UPDATES

ട്രെന്‍ഡിങ്ങ്

‘മോദി ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കണം, ഞാനിത് ആറു വര്‍ഷമായി പറയുന്നതാണ്’; ജയ്‌റാം രമേശിനും സിംഘ്‌വിക്കും പിന്നാലെ ശശി തരൂരും

ഇവരുടെ പ്രസ്താവനയോട് വിയോജിച്ചും നേതാക്കള്‍

മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശിനും അഭിഷേക് മനു സിംഘ്‌വിക്കും പിന്നാലെ തിരുവനന്തപുരം എംപി ശശി തരൂരും നരേന്ദ്ര മോദി ‘അനുകൂല’ പ്രസ്താവനയുമായി രംഗത്ത്. കഴിഞ്ഞ ആറു വര്‍ഷമായി താന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം മറ്റു നേതാക്കള്‍ പറഞ്ഞത് എന്നും അതുകൊണ്ട് തന്നെ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ പറഞ്ഞു. എല്ലായ്പ്പോഴും മോദിയുടെ പ്രവര്‍ത്തനങ്ങളെ നെഗറ്റീവായി മാത്രം കാണേണ്ട കാര്യമില്ല. മോദി ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് ഏതെല്ലാമോ വിധത്തിൽ എത്തുന്നുണ്ടെന്നും അത് മനസ്സിലാക്കാതെ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നാൽ ഇനിയും വിജയിക്കുന്നത് മോദി തന്നെയായിരിക്കുമെന്നുമായിരുന്നു ജയ്റാം രമേശ് പറഞ്ഞത്. മോദിയെ എല്ലായ്പ്പോഴും അധിക്ഷേപിക്കുന്നതും ഒറ്റതിരിഞ്ഞ് വ്യക്തിപരമായ ആക്രമിക്കുന്നതും ഗുണകരമാകുന്നത് മോദിക്കു തന്നെയാണെന്ന് ചൂണ്ടിക്കാട്ടി ജയ്റാം രമേശിനു പിന്തുണയുമായി അഭിഷേക് മനു സിംഘ്‌വിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെയാണ് തരൂരും ഇപ്പോള്‍ പിന്തുണച്ചിരിക്കുന്നത്.

ഇത് ഞാന്‍ കഴിഞ്ഞ ആറു വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. മോദി ഏതെങ്കിലും നല്ല കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കാന്‍ തയാറാകണം. എങ്കില്‍ മാത്രമേ അദ്ദേഹം തെറ്റുകള്‍ ചെയ്യുമ്പോള്‍ നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകൂ. ഞാന്‍ പറഞ്ഞുകൊണ്ടിരുന്ന ഈ കാര്യങ്ങള്‍ പ്രതിപക്ഷത്തെ മറ്റുള്ളവരും പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു”, തരൂര്‍ പറഞ്ഞു.

2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്നാണ് ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കഴിഞ്ഞദിവസം ജയ്റാം രമേശ് പറഞ്ഞത്. ആ പ്രവര്‍ത്തനം കൊണ്ടാണ് 30 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു. “മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍ കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല. മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത്. ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ട്. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹ്യ ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണ്. ഇതിന് ഉദാഹരണമാണ് പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന. 2019ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടിക്കണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല,” എന്നായിരുന്നു ജയ്റാം രമേശിന്റെ പ്രസ്താവന.

ഇതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് സിംഘ്‌വി രംഗത്ത് വന്നത്. “എല്ലായ്പ്പോഴും മോദിയെ അധിക്ഷേപിക്കുന്നത് തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതു മാത്രമല്ല കാരണം. ഒരു തരത്തിൽ മാത്രമുള്ള എതിർപ്പ് അദ്ദേഹത്തെ ശരിക്കും സഹായിക്കുകയാണ് ചെയ്യുന്നത്. പ്രശ്നാധിഷ്ഠിതമായി അവരെ വിലയിരുത്താൻ സാധിക്കണം. വ്യക്തിപരമായല്ല ഇത് ചെയ്യേണ്ടത്. ഉജ്ജ്വല പദ്ധതി മറ്റു പല നല്ല പദ്ധതികളെയും പോലെ മികച്ച ഒന്നാണ്” എന്നായിരുന്നു സിംഘ്‌വിയുടെ ട്വീറ്റ്.

എന്നാല്‍, ഇതിനോട് എതിര്‍പ്പുള്ളവരും കോണ്‍ഗ്രസിലുണ്ട്. “സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ഭരണരീതികളെയും വിമര്‍ശിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതിനെ അധിക്ഷേപിക്കുക എന്ന രീതിയില്‍ കാണേണ്ട കാര്യമില്ല. വിമര്‍ശനം ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യവും ഉള്ളൂ”, എന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭ ഉപനേതാവ് ആനന്ദ് ശര്‍മ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

രൂക്ഷമായ വിമര്‍ശനമാണ് ജയ്‌റാം രമേശിന്റെ പ്രസ്താവനയോട് പ്രവര്‍ത്തക സമിതി അംഗം കൂടിയായ കുമാരി ഷെല്‍ജ നടത്തിയത്. “എന്താണു ജയ്‌റാം രമേശിനെ കൊണ്ട് ഇത് പറയിപ്പിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. പ്രത്യേകിച്ച് എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദി നെഹ്‌റുവാണെന്ന് ഈ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍”, അവര്‍ പറഞ്ഞു. പാര്‍ട്ടി ലോക്സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൌധരിയും ഈ നേതാക്കളുടെ മോദി സ്തുതികളെ തള്ളിക്കളഞ്ഞു.

ജമ്മു- കാശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ആം വകുപ്പ് എടുത്തു മാറ്റുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ നടപടിയെ ചൊല്ലിയും കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ തള്ളി ഹരിയാന മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, മറ്റൊരു മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി വലിയൊരു വിഭാഗം നേതാക്കള്‍ മോദി സര്‍ക്കാരിന്റെ നടപടികളെ പ്രകീര്‍ത്തിച്ചിരുന്നു.

Read Azhimukham: വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍