UPDATES

പ്രിയങ്ക കോൺഗ്രസ് പ്രസിഡണ്ടാകണം: ശശി തരൂരിനെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്

ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പിന്നീട് തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന ശശി തരൂരിന്റെ ആവശ്യത്തോട് പിജെ കുര്യനും കെവി തോമസും യോജിക്കുന്നു.

പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. അധ്യക്ഷസ്ഥാനം പ്രിയങ്ക ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞതിനു പിന്നാലെയാണ് മുതിർന്ന നേതാവായ അമരീന്ദർ സിങ്ങിന്റെ അഭിപ്രായപ്രകടനം.

എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ പ്രിയങ്കയ്ക്ക് സാധിക്കുമെന്നതാണ് പ്രധാന നേട്ടമായി അമരീന്ദർ സിങ്ങിന് ചൂണ്ടിക്കാണിക്കാനുള്ളത്. പ്രിയങ്കയ്ക്ക് പാർട്ടിക്കകത്തും പുറത്തും സമ്മതിയുണ്ട്. ഇത് കോൺഗ്രസ്സിന് ഗുണം ചെയ്യും. രാജ്യം ഒരു യുവനേതാവ് അധ്യക്ഷപദവിയിലെത്തുന്നത് അംഗീകരിക്കുമെന്നും അമരീന്ദർ കൂട്ടിച്ചേർത്തു. തന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയോടുള്ള ഛായാസാമ്യവും പ്രിയങ്കയ്ക്ക് ഗുണകരമാകുമെന്നാണ് പഞ്ചാബ് മുഖ്യന്റെ പ്രതീക്ഷ. വരുന്ന കോൺഗ്രസ് വർക്കിങ് കമ്മറ്റി യോഗത്തിൽ പ്രിയങ്കയെ നേതാവായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് നാഥനില്ലാക്കളരിയായെന്നും അധ്യക്ഷസ്ഥാനത്തേക്ക് വേഗം ആളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ശശി തരൂർ കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറയുകയുണ്ടായി. കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് കാര്യങ്ങൾ നിയന്ത്രിക്കാൻ മുകളിൽ ആളില്ലാത്തതിനാലാണെന്നും തരൂർ ചൂണ്ടിക്കാട്ടി. നോമിനേറ്റ് ചെയ്ത് വരുന്ന പ്രസിഡണ്ട് ഇനി വേണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ ആളെ കണ്ടെത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം പ്രിയങ്ക ഗാന്ധി നേതൃത്വത്തിൽ വരുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് സൂചിപ്പിച്ച തരൂർ, രാഹുൽ ഗാന്ധി പറഞ്ഞിരുന്നത് ഇനി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വേണ്ട എന്നാണെന്നും പറഞ്ഞിരുന്നു. പ്രിയങ്കയായാലും കുഴപ്പമില്ലെന്ന തരൂരിന്റെ പ്രസ്താവനയിലാണ് അമരീന്ദർ സിങ് പിടിച്ചിരിക്കുന്നത്.

ശശി തരൂരിനെ പിന്തുണച്ച് എഐസിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാക്കളായ പിജെ കുര്യൻ, കെവി തോമസ് തുടങ്ങിയവരും അധ്യക്ഷസ്ഥാനത്തേക്ക് ആളെത്തണമെന്ന നിലപാട് വ്യക്തമാക്കി രംഗത്തു വരികയുണ്ടായി. തരൂരിന്റെ ആവശ്യം സ്വാഭാവികമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂര്‍ പങ്കുവച്ചത് എന്നും കെസി വേണുഗോപാല്‍ ഇന്ന് പറഞ്ഞു.

ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പിന്നീട് തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന ശശി തരൂരിന്റെ ആവശ്യത്തോട് പിജെ കുര്യനും കെവി തോമസും യോജിക്കുന്നു. കോണ്‍ഗ്രസ് നേതൃപ്രതിസന്ധിയിലാണ് എന്ന തരൂരിന്റെ അഭിപ്രായത്തോട് പിജെ കുര്യന്‍ യോജിച്ചു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ പാര്‍ട്ടിയിലെ പ്രതിസന്ധിയെക്കുറിച്ച് ആദ്യം പറഞ്ഞത്.

മധ്യപ്രദേശിലോ രാജസ്ഥാനിലോ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതിന് നേതൃത്വം കാത്തിരിക്കരുത്. ഇതിനെ നേരിടാന്‍ ധൈര്യം കാണിക്കുന്ന നേതാവ് കോണ്‍ഗ്രസിന് ആവശ്യമുണ്ട്. യുവ നേതാവാണ് വേണ്ടത്. ഗാന്ധി കുടുംബത്തിന് എതിരായല്ല ഞാന്‍ പറയുന്നത്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ നല്ല കാര്യമാണ്. യുവനേതാവ് വേണമെന്നാണ് എന്റെ അഭിപ്രായം. 50 വയസില്‍ താഴെയുള്ള ഒരാളായിരിക്കും നല്ലത്. എനിക്ക് കുറഞ്ഞ സംഘടനാപരിചയമേ ഉള്ളൂ. എന്നേക്കാള്‍ പ്രായം കുറഞ്ഞ പലരും എന്നേക്കാള്‍ 20 വര്‍ഷം കൂടുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ്. അധ്യക്ഷനാവാന്‍ താല്‍പര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍