UPDATES

ട്രെന്‍ഡിങ്ങ്

മേഘാലയയിലെ എലിമാള ഖനനത്തിനെതിരെ പോരാടുന്ന ആഗ്നസ് കാർഷിങ്ങിന്റെ വാക്കുകളിലുണ്ട് ആ 15 തൊഴിലാളികളുടെ ജീവിത യാതന

പ്രദേശത്തെ പാവങ്ങളുടെ ജീവിതം കൽക്കരി ഖനനവുമായി ബന്ധപ്പെട്ടുള്ളതാണെന്നത് തെറ്റായ പ്രചാരണമാണെന്ന് ആഗ്നസ് പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ആഗ്നസ് കാർഷിങ്ങിനെയും അമിത സാംഗ്മയെയും ആക്രമിച്ച കേസിലെ പ്രധാന പ്രതി പൊലീസിൽ കീഴടങ്ങിയത്. മേഘാലയയിലെ അവകാശപ്പോരാളികളായ ഇവരെ ഇരുവരെയും ആക്രമിച്ച സംഭവം ഈയടുത്ത ദിവസങ്ങളിൽ ദേശീയ ശ്രദ്ധയിൽ വന്നിരുന്നു. പതിനഞ്ചോളം തൊഴിലാളികൾ കൽക്കരി ഖനിയിൽ കുടുങ്ങിയ സംഭവം വാർത്തയായതോടെയാണിത്. തൊഴിലാളികളെ ജീവനോടെ കിട്ടാൻ സാധ്യത കുറവാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുങ്ങൽ വിദഗ്ധർ ദുർഗന്ധം വമിക്കുന്നതായി അറിയിക്കുകയുണ്ടായി. വളരെ ചെറിയ മാളങ്ങളിലൂടെ ഭൂമിക്കടിയിലേക്ക് തുരന്ന് കൽക്കരി ഖനനം ചെയ്യുന്ന പ്രാകൃതമായ രീതിയാണ് മേഘാലയയിലെ അനധികൃത ഖനന മാഫിയയുടേത്. ഈ മാളങ്ങളിലൊന്നിലൂടെ സമീപത്തെ സംസ്ഥാനത്തെ അനധികൃത ഖനന മാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തിവരുന്നയാളാണ് ആഗ്നസ്.

നവംബർ എട്ടിനാണ് ആഗ്നസ് കാർഷിങ്ങും അമിത സാങ്മയും അതിക്രൂരമാംവിധം ആക്രമിക്കപ്പെട്ടത്. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിൽ സോഹ്ശ്രിയയിൽ വെച്ചായിരുന്നു ആക്രമണം.

സംസ്ഥാനത്ത് നിരോധനം നിലവിലുള്ള ഖനന രീതിയാണ് റാറ്റ് ഹോൾ മൈനിങ് അഥവാ എലിമാള ഖനനം. ഒരാൾക്ക് കടക്കാവുന്ന ദ്വാരമുണ്ടാക്കി അതിലൂടെ ഭൂമിക്കടിയിലേക്ക് കുഴിച്ചു ചെന്ന് മൈനിങ് നടത്തുന്ന രീതിയാണിത്. ദരിദ്രരായ തൊഴിലാളികളെ അവരുടെ ദാരിദ്ര്യം മുതലെടുത്ത് ഖനന മാഫിയകൾ ഇത്തരം മൈനിങ്ങിനു വേണ്ടി ഉപയോഗിച്ചു വരുന്നു. കാലങ്ങളായി നടക്കുന്ന ഈ മനുഷ്യത്വരഹിതമായ ബിസിനസ്സിനു നേരെ സർക്കാർ കണ്ണടയ്ക്കുന്നു.

മനുഷ്യാവകാശങ്ങളുടെ പച്ചയായ ഈ ലംഘനത്തിനെതിരെ ശബ്ദമുയർത്തിയതാണ് ആഗ്നസ്സിനെതിരെ ആക്രമണമുണ്ടാകാൻ കാരണം. 55കാരിയായ ആഗ്നസ്സിനെയും സാങ്മയെയും പൊലീസ് രക്ഷപ്പെടുത്തുമ്പോൾ ഇരുവരുടെയും ജീവൻ ശരീരത്തിലുണ്ടെന്നു മാത്രം പറയാവുന്ന അവസ്ഥയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ഒരു മാസത്തോളം ഷില്ലോങ്ങിലെ ആശുപത്രിയിൽ കഴിഞ്ഞു ഇരുവരും. നിലവിലെ അന്വേഷണത്തിൽ ഇരുവർക്കും തൃപ്തിയില്ല. സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് ഇവര്‍ പറയുന്നത്.

നവംബർ എട്ടിന് ജയിന്തിയ കുന്നുകളിലെ അനധികൃത മൈനിങ് സംബന്ധിച്ച പ്രശ്നങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഇറങ്ങിയതാണ് ആഗ്നസും സാങ്മയും. ഹൈവയേലൂടെ കൽക്കരി നിറച്ച ട്രക്കുകൾ നിർബാധം പായുന്നുണ്ട്. പൊലീസ് നോക്കുകുത്തിയാണ്. സർക്കാർ സംവിധാനങ്ങളൊന്നും ഈ നിയമവിരുദ്ധ നീക്കത്തിനോട് പ്രതികരിക്കുന്നില്ല. കൽക്കരി ഖനനത്തിൽ നിന്നുള്ള വരുമാനം ഖനനം മൂലം കെടുതിയനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കണമെന്നും ചട്ടമുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല. എട്ടിന് രാവിലെ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാനായാണ് ആഗ്നസ് പുറപ്പെട്ടത്. ഒരു മുതിർന്ന പൊലീസുദ്യോഗസ്ഥനെ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു.

ചില പൊലീസ് ചെക്ക് പോസ്റ്റുകൾ സന്ദർശിച്ച് പരിശോധനകൾ നടത്തുകയായിരുന്നു ആഗ്നസ്. ഇതിനിടയിൽ ചിലർ തങ്ങളെ നിരീക്ഷിക്കുന്നത് ആഗ്നസ്സിന്റെ ശ്രദ്ധയിൽ പെട്ടു. ലാദ് റൈമ്പായ് പൊലീസ് ഔട്പോസ്റ്റിൽ പരിശോധന നടത്തവെ ഒരു സ്കോർപിയോ കാറിൽ മുഖം മറച്ച് ഒരാളെത്തി. കൂടി ചില പൊലീസുകാരും ഉണ്ടായിരുന്നു. ഇവിടെ നിന്നും വിട്ടപ്പോഴും ആഗ്നസ്സിനെയും സംഘത്തെയും പലരും പിന്തുടരുന്നുണ്ടായിരുന്നു. പെട്ടെന്ന് കുറെപ്പേർ ചുറ്റും കൂടി. സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു. ട്രക്കുകൾ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തു.

കൂട്ടത്തിൽ ഒരാളെ മാത്രമേ ആഗ്നസ്സിന് തിരിച്ചറിയാനൊത്തുള്ളൂ. ഹാംലിൻ എന്ന ഇയാൾ പിന്നീട് അറസ്റ്റിലായി. ഇയാളാണ് ആഗ്നസ്സിനെ ആദ്യം ആക്രമിച്ചത്.

പ്രദേശത്തെ പാവങ്ങളുടെ ജീവിതം കൽക്കരി ഖനനവുമായി ബന്ധപ്പെട്ടുള്ളതാണെന്നത് തെറ്റായ പ്രചാരണമാണെന്ന് ആഗ്നസ് പറയുന്നു. കൃഷിയാണ് പ്രധാന വരുമാനമാർഗം. ചെറിയ തോതിലുള്ള ലൈം സ്റ്റോൺ ഖനനവും മറ്റും നടക്കുന്നുണ്ടെങ്കിലും അതെല്ലാം കുടിൽ വ്യവസായത്തിന്റെ നിലവാരത്തിലുള്ളവയാണ്. അവ പ്രകൃതിയെ വല്ലാതെ ഉപദ്രവിക്കുന്നവയല്ല. പാവങ്ങൾക്ക് ഏറെ ഉപകാരപ്രദവുമാണ്. എന്നാൽ കൽക്കരി ഖനനത്തിന്റെ സ്ഥിതി അതല്ല. അത് വലിയൊരു മാഫിയയാണ് കൈയാളുന്നത്. പാവങ്ങളെ അവർ ചൂഷണം ചെയ്യുകയാണെന്ന് ആഗ്നസ് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൽക്കരി ഖനനം നടക്കുന്ന മേഖലകളിൽ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് ആഗ്നസ് ചൂണ്ടിക്കാട്ടുന്നു. വെള്ളം മുഴുവൻ വിഷമയമാണ്. ചുവപ്പും ബ്രൗണും നിറമാണ്. പണക്കാർക്ക് വെള്ളം എവിടെനിന്നും വരുത്താം. പാവങ്ങൾ എന്തു ചെയ്യും. ഖനനം പാവങ്ങൾക്ക് ഗുണമുള്ളതാണെന്നു പറയുന്നവർ ഇതൊന്നും കാണുന്നില്ല. പാവങ്ങൾ ഇതിനെതിരെ ഒന്നും പറയാൻ ചെല്ലില്ല. ജീവനിൽ ഭയമുള്ള ആരും ചെല്ലില്ല.

ഖനന മാഫിയയിൽ സമ്പന്നരായ ഖനി മുതലാളിമാരും പൊലീസിലെ ചില ഉദ്യോഗസ്ഥരും മറ്റ് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമെല്ലാമുണ്ട്. ഇവർക്ക് പിന്തുണയായി ചില രാഷ്ട്രീയക്കാരും. അതിശക്തമായ ശൃംഖലയാണിവർ രൂപപ്പെടുത്തിയിട്ടുള്ളത്. കൽക്കരിവണ്ടികൾ പിടികൂടണമെന്ന് ആവശ്യപ്പെടുമ്പോൾ ചില ഘട്ടങ്ങളിൽ പൊലീസ് നടപടിക്ക് നിർബന്ധിതരാകും. എന്നാൽ, ഈ വണ്ടികൾ മോചിപ്പിക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചിറങ്ങും. പിന്നീട് പാവങ്ങളുടെ ജീവനോപാധികൾ തകർക്കുന്നുവെന്ന പ്രചാരണവുമായി ചില കൂട്ടർ രംഗത്തെത്തും. വളരെ ആസൂത്രിതമായാണ് ഇവരുടെ നീക്കങ്ങളെല്ലാമെന്ന് ആഗ്നസ് പറയുന്നു.

ഇപ്പോൾ പതിനഞ്ചോളം ജീവനുകളാണ് ഖനിയിൽ കുടുങ്ങി ഇല്ലാതായിരിക്കുന്നത്. പാവങ്ങളാണ് അവരെല്ലാം. ആര്‍ക്കും അതിൽ ആശങ്കകളില്ല. ഈ വിഷയം എത്ര ഗുരുതരമാണെന്നതിന് മറ്റൊരു ഉദാഹരണം ആവശ്യമില്ല. സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നടപടികളുണ്ടായില്ലെങ്കിൽ ഖനനം ഇനിയും ജീവനുകളെടുക്കും. തന്നെ ആക്രമിച്ച വ്യക്തികൾ യഥാർ‍ത്ഥത്തിൽ ഖനന മാഫിയയുടെ ഏറ്റവും താഴെത്തട്ടിലുള്ള കൈയാളുകളാണെന്ന് ആഗ്നസ് ചൂണ്ടിക്കാട്ടുന്നു. വമ്പന്മാരാരെയും പുറമെ കാണില്ല. കോർപ്പറേറ്റ് ആർത്തി പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. അതിനു വേണ്ടി അവർ പാവങ്ങളെ ഇരയാക്കുകയാണ്.

സിബിഐ അന്വേഷണമല്ലാതെ സംസ്ഥാന സർക്കാരിന്റെ ഒരു ഏജൻസിയുടെയും അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് ആഗ്നസ് പറയുന്നു. ആക്രമണം തനിക്ക് കൂടുതൽ കരുത്തേറ്റുകയാണ് ചെയ്തത്. മാറ്റം വരുന്നതു വരെ പോരാട്ടം തുടരും. പാവങ്ങൾക്കു വേണ്ടിയാണ് തന്റെ പോരാട്ടം. “ശരിയാണ്, ഞാൻ കുറെക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ, പോരാട്ടം അവസാനിപ്പിക്കില്ല.” -ആഗ്നസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍