UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ ചർച്ച ഇവിടെ വേണ്ടെന്ന് തെലങ്കാന: കാത്തി മഹേഷിനു പിന്നാലെ സ്വാമി പരിപൂർണാനന്ദയ്ക്കും നിരോധനം

രാമായണത്തിന്മേൽ ടിവി9 നടത്തിയ ഒരു സംവാദപരിപാടിയിൽ പങ്കെടുത്ത് കാത്തി തന്റെ കാഴ്ചപ്പാടുകൾ പങ്കു വെച്ചിരുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ തെലുഗു നടനും സിനിമാ വിമർശകനുമായ കാത്തി മഹേഷിനെ ഹൈദരാബാദിൽ പ്രവേശിക്കുന്നതിനെ വിലക്കിയതിനു പിന്നാലെ സ്വാമി പരിപൂർണാനന്ദയ്ക്കെതിരെ നടപടിയെടുത്ത് പൊലീസ്. രാഷ്ട്രീയ ഹിന്ദു സേന എന്ന സംഘടനയുടെ സ്ഥാപകനായ ഇയാൾ ഹിന്ദുത്വ വർഗീയത ഇളക്കിവിടാൻ ശ്രമിച്ചുവെന്ന ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്. കാത്തിയും പരിപൂർണാനന്ദയും ടിവി9 ചാനലിൽ നടത്തിയ സംവാദത്തിന്റെ പേരിൽ കാത്തിക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ഇതിനെതിരെ സാസ്കാരിക രംഗത്തുള്ളവർ വിമർശനങ്ങളുമായി എത്തിയതിനു പിന്നാലെയാണ് സ്വാമിയെയും അറസ്റ്റ് ചെയ്തത്.

കാശിയിലും രാമേശ്വരത്തും പോകുന്ന ഹിന്ദുക്കളിൽ നിന്നും സർചാർജ് ഈടാക്കുന്നുവെന്നും ക്രിസ്ത്യാനികളും മുസ്ലിങ്ങളും തീർത്ഥാടനത്തിന് പോകുമ്പോൾ സബ്സിഡി നൽകുന്നുവെന്നും സ്വാമി പരിപൂർണാനന്ദ പ്രസംഗിച്ചിരുന്നു. മതവിശ്വാസികളെ വർഗീയമായി ഇളക്കിവിടാൻ പോന്ന പ്രസംഗമാണ് സ്വാമി പരിപൂർണാനന്ദ നടത്തിയതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു പ്രസംഗത്തിൽ ഇതേ സ്വാമി, ഛത്രപതി ശിവജിയുടെ ഭരണമാണോ നൈസാമിന്റെ ഭരണമാണോ വേണ്ടതെന്ന് കേൾവിക്കാരോട് ചോദിച്ചിരുന്നു. ഇതിന്റെയെല്ലാം വീഡിയോകളെ ആധാരമാക്കിയാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ആറുമാസത്തേക്ക് ഇദ്ദേഹത്തിന് പൊലീസ് അനുമതിയില്ലാതെ ഹൈദരാബാദിൽ പ്രവേശിക്കാനാകില്ല. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിൽ വീട്ടുതടങ്കലിലാണ് സ്വാമി ഇപ്പോൾ.

അതെസമയം, നേരത്തെ തെലുഗു നടനും നിരൂപകനുമായ കാത്തി മഹേഷിനെതിരെയും സമാനമായ നടപടി പൊലീസ് എടുത്തിരുന്നു. ഇദ്ദേഹത്തിനും ഹൈദരാബാദിൽ പ്രവേശിക്കണമെങ്കിൽ പൊലീസിന്റെ മുൻകൂർ അനുമതി വേണം. ആറുമാസത്തേക്കാണിത്.

രാമായണത്തിന്മേൽ ടിവി9 നടത്തിയ ഒരു സംവാദപരിപാടിയിൽ പങ്കെടുത്ത് കാത്തി തന്റെ കാഴ്ചപ്പാടുകൾ പങ്കു വെച്ചിരുന്നു. ഇതിൽ ഹിന്ദു ദൈവങ്ങളെ കളിയാക്കുന്ന ചിലതുണ്ടെന്നു ചൂണ്ടിക്കാട്ടി ബജ്റംഗ് ദൾ അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്തു വരികയുണ്ടായി. മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നതടക്കമുള്ള നിരവധി വകുപ്പുകൾ ചേർത്താണ് മഹേഷിനെതിരെ പൊലീസ് നീങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍