UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യന്‍ എയര്‍ഫോഴ്‌സും ചെ ഗുവേരയും

Avatar

1932 ഒക്ടോബര്‍ 8
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പിറവികൊള്ളുന്നു

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രൂപം കൊള്ളുന്നത് 1932 ഒക്ടോബര്‍ 8 നാണ്. റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിരുന്നു രൂപീകൃത സമയത്തെ പേര്. സ്വാതന്ത്ര്യാനന്തരമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് പുനഃര്‍നാമകരണം ചെയ്യുന്നത്. ഐ എ എഫിന്റെ ആദ്യത്തെ സ്‌ക്വാഡ്രണ്‍ കമ്മീഷന്‍ ചെയ്യുന്നത് 1933 ലാണ്. കറാച്ചിയിലെ ദ്രിഗ് റോഡിലായിരുന്നു ആസ്ഥാനം. നാല് വെസ്റ്റ്‌ലാന്‍ഡ് വാപിറ്റി ബൈപ്ലൈനുകളായിരുന്നു ഈ സ്‌ക്വാഡ്രണു കീഴിലുണ്ടായിരുന്നത്.

ഈ സ്‌കാഡ്രണിന്റെ കമാന്‍ഡര്‍, റോയല്‍ എയര്‍ഫോഴ്‌സിലെ ലഫ്റ്റനന്റ് സെസില്‍ ബൗച്ചര്‍ ആയിരുന്നു. അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും ഈ സ്‌ക്വാഡ്രണില്‍ അംഗങ്ങളായിരുന്നു. ഹരീഷ് ചന്ദ്ര സിര്‍കാര്‍, സുബ്രതോ മുഖര്‍ജി, ഭൂപേന്ദ്ര സിംഗ്, അയ്‌സാദ് ബക്ഷ് അയ്‌വാന്‍, അമര്‍ജീത് സിംഗ് എന്നിവരായിരുന്നു ഈ ഇന്ത്യന്‍ പൈലറ്റുമാര്‍. ഇതില്‍ ഭൂപേന്ദ്ര സിംഗും അമര്‍ജീതും ഒരു വര്‍ഷത്തിനുള്ളില്‍ നടന്നൊരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.സുബ്രതോ മുഖര്‍ജി പിന്നീട് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ആദ്യ ചീഫ് ആയി സ്ഥാനമേറ്റു. ഹരീഷ് ചന്ദ്ര സിര്‍കര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സേനയില്‍ നിന്ന് പിരിഞ്ഞു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ടപ്പോള്‍ അയ്‌സാദ് ബക്ഷ് അയ്‌വാന്‍ പാക്കിസ്ഥാന്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നു, പിന്നീട് അദ്ദേഹം വിംഗ് കമാന്‍ഡര്‍ ആയി പിരിഞ്ഞു.

സ്വാര്‍ത്ഥകമായ ഉയര്‍ച്ചയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായിരിക്കുന്നത്. അത്യാധുനിക ഫൈറ്റര്‍ ജറ്റുകളായ സുഖോയ്, മിറാഷ്, ജാഗ്വാര്‍ എന്നിവയും സി-17, മ-130,II-76എസ് ട്രാന്‍സ്‌പോട്ടേഴ്‌സുമെല്ലാം ഇന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഭാഗമാണ്.

1967 ഒക്ടോബര്‍ 8
ചെ ഗുവേര പിടിയിലാകുന്നു 

അമേരിക്കന്‍ സാമ്രജ്യത്വത്തില്‍ നിന്ന് ബോളീവിയയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വിപ്ലവകാരി ചെ ഗുവേരയും അനുയായികളും ആ നാട്ടിലേക്ക് പ്രവേശിക്കുന്നത്. അമേരിക്കയുടെ പിണിയാളായി പ്രവര്‍ത്തിക്കുന്ന ബോളീവിയന്‍ പ്രസിഡന്റ് റെനെ ബാരിയെന്റോസിനെതിരെ ഗറില്ല ആക്രമണത്തിലൂടെ വിജയം നേടാനാണ് ചെ ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് അകാല ചരമമടയാനായിരുന്നു വിധി. ബോളീവിയന്‍ സേനയ്ക്ക് ചെയുടെ സംഘത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞു.


1967 ന്റെ പകുതിയോടെ ചെയുടെ വിശ്വസ്തരില്‍ പലരും കൊല്ലപ്പെട്ടു. ഒറ്റുകാരന്റെ സഹായത്തോടെ ബോളീവിയന്‍ സേനയുടെ നേതാവ് യുറോ റാവിന് ഒടുവില്‍ ചെ ഗുവേരയെ വളയാന്‍ സാധിച്ചു.1967 ഒക്ടോബര്‍ 8ന് അവര്‍ ചെയെ പിടികൂടി. തന്നെ വളഞ്ഞ സൈനികരോട് ചെ വിളിച്ചു പറഞ്ഞത്, തന്നെ വെടിവയ്ക്കരുതെന്നായിരുന്നു. ”ഞാന്‍ ചെ ഗുവേരയാണ്, എന്റെ മൃതദേഹത്തെക്കാള്‍ മൂല്യം ജീവനോടെയുള്ള എനിക്കു തന്നെയായിരിക്കും”. ചെ അവരോട് പറഞ്ഞു. പിടികൂടിയതിന് ഒരു ദിവസത്തിനുശേഷം ചെ ഗുവേരയെ അവര്‍ വധിച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍