UPDATES

ഉദ്ധവും എംപിമാരും അയോധ്യയിൽ; രാമക്ഷേത്രത്തിനായി ഓർഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യം

കഴിഞ്ഞ ഡിസംബർ മാസത്തിലും ഉദ്ധവ് താക്കറെ ഇത്തരമൊരു സന്ദർശനവും പ്രസ്താവനയും നടത്തിയിരുന്നു.

അയോധ്യയിൽ രാമക്ഷേത്രം പണിയാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ശിവസേന. ബാബറി മസ്ജിദിനടുത്ത് സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ക്ഷേത്രം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ഈ ആവശ്യമുന്നയിച്ചത്. ശിവസേനയുടെ 18 എംപിമാരുമൊത്ത് താക്കറെ ഉത്തർപ്രദേശിലെത്തി ബിജെപിക്ക് ശക്തമാ രാഷ്ട്രീയസന്ദേശം നൽകുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ഡിസംബർ മാസത്തിലും ഉദ്ധവ് താക്കറെ ഇത്തരമൊരു സന്ദർശനവും പ്രസ്താവനയും നടത്തിയിരുന്നു. രാമക്ഷേത്രം നിർമിക്കുന്ന തിയ്യതി പ്രഖ്യാപിക്കണമെന്നായിരുന്നു അന്ന് ശിവസേനയുടെ ആവശ്യം. ശിവസേനാ തലവന്റെ ആദ്യത്തെ അയോധ്യാ സന്ദർശനമായിരുന്നു അത്. ഇത്തവണ ഉദ്ധവിനൊപ്പം ആദിത്യ താക്കറെയുമുണ്ട്.

നാളെ രണ്ടാം മോദി സർക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനം തുടങ്ങുകയാണ്. ഈ പശ്ചാത്തലം കൂടി ഉദ്ധവിന്റെ സന്ദർശനത്തിനുണ്ട്. ‘നാളെ ലോകസഭാ സെഷൻ തുടങ്ങുകയാണ്. രാംലല്ലയിൽ നിന്നും അനുഗ്രഹങ്ങൾ നേടാനാണ് ഞങ്ങൾ വന്നത്. ക്ഷേത്രം എത്രയും വേഗത്തിൽ നിര്‍മിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇന്ത്യയിലും ലോകത്തിലെവിടെയുമുള്ള ഹിന്ദുക്കൾ രാമക്ഷേത്രം പണിയണമെന്ന് ആഗ്രഹിക്കുന്നുണ്ട്,’ -ഉദ്ധവ് പറഞ്ഞു.

നിയമപരമായ തടസ്സങ്ങളെ മറികടക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്തും ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തില്‍ ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി അയോധ്യയിൽ വൻ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍