UPDATES

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കുറ്റപത്രത്തിലെ ആര്‍ജി, എപി, എഫ്എം ഒക്കെ ആര്? കോണ്‍ഗ്രസിനെതിരെ കടന്നാക്രമണവുമായി മോദിയും ജയ്റ്റ്‌ലിയും

ക്രിസ്റ്റ്യന്‍ മിഷേല്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത്. താന്‍ ആരോടും ഇത്തരം പേരുകള്‍ പറഞ്ഞിട്ടില്ല എന്നാണ്.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കുറ്റപത്രത്തിലെ ആര്‍ജി, എപി, എഫ്എം ചുരുക്ക പേരുകള്‍ ചൂണ്ടിക്കാട്ടി ഇത് കോണ്‍ഗ്രസ് നേതാക്കളെ സൂചിപ്പിക്കുന്നതാണ് എന്ന് ആരോപിച്ച് കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും. കരാറിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റിയന്‍ മിഷേലിനെതിരെ ഡല്‍ഹി കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ മോദി തിരഞ്ഞെടുപ്പ് റാലിയില്‍ എടുത്തുകാട്ടി.

നിങ്ങളുടെ കാവല്‍ക്കാരന്‍ (ചൗക്കീദാര്‍) ചില ഇടനിലക്കാരെയൊക്കം ദുബായില്‍ നിന്ന് ഇങ്ങോട്ടെത്തിച്ചു. അയാള്‍ പറഞ്ഞ ചില പേരുകളുണ്ട്. എപി എന്ന് പറയുന്നത് അഹമ്മദ് പട്ടേല്‍, എഫ്എഎം എന്ന് പറയുന്നത് ഫാമിലി. ഇറ്റലിയിലെ മിഷേല്‍ മാമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നിങ്ങള്‍ക്ക് അഹമ്മദ് പട്ടേല്‍ ആരാണ് എന്ന് അറിയുമായിരിക്കും. ക്രിസ്റ്റ്യന്‍ മിഷേല്‍ അഹമ്മദ് പട്ടേലിനെക്കുറിച്ചും ഒരു മിസിസ് ഗാന്ധിയെക്കുറിച്ചും പറയുന്നു. അഹമ്മദ് പട്ടേലിന് അടുപ്പമുള്ള ആ ഫാമിലി ഏതാണ് എന്ന് നിങ്ങള്‍ തന്നെ പറയൂ. ഹെലികോപ്റ്റര്‍ ഇടപാടില്‍ നിന്ന് ആര്‍ക്കാണ് ഗുണം കിട്ടിയത്. ഡെറാഡൂണിലെ റാലിയില്‍ പ്രസംഗിക്കവേ മോദി ചോദിച്ചു.

ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സംശയത്തിന്റെ സൂചി കൃത്യമാണ് എന്നാണ്. തെളിവ് പൂര്‍ണമാണ്. കോണ്‍ഗ്രസിന് ഇതില്‍ ഒന്നും പറയാനുണ്ടാകില്ല എന്നറിയാം. അതേസമയം ക്രിസ്റ്റ്യന്‍ മിഷേല്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത്. താന്‍ ആരോടും ഇത്തരം പേരുകള്‍ പറഞ്ഞിട്ടില്ല എന്നാണ്.

ക്രിസ്റ്റ്യന്‍ മിഷേലിനെ 2018 ഡിസംബറിലാണ് ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ബ്രിട്ടീഷ് പൗരനായ മിഷേല്‍ അടക്കം മൂന്ന് ഇടനിലക്കാരുടെ പങ്കാണ് കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാര്‍ ലഭിക്കുന്നതിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. 2007ല്‍ മന്‍മോഹന്‍ സിംഗിന്റേ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരാണ് കരാര്‍ തീരുമാനിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ വിവിധയിടങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കേയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കാന്‍ ബിജെപിക്ക് അഗസ്റ്റ കുറ്രപത്രം സഹായകമാകുന്നത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും തട്ടിപ്പാണ് എന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍