UPDATES

ഡാര്‍ജിലിംഗ് മലനിരകളില്‍ പ്രക്ഷോഭ തീ പടരുമ്പോള്‍

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനു വേണ്ടി പോരാടുന്ന ഗോര്‍ഖ ജനമുക്തി മോര്‍ച്ചയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് ഇന്ന് ബിമല്‍ ഗുരാംഗ്

1835-ല്‍ അന്നത്തെ സിക്കിം രാജാവില്‍ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി ഡാര്‍ജിലിംഗ് പാട്ടത്തിനെടുക്കുമ്പോള്‍ അതിനുള്ള ഏക സവിശേഷത അതിന്റെ തണുത്ത കാലാവസ്ഥ മാത്രമായിരുന്നു. ലെപ്ച്ച വംശത്തില്‍ പെട്ട നൂറോളം പേര്‍ മാത്രമുള്ള ‘ജനവാസമില്ലാത്ത’ ആ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ബ്രിട്ടീഷുകാരുടെ മനസിലുള്ളത് അസുഖബാധിതരായ തങ്ങളുടെ ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞു കൂടാനുള്ള ഒരു സ്ഥലം എന്നതായിരുന്നു.

ഡാര്‍ജലിംഗ് വിട്ടുകൊടുത്തതിന് സമ്മാനമായി സിക്കിം രാജാവിന് ഒരു ഡബിള്‍ ബാരല്‍ ഗണ്‍, ഒരു റൈഫിള്‍, 20 അടി നീളമുള്ള ചുവന്ന ഒരു തുണി, മികച്ചതും അല്ലാത്തതുമായ ഓരോ ജോടി ഷാളുകള്‍ എന്നിവയും ബ്രിട്ടീഷുകാര്‍ നല്‍കി. കരാര്‍ നിലവില്‍ വന്ന 1835-ല്‍ മാസം 3,000 രൂപ വീതം നഷ്ടപരിഹാരമായി നല്‍കി. 1846-ല്‍ ഇത് മാസം 6,000 രൂപയായി വര്‍ധിപ്പിച്ചു.

ജനവാസമില്ലാത്ത, ഒന്നിനും കൊള്ളാത്ത മലനിരകള്‍ മാത്രമായിരുന്നു അന്ന് ഡാര്‍ജലിംഗ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇവിടെ മികച്ച സാനറ്റോറിയവും പണിതു.

അസുഖബാധിതര്‍ക്ക് വിശ്രമിക്കാനുള്ള ആ സ്ഥലം ഇന്ന് ഗൂര്‍ഖകള്‍ ഉള്‍പ്പെടെയുള്ള അനേകം വംശീയ ഗോത്രങ്ങളുടെ ആവാസ്ഥമേഖലയാണ്. അതിനൊപ്പം, ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന ഡാര്‍ജലിംഗ് മലനിരകള്‍ ഏതാനും ദിവസങ്ങളായി കനത്ത സംഘര്‍ഷത്തിലുമാണ്.

ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം)യുടെ മൂന്ന് പ്രവര്‍ത്തകര്‍ ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികള്‍ കഴുത്തറുത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരവാസ്ഥയിലാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡാര്‍ജലിംഗിലെ സ്‌കൂളുകളില്‍ ബംഗാളി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന ഉത്തരവിനെതിരെ ജിജെഎം ആരംഭിച്ച പ്രതിഷേധം പിന്നീട് പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം എന്ന ആവശ്യത്തിലേക്ക് മാറുകയായിരുന്നു. തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ പോലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് ജിജെഎം ആരോപിക്കുമ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പോലീസും ഇത് നിഷേധിക്കുകയാണ്.

പ്രക്ഷോഭകാരികളെ തടയുന്നതിനിടെ ആക്രമിക്കപ്പെട്ട ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് കിരണ്‍ തമാംഗ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഡാര്‍ജലിംഗ് മലനിരകളില്‍ ജിജെഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പ്രക്ഷോഭക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. പെട്രോള്‍ ബോംബുകളും കല്ലുകളും കൊണ്ടാണ് ജനക്കൂട്ടം പോലീസിനെ തിരിച്ചാക്രമിച്ചത്.

കല്‍ക്കത്തയില്‍, അന്തരിച്ച അഞ്ച് ജേര്‍ണലിസ്റ്റുകളുടെ സ്മരണാര്‍ത്ഥം റോഡുകള്‍ക്കും കമ്യൂണിറ്റി ഹാളുകള്‍ക്കും അവരുടെ പേര് നല്‍കുന്ന ഒരു ചടങ്ങില്‍ വച്ച് മമത ബാനര്‍ജി തന്റെ നയം വ്യക്തമാക്കി. “ബംഗാള്‍ വിഭജിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഡാര്‍ജലിംഗില്‍ പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ ആക്രമിക്കപ്പെടുകയാണ്. മാധ്യമ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കി തങ്ങള്‍ പറയുന്നതു മാത്രം പുറത്തു വിടണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്”.

“ഞാനെന്റെ ജീവിതത്തില്‍ നിരവധി സമരങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് ഏതെങ്കിലും വിധത്തിലുള്ള കല്ലെറിയല്‍ പോലുള്ള പ്രതിഷേധങ്ങളായിരുന്നെങ്കില്‍ അത് മനസിലാക്കാമായിരുന്നു. എന്നാല്‍ അവര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ എന്നോട് മര്യാദയോടെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ചര്‍ച്ചയ്ക്ക് ഞാന്‍ തയാറാവുമായിരുന്നു. എന്നാല്‍ നിങ്ങള്‍ തോക്ക് ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍, ഒരു കാര്യം ഞാന്‍ വ്യക്തതാക്കുന്നു. നിങ്ങളുടെ കൈകളില്‍ നിന്ന് ആ തോക്കുകള്‍ പിടിച്ചു വാങ്ങാന്‍ എനിക്ക് കഴിയും. എന്റെ ജീവന്‍ ആവശ്യമാണെങ്കില്‍ അത് നല്‍കും. പക്ഷേ ബംഗാള്‍ വിഭജിക്കാന്‍ ഞാന്‍ അനുവദിക്കില്ല”.

ഒരു പത്രസമ്മേളനത്തില്‍ അവര്‍ ഇങ്ങനെ പറഞ്ഞു- “പ്രക്ഷോഭകാരികള്‍ കോടതി പറയുന്നതു പോലും കേള്‍ക്കുന്നില്ല. ബന്ദ് നിയമവിരുദ്ധമാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. അവര്‍ക്ക് എവിടെ നിന്നാണ് അനധികൃതമായി ഈ ആയുധങ്ങളും പണവുമെല്ലാം ലഭിക്കുന്നത്? ഈ ആയുധങ്ങളൊന്നും ഒരു ദിവസം കൊണ്ട് ശേഖരിച്ചവയല്ല, അത് സമയമെടുത്ത് അവര്‍ ശേഖരിച്ചതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുമായി അതിന് ബന്ധമുണ്ട്. ചില രാജ്യങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. എന്നാല്‍ അവരുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല”.

അതേ സമയം, ഗൂര്‍ഖാലാന്‍ഡ് വിഷയത്തില്‍ കേന്ദ്രവുമായി തങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കില്ലെന്നും ജിജെഎം വ്യക്തമാക്കിയിട്ടുണ്ട്. “മമത ബാനര്‍ജിയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തില്ല. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ സന്നദ്ധമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. ഇപ്പോള്‍ അവര്‍ പറയുന്നു അവര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന്. അവരുടെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ ഭീകരവാദികളാണ്. അതുകൊണ്ട് ഭീകരവാദികളുമായി ചര്‍ച്ച നടത്താന്‍ ഒരു മുഖ്യമന്ത്രിക്ക് യാതൊരു അവകാശവുമില്ല”- ജിജെഎം അസി. ജനറല്‍ സെക്രട്ടറി ബിനോയി തമാംഗ് പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജിജെഎം തലവന്‍ ബിമല്‍ ഗുരാംഗ് ഒളിവില്‍ നിന്ന് പുറത്തുവിട്ട നേപ്പാളി ഭാഷയിലുള്ള സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “ജിജെഎം വനിതാ മോര്‍ച്ചയുടെ സമാധാനപരവും ജനാധിപത്യപരവുമായ റാലിയ്ക്ക് നേരെയാണ്, സ്വേച്ഛാധികാരികളായ ബംഗാള്‍ സര്‍ക്കാര്‍ നിറയൊഴിച്ചത്. അതുകൊണ്ട് ഡാര്‍ജലിംഗിലെ മുഴുവന്‍ ജനങ്ങളും പ്രതിഷേധിക്കണം”.

തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വച്ച് പ്രക്ഷോഭകാരികള്‍ ക്രൂഡ് ബോംബും കല്ലുകളുമായി പോലീസിനെ ആക്രമിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ തങ്ങള്‍ റബര്‍ ബുള്ളറ്റിനുകളാണ് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഇടയ്ക്ക് പെട്ടുപോയ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ സമീപസ്ഥലങ്ങളിലുള്ള വീടുകളിലാണ് അഭയം തേടിയത്.

ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കെ ജിജെഎം പ്രവര്‍ത്തകര്‍ സിംഗമാരി പോലീസ് സ്‌റ്റേഷനു സമീപം ബാരിക്കേഡുകള്‍ തീര്‍ത്തു. മൂന്നു മണിക്കൂറോളമാണ് വന്‍ തോതിലുള്ള സംഘര്‍ഷത്തിന് ഡാര്‍ജലിംഗിന്റെ വിവിധ മേഖലകള്‍ സാക്ഷ്യം വഹിച്ചത്. ലെബോംഗ്, ചൗക്ക് ബസാര്‍, ഘൂം റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളിലെല്ലാം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സംഘര്‍ഷ ബാധിത മേഖലകളിലേക്ക് സൈന്യത്തെ വിളിച്ചു. ഇപ്പോഴും പോലീസും അര്‍ധസൈനിക വിഭാഗവും വന്‍തോതില്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.

ബിമല്‍ ഗുരാംഗ്
ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനു വേണ്ടി പോരാടുന്ന ഗോര്‍ഖ ജനമുക്തി മോര്‍ച്ചയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് ഇന്ന് ബിമല്‍ ഗുരാംഗ്. 2007-ല്‍ സമാനമായ സാഹചര്യത്തില്‍ നടന്ന പ്രക്ഷോഭത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഗുരാംഗ് ഇത്തരത്തില്‍ അക്രമാസക്തമായ ഒരു സമരത്തിന് ഇവിടെ നേതൃത്വം നല്‍കുന്നത്. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് രൂപീകരിച്ച സുഭാഷ് ഘൈസിംഗിന്റെ ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടില്‍ നിന്ന് വിട്ടുമാറി ബിമല്‍ ഗുരാംഗ് ജിജെഎം രൂപീകരിച്ച സമയത്തായിരുന്നു 2007-ലെ പ്രക്ഷോഭം.

അന്നുമുതല്‍ ഡാര്‍ജലിംഗ് മലനിരകളിലുള്ള അധികാരവും പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടവും ഘൈസിംഗില്‍ നിന്ന് ഗുരാംഗ് ഏറ്റെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച ഗുരാംഗിന്റെ വീടും പാര്‍ട്ടി ഓഫീസും പോലീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് വന്‍തോതിലുള്ള സംഘര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രക്ഷോഭകാരികള്‍ തീവച്ചു.

“ഗൂര്‍ഖാലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു. ഇനി അത് അനുവദിക്കുകയില്ല”- ഗുരാംഗ് വ്യക്തമാക്കി. ഡാര്‍ജലിംഗിലെ ഒരു തേയില തോട്ടത്തില്‍ കൊളുന്തു നുള്ളുന്ന ജോലിയായിരുന്നു ഗുരാംഗിന്റെ അമ്മയ്ക്ക്. സ്‌കൂള്‍ പഠനം നേരത്തെ അവസാനിപ്പിച്ച ഗുരാംഗ് അത്തരമൊരു പാവപ്പെട്ട അവസ്ഥയില്‍ നിന്നാണ് ഇന്ന് ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിന്റെ കുന്തമുനയായി മാറുന്നത്. ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഗുരാംഗ് 1980-കളില്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് അക്രമാസക്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുഭാഷ് ഘൈസിംഗിന്റെ കീഴില്‍ ഇന്നത്തെ സമര നേതാവായി വളരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍