ്ങള്‍ പണിയുന്നുണ്ടാകാം, എന്നാല്‍ ഇന്ത്യക്കാരായ ഡോക്ടര്‍മാരേയും നഴ്‌സുമാരേയുമാണ് ഞങ്ങള്‍ക്കാവശ്യം,’ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം സിംഗിനോട് ജക്കായ പറഞ്ഞത്.

എന്നാല്‍ സിംഗില്‍ നിന്നും വ്യത്യസ്തനായ അദ്ദേഹത്തിന്റെ പിന്‍ഗാമി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നത് ഇത്തരം നയതന്ത്ര പരിപാടികള്‍ക്ക് ലഭിക്കുന്ന പൊതു ശ്രദ്ധയിലും ആകര്‍ഷണീയതയിലുമാണ്. ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ നടന്നു വരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയും ഇത്തരമൊരു പരിപാടിയാണ്. ലക്ഷ്യാധിഷ്ഠിതമായ ഒരു ഇന്ത്യാ-ആഫ്രിക്ക പങ്കാളിത്തത്തിനു തുടക്കമിടാന്‍ ഈ ആകര്‍ഷണീയത ഒരു പ്രേരകമായേക്കാം.

ആഫ്രിക്കയ്ക്ക് പങ്കാളികളെ ആവശ്യമാണെന്നത് വ്യക്തമായ ഒരു വസ്തുതയാണ്. ആഫ്രിക്കയുടെ വികസന ദാഹത്തെ ഉപയോഗപ്പെടുത്താനും ആഗോള തലത്തില്‍ വലിയൊരു പങ്ക് വഹിക്കാനും കഴിയുന്ന നിലയിലാണ് ഇന്ത്യയുള്ളത്. 54 ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലവന്മാരെ ഉച്ചകോടിക്കായി ഡല്‍ഹിയിലേക്കു ക്ഷണിച്ചുവരുത്തിയതിനേക്കാള്‍ മികച്ച മറ്റൊരു അവസരം ഇല്ല. 50-ലേറെ രാജ്യങ്ങള്‍ ക്ഷണം സ്വീകരിച്ചതോടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ യുഎസും ചൈനയും നേരത്തെ സംഘടിപ്പിട്ടുള്ളതിനേക്കാള്‍ വലിയ സമാന ഉച്ചകോടിയാകും ഇത്.

ആഫ്രിക്കയിലേക്ക് ചൈന ഒഴുക്കുന്ന പണത്തോടും യുഎസിന്റെ സൂപ്പര്‍ പവര്‍ പ്രഭാവത്തോടും ഒപ്പമെത്താന്‍ കഴിയില്ലെങ്കിലും ആഫ്രിക്കയുമായി ഒരു ഈടുറ്റ സഹകരണം ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യയ്ക്കു സാധിക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരില്‍ ഒന്നും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ നൈജീരിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിയിട്ടുണ്ട്. യുഎസിനെ കടത്തിവെട്ടിയാണ് ഈ നേട്ടം. ഇടിയുന്ന എണ്ണവിലയും പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്രാപിക്കുന്ന രാഷ്ട്രീയ അസ്ഥിരതയും കണക്കിലെടുക്കുമ്പോള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ദീര്‍ഘകാല കരാറുകളില്‍ നിന്നുണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ കണക്കുകൂട്ടുന്നതിനു പകരം ആഫ്രിക്കയില്‍ നിന്ന് എണ്ണ വാങ്ങി ഇതു പരിഹരിക്കാമെന്ന ആസന്ന വാണിജ്യ സാധ്യതയും ഉണ്ട്.

ആഫ്രിക്കയില്‍ ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതും തന്ത്രപ്രധാനമായ ഒന്നായിരിക്കും. ഇപ്പോള്‍ ഇത് രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 17 ശതമാനം വരും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്ഡ്‌സ് രോഗം തടയുന്നതിനുള്ള മരുന്നുകളുടെ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ് പോകുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരും പണ്ഡിതരും ആഫ്രിക്കയിലുണ്ടെങ്കിലും വലിയൊരു ശതമാനം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ ഉപരിപഠനം നടത്തുന്നത് ആകര്‍ഷണീയമായി കാണുന്നവരാണ്. കുറഞ്ഞ ചെലവിനു പുറമെ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് ഇവരെ ആകര്‍ഷിക്കുന്നതു മറ്റൊരു ഘടകം. ഫീസുകളുടേയും മറ്റും കാര്യത്തില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ ഇവരില്‍ ഭൂരിഭാഗത്തിനും പ്രാപ്യമല്ല. പകരമായി തെരഞ്ഞെടുക്കാവുന്ന മറ്റു പല രാജ്യങ്ങളിലും അതതു മാതൃഭാഷകളാണ് പഠന മാധ്യമമെന്നതും ഇവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

ആഫ്രിക്കയുടെ ജനസംഖ്യാപരമായ നേട്ടം ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് ആകര്‍ഷകമായ വിപണി ആയോ അല്ലെങ്കില്‍ ആഫ്രിക്കയ്ക്കു വേണ്ടി ഉല്‍പ്പാദനം നടത്തുന്ന കമ്പനികള്‍ക്ക് അടിത്തറയായോ ഉപയോഗപ്പെടുത്താവുന്നതാണ്. ആഫ്രിക്കയുടെ മൊത്തം ജനസംഖ്യയില്‍ 226 ദശലക്ഷവും 2020-ഓടെ 14-25 പ്രായ ഗണത്തില്‍പ്പെട്ടവരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുവജനങ്ങളാണ് ഭൂഖണ്ഡത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്ന് വ്യവസായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ഭീകരസംഘടനകളുമായി പൊരുതുന്ന ആഫ്രിക്ക ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു വിലയുള്ള ഒരു പങ്കാളി ആയിരിക്കും. ലോക വീക്ഷണത്തില്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം യുഎസ്, ചൈന എന്നിവരെ അപേക്ഷിച്ച് കൂടുതല്‍ ചായ്‌വ് ഇന്ത്യയോടാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎന്‍ രക്ഷാസമിതി പരിഷ്‌കരണത്തില്‍ സുപ്രധാനമായ ഒന്നാണ്. കത്തിയെരിയുന്ന വെയിലും ഊര്‍ജ്ജ അപര്യാപ്തതയും വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ഭീഷണിയായ ഈ രാജ്യങ്ങള്‍ക്ക് സൗരോര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിച്ച് ഒരു വിപ്ലവം ഉണ്ടാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പദ്ധതികളില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും.

ആഫ്രിക്കയ്ക്കുവേണ്ടി അവിടെ ഇന്ത്യ എന്തെല്ലാം ചെയ്യുന്നുവെന്നത് തീര്‍ച്ചയായും ചൈനയുമായി താരതമ്യപ്പെടുത്തപ്പെടുമെന്ന ഒരു പ്രശ്‌നമുണ്ട്. ആഫ്രിക്കയിലെ തങ്ങളുടെ നേരിട്ടുള്ള നിക്ഷേപം 2020-ഓടെ 100 ശതകോടി ഡോളറിലെത്താക്കാനാണു ചൈനയുടെ പദ്ധതി. വ്യാപാര പങ്കാളിത്തം 400 ശതകോടി ഡോളറിലെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടേത് നിസ്സാരമായിരിക്കും. എന്നാല്‍ ഇന്ത്യയ്ക്കു ഗുണകരമാകുന്ന മറ്റു വസ്തുതകളുമുണ്ട്. കോളനിവത്ക്കരണം ജീവിക്കുന്ന ഓര്‍മ്മയായ ഒരു ഭൂഖണ്ഡത്തില്‍ ചൈനീസ് രീതികള്‍ ഇന്ത്യയ്ക്ക് ഒരു അനൂകല ഘടകമാണ്. ശത്രുതാപരമാണ് ചൈനീസ് രീതികള്‍-കരാറുകള്‍ നേടിയെടുക്കുന്നു, തങ്ങളുടെ ആളുകളെ എത്തിച്ച് നിശ്ചിത സമയത്തിനു വളരെ മുമ്പു തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു, ശേഷം സാധ്യമെങ്കില്‍ ഈ പദ്ധതികളുടെ പരിപാലന ജോലികള്‍ക്കായി കുറച്ചു പേരെ നിലനിര്‍ത്തിയ ശേഷം തിരിച്ചു പോകുന്നതാണ് ചൈനീസ് രീതി. വിഭവങ്ങള്‍ക്കു വേണ്ടിയുള്ള ആര്‍ത്തിയാണ് ചൈന ആഫ്രിക്കയിലൊന്നാകെ പിടിമുറുക്കുന്നതിനു പിന്നിലെ ഒരു പ്രധാന ഘടകം. സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം അത് അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്.

ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയില്‍ ഇന്ത്യയുടെ പ്രവര്‍ത്തന രീതി ആവശ്യാടിസ്ഥാനത്തിലുള്ള സമീപനമാണ്. വിഭവ ശേഷി വികസനം, പരിശീലനം തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത് തീര്‍ച്ചയായും കൂടുതല്‍ സൗഹൃദപരമാണ്. എന്നാല്‍ ബ്യൂറോക്രസിയുടെ ആലസ്യവും കടുത്ത നിയന്ത്രണ ചട്ടങ്ങളും പലപ്പോഴും ഇന്ത്യന്‍ പദ്ധതികളെ വൈകിപ്പിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുന്നുമുണ്ട്. കാര്യക്ഷമമായ ഒരു പിന്തുടര്‍ച്ച സംവിധാനം നിലവിലില്ല എന്നതാണ് ഒരു പ്രശ്‌നം. ഇത് ചര്‍ച്ചകളില്‍ മാത്രമെ ഉള്ളൂ.

പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരോടുള്ള പ്രധാനമന്ത്രി മോദിയുടെ അതൃപ്തിയെ അദ്ദേഹവുമായി സംസാരിച്ച ഏതാണ്ട് എല്ലാ ഉദ്യോഗസ്ഥരും പിന്താങ്ങുന്നുണ്ട്. ഇന്ത്യ-ആഫ്രിക്ക ബന്ധത്തിന് ഇനിയും മുന്നേറാനാകുമെന്നതിന് നിലവിലുള്ള പരസ്പര സഹകരണവും പങ്കാളിത്തവും തെളിവാണ്. ഉന്നത സര്‍ക്കാര്‍ തലത്തിലുള്ള പ്രതിജ്ഞാബദ്ധതയെ മാനിക്കേണ്ടി വരുമ്പോള്‍ തീര്‍ച്ചയായും കാര്യങ്ങള്‍ നേരെ ചൊവ്വെ നടപ്പിലാക്കേണ്ടി വരുന്നു. ഉദ്ദേശിച്ച ഫലങ്ങള്‍ കൊണ്ടുവരുന്ന നയതന്ത്ര പരിപാടികളുടെ ആകര്‍ഷണീയതയ്ക്കും അത് സഹാകയമാകും.

ഇന്ത്യയും ആഫ്രിക്കയും ചില കണക്കുകള്‍

1) 54 ആഫ്രിക്കന്‍ രാജ്യങ്ങളുടേയും ഇന്ത്യയുടേയും സംയുക്ത ജനസംഖ്യ 2.3 ശതകോടി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ആഫ്രിക്ക ഇന്ത്യയുടെ പത്തിരട്ടി വലിപ്പമുണ്ട്. ലോകത്ത് കൃഷിയോഗ്യമായ ഭൂമയില്‍ 25 ശതമാനവും ആഫ്രിക്കയിലാണ്. എന്നാല്‍ 12 ശതമാനം ഭൂമിയില്‍ മാത്രമെ കൃഷി നടക്കുന്നുള്ളൂ.

2) ആഫ്രിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 2.7 ദശലക്ഷം. ഈ ഭൂഖണ്ഡവുമായുള്ള ഇന്ത്യയുടെ നാലായിരം വര്‍ഷത്തെ ബന്ധം പ്രതിഫലിപ്പിക്കുന്നതാണിത്.

3) 65 ശതമാനം ആഫ്രിക്കകാരുടേയും പ്രായം 35 ആണ്. ഇന്ത്യയ്ക്കു പുതിയ വിപണി കണ്ടെത്താനുതകുന്ന ജനസംഖ്യാപരമായ ഒരു നേട്ടമാണിത്.

4) ആഫ്രിക്കന്‍ രാജ്യങ്ങള്‍ 54. സുപ്രധാന യുഎന്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് യുഎന്‍ പൊതുസഭയില്‍ ഇത്രയും വോട്ടുകള്‍ക്ക് ഏറെ മൂല്യമുണ്ട്.

5) 26,000 കിലോമീറ്റര്‍ വരുന്ന ആഫ്രിക്കന്‍ തീരമേഖല വാണിജ്യപരമായും തന്ത്രപരമായും ഇന്ത്യയ്ക്കു പ്രധാനപ്പെട്ടതാണ്.

6) ആഫ്രിക്കയില്‍ 4500 ഇന്ത്യന്‍ സമാധാനസൈനികരുണ്ട്. ആഫ്രിക്കയിലെ യുഎന്‍ സമാധാനസേനയിലെ 11 അംഗങ്ങളിലൊന്നാണ് ഇന്ത്യ.

7) ഇന്ത്യ-ആഫ്രിക്ക വ്യാപാര ബന്ധത്തിന്റെ ഇപ്പോഴത്തെ മൂല്യം 70 ശതകോടി യുഎസ് ഡോളര്‍. 20 വര്‍ഷത്തിനിടെ ഇത് 20 ഇരട്ടി വര്‍ധിച്ചു. എന്നാല്‍ 200 ശതകോടി ഡോളറിന്റെ ആഫ്രിക്ക-ചൈന വ്യാപാരവുമായി താരതമ്യപ്പെടത്തുമ്പോള്‍ ഇതു നിസ്സാരം. ആഫ്രക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.

8) ആഫ്രിക്കയിലെ ഇന്ത്യന്‍ നിക്ഷേപം 35 ശതകോടി യുഎസ് ഡോളര്‍.

9) ആഫ്രിക്കയ്ക്കുള്ള ഇന്ത്യയുടെ വായ്പാ പരിധി 7.4 ശതകോടി ഡോളര്‍. 6.8 ശതകോടി അംഗീകരിച്ചു. 41 രാജ്യങ്ങളിലെ 137 പദ്ധതികള്‍ക്കായി 3.5 ശതകോടി വിതരണം ചെയ്യുകയും ചെയ്തു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍