UPDATES

എയര്‍ ഇന്ത്യ ബാക്കിയാക്കുന്ന ചരിത്രങ്ങള്‍

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച വിമാന സര്‍വീസുകളിലൊന്നായാണ് എയര്‍ ഇന്ത്യയെ കണക്കാക്കുന്നത്

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒടുവില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ അസാധാരണ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഇതുമൊരു ചരിത്രപരമായ നടപടിയായിരിക്കുമെന്നതില്‍ സംശയമില്ല.

കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇപ്പോഴുള്ള നഷ്ടം നികത്തുക എന്നതിനേക്കാള്‍ എയര്‍ ഇന്ത്യ വില്‍ക്കുക എന്നതു തന്നെ മുന്നില്‍ കണ്ടുകൊണ്ടുളള നീക്കമാണ് എന്നതാണ് പുതിയ തീരുമാനം നല്‍കുന്ന സൂചനകള്‍. എത്ര ഓഹരികള്‍ വില്‍ക്കും തുടങ്ങിയ കാര്യങ്ങള്‍ തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരുമാനിക്കുമെന്നും ഇതിനുള്ള അന്തിമ കാര്യങ്ങള്‍ക്ക് രൂപം നല്‍കി വരികയാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസ് സ്വകാര്യവത്ക്കരിക്കുമോ എന്ന് തീര്‍ത്തു പറയാന്‍ ജയ്റ്റ്‌ലി തയറായതുമില്ല.

ഏറെക്കാലമായി നഷ്ടത്തിലാണ് എയര്‍ ഇന്ത്യ. ഇപ്പോള്‍ ഏകദേശം 50,000 കോടി രൂപ എയര്‍ ഇന്ത്യക്ക് വാര്‍ഷിക കടമായി ഉണ്ടെന്നാണ് കണക്ക്. പലിശ ഇനത്തില്‍ മാത്രം 4,500 കോടി രൂപ വരും. എയര്‍ ഇന്ത്യയെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി 2012-ല്‍ പ്രഖ്യാപിച്ച കടമെഴുതി തള്ളല്‍ വഴി 24,000 കോടി രൂപ ഖജനാവില്‍ നിന്ന് നല്‍കിയിരുന്നു. ഇതിന്റെ ബലത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോഴും മുന്നോട്ടു പോകുന്നത്.

തിളങ്ങുന്ന ചരിത്രം
റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറപ്പിച്ചതിന് ഏഴു മാസങ്ങള്‍ക്കു ശേഷം 1904 ജൂലൈ 29-നാണ് ജെ.ആര്‍.ഡി ടാറ്റ ജനിക്കുന്നത്. പാരീസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എയര്‍ ഇന്ത്യക്ക് രൂപം നല്‍കിയതില്‍ ടാറ്റയ്ക്കുള്ള പങ്ക് വളരെ വലുതായിരുന്നു. 1909-ല്‍ ഇംഗ്ലീഷ് ചാനലിനു കുറുകെ ആദ്യമായി പറന്ന പൈലറ്റ് Louis Bleriot താമസിച്ചിരുന്ന ഫ്രാന്‍സിലെ Hardelot എന്ന ബീച്ച് ടൗണിലായിരുന്നു ടാറ്റ കുടുംബം അവധി ദിവസങ്ങള്‍ ചെലവിട്ടിരുന്നത്.

1927-ല്‍ Charles Lindbergh അറ്റ്‌ലാന്റികിന് കുറുകെ വിമാനം പറപ്പിക്കുന്നതു വരെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമായിരുന്നു Bleriot. ടാറ്റ കുടുംബം താമസിച്ചിരുന്ന വീടിനടുത്തായിരുന്നു ബീച്ചില്‍ Bleriot-ന്റെ വിമാനം അക്കാലത്ത് ലാന്‍ഡ് ചെയ്തിരുന്നത്. അന്ന് ചെറുപ്പമായിരുന്ന ജെ.ആര്‍.ഡി ടാറ്റയെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതകരമായ കാഴ്ചയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സമയം, 15 വയസുള്ള ടാറ്റ തന്റെ ആദ്യ വിമാന യാത്ര നടത്തി; Caudron Bagnet എന്ന ആദ്യകാല ഫ്രഞ്ച് വിമാനത്തില്‍.

പറക്കലിനോട് ജെ.ആര്‍.ഡി ടാറ്റയ്ക്ക് തോന്നിയ കമ്പം കലശലായിരുന്നു. ഒടുവില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വ്യോമയാന ചരിത്രം എഴുതുന്നതിനും തിരുത്തിയെഴുതുന്നതിനും വരെ കാരണമായി.

തന്റെ ആദ്യ പറക്കലിന് 10 വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയിലുള്ള ഇന്ത്യയിലെ ആദ്യ ഫൈ്‌ളയിംഗ് ക്ലബില്‍ നിന്ന് ജെ.ആര്‍.ഡി ടാറ്റ പഠനം പൂര്‍ത്തിയാക്കി. 1929-ല്‍ ഇന്ത്യയിലെ ആദ്യ സര്‍ട്ടിഫൈഡ് പൈലറ്റ്. മൂന്നു മണിക്കൂറും 40 മിനിറ്റും നീണ്ട ഡ്യുവല്‍ ഫൈ്‌ളയിംഗിനു ശേഷം ഒറ്റയ്ക്ക് വിമാനം പറത്താനുള്ള അനുമതി ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ‘എ’ ലൈസന്‍സും.

“ഫെഡറേഷന്‍ എയറോനോട്ടിക് ഇന്റര്‍നാഷണലിന്റെ പേരില്‍ എയറോ ക്ലബ് ഓഫ് ഇന്ത്യ ആന്റ് ബര്‍മ 1929 ഫെബ്രുവരി 10-നു നല്‍കിയ നീലയും സ്വര്‍ണ നിറവും ചേര്‍ന്ന ആ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിടത്തോളം ത്രില്‍ ഞാന്‍ പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ല. അതില്‍ നമ്പര്‍ 1 എന്ന് രേഖപ്പെടുത്തിയത് എനിക്ക് അഭിമാനകരമായിരുന്നെങ്കിലും ഇന്ത്യയില്‍ ആദ്യമായി വിമാനം പറപ്പിക്കാന്‍ യോഗ്യത നേടുന്ന ആള്‍ എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും അതില്‍ ഉണ്ടായിരുന്നില്ല”– ദശകങ്ങള്‍ക്കു ശേഷം തന്റെ ജീവചരിത്രകാരനായ ആര്‍.എം ലാലയോട് ജെ.ആര്‍.ഡി ടാറ്റ പറഞ്ഞു.

ലൈസന്‍സ് കിട്ടി ആറാഴ്ചയ്ക്കകം, അക്കാലത്ത് മിഡില്‍ ഈസ്റ്റിലുണ്ടായിരുന്ന റോയല്‍ എയര്‍ ഫോഴ്‌സില്‍ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായിരുന്നു നെവില്‍ വിന്‍സെന്റ്‌. അദ്ദേഹവുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതികള്‍ക്കായി ജെ.ആര്‍.ഡി ടാറ്റ തുടക്കം കുറിച്ചു. 1929 മാര്‍ച്ച് 20-ന്, ബോംബെയ്ക്കും കറാച്ചിക്കുമിടയില്‍ മെയില്‍ സര്‍വീസ് ആരംഭിക്കാന്‍ താത്പര്യമുണ്ടോ എന്നാരാഞ്ഞ് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് കത്തയച്ചു. സര്‍ക്കാരിനു താത്പര്യമുണ്ടായിരുന്നു. പക്ഷേ, കറാച്ചിയില്‍ നിന്ന് അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഡല്‍ഹിയിലേക്കായിരുന്നു അത്. ഈ കത്ത് ലഭിച്ച് ഒരു മാസത്തിനകം ബ്രീട്ടീഷ് ഉടമസ്ഥയിലുള്ളതും പില്‍ക്കാലത്ത് ബ്രീട്ടീഷ് ഏയര്‍വേസില്‍ ലയിച്ചതുമായ ഇംപീരിയല്‍ എയര്‍വേസ് ഇന്ത്യയില്‍ നിന്നുള്ള കത്തുകളുമായി കറാച്ചിയില്‍ വന്നിറങ്ങി.

അവിടെ നിന്ന് ബോംബെയിലേക്ക് ഒരു കണക്ഷ്ന്‍ വിമാനം എന്നത് വളരെ എളുപ്പമായിരുന്നു. തുടര്‍ന്ന് 1.25 ലക്ഷം രൂപ സഹായമായി ആവശ്യപ്പെട്ടു കൊണ്ട് ടാറ്റ സര്‍ക്കാരിന് കത്തെഴുതി. എന്നാല്‍ ഇത്തരത്തിലൊരു സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. 1929-നും 31-നും ഇടയില്‍ തങ്ങളുടെ പദ്ധതികള്‍ വിവരിച്ചു കൊണ്ട് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിരവധി കത്തുകളെഴുതി. ജെ.ആര്‍.ഡി ടാറ്റയുടെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെട്ട സമയമായിരുന്നു ഇതെന്ന് ലാല പിന്നീട് എഴുതുന്നുണ്ട്.

സര്‍ക്കാര്‍ നമ്മളെ ഒരു ശല്യക്കാരായാണ് കാണുന്നതെന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് നിങ്ങള്‍ക്കെന്നെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നാണ്. അടുത്ത ഒരു നൂറു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു യെസ് അല്ലെങ്കില്‍ നോ പറയാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന് താങ്കള്‍ കണ്ടെത്തണം”– 1931 ഡിസംബര്‍ ഒമ്പതിന് ടാറ്റ, വിന്‍സെന്റിന് എഴുതി. അങ്ങനെ ജെ.ആര്‍.ഡി ടാറ്റയുടെ നിര്‍ബന്ധബുദ്ധിയാല്‍ ടാറ്റ ഏവിയേഷന്‍ സര്‍വീസിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ കാലഘട്ടം ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷം ജെ.ആര്‍.ഡി ഇക്കാര്യങ്ങളെ കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെയാണ്: “1932-ലെ ഒക്‌ടോബറിലെ ഒരു പ്രഭാതത്തില്‍ ഒരു ലോഡ് കത്തുകളുമായി കറാച്ചിയില്‍ നിന്നുള്ള ഉദ്ഘാടന യാത്രയില്‍ ഞാന്‍ ഒരു Puss Moth വിമാനത്തില്‍ ബോംബെയ്ക്ക് പറന്നു. മണിക്കുറില്‍ നൂറു മൈല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തവേ, ഈ പദ്ധതി വിജയം കണ്ടതിലും ഇതിനായി പരിശ്രമിച്ചവര്‍ സുരക്ഷിതരാണ് എന്നതിലും ഞാന്‍ നിശബ്ദമായി പ്രാര്‍ഥിച്ചു. അക്കാലത്ത് ഞങ്ങളൊരു ചെറിയ സംഘമായിരുന്നു. ഞങ്ങള്‍ വിജയവും തോല്‍വിയും, സന്തോഷവും വേദനയും എല്ലാം ഒരുമിച്ച് പങ്കിട്ടു. അങ്ങനെ അതൊടുവില്‍ ആദ്യം എയര്‍ ഇന്ത്യയും പിന്നീട് എയര്‍ ഇന്ത്യ ഇന്റനാഷണലുമായി രൂപപ്പെട്ടു”.

വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനും എട്ട് റാത്തല്‍ കത്തുകള്‍ അവിടെ നല്‍കുന്നതിനുമായി ടാറ്റ അഹമ്മദാബാദില്‍ വിമാനമിറക്കി. നാലു ഗാലന്‍ പെട്രോളുമായി റണ്‍വേയിലേക്ക് ഒരു കാളവണ്ടി ഉരുണ്ടു വന്നു. അത് ആ ചെറിയ വിമാനത്തിന്റെ ടാങ്കിലൊഴിച്ചു- ലാല എഴുതുന്നു. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത്, എന്നാല്‍ അധികം പ്രശ്‌നങ്ങളൊന്നുമില്ലാതെ 55 റാത്തല്‍ കത്തുകളുമായി ടാറ്റയുടെ വിമാനം ഒടുവില്‍ ബോംബെയിലെത്തി. അന്നത്തെ മദ്രാസ്, ട്രിവാന്‍ഡ്രം എന്നിവിടങ്ങളിലേക്കും ടാറ്റ കത്തുകള്‍ ഈ വിധം എത്തിച്ചിരുന്നു; വിന്സന്റ് ആയിരുന്നു ഇതിന്റെ ചുമതലക്കാരന്‍.

എല്ലാ വെളളിയാഴ്ച വൈകുന്നേരങ്ങളിലും ഇംഗ്ലണ്ടില്‍ നിന്ന് ഇംപീരിയല്‍ എയര്‍വേസ് കറാച്ചിയിലെത്തി കത്തുകള്‍ ടാറ്റ ഏവിയേഷന്‍ സര്‍വീസിന് കൈമാറും. അവരുടെ Puss Moth വിമാനം പിറ്റേന്ന് രാവിലെ അവിടെ നിന്ന് തിരിക്കും. കത്തുകളുടെ വിതരണം പൂര്‍ത്തിയാക്കി വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകളുമായി ടാറ്റയുടെ വിമാനം തിരിച്ചെത്തുന്ന ബുധനാഴ്ച വരെ ഇംപീരിയല്‍ എയര്‍വേസ് കറാച്ചിയില്‍ കാത്തുകിടക്കും. അവിടെയുണ്ടായിരുന്ന വലിയ പ്രശ്‌നം ഇംപീരിയല്‍ എയര്‍വേസ് എല്ലായ്‌പ്പോഴും വൈകിയാണ് എത്തിക്കൊണ്ടിരുന്നത് എന്നതായിരുന്നു.

1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ എല്ലാ വ്യോമയാന പരിപാടികളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ടാറ്റയുടെ വിമാനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും ചെയ്തു. ടാറ്റയുടെ ആദ്യ നാല് എഞ്ചിനുകളുള്ള De Havilland 86 വിമാനം തീരദേശ മേഖലകളിലെ ഓപ്പറേഷനുകള്‍ക്കായിരുന്നു ഉപയോഗിച്ചത്.

ഇതിനിടെ, ഇന്ത്യയില്‍ ഒരു വിമാന നിര്‍മാണ കമ്പനി ആരംഭിക്കുക എന്ന ഉദ്ദേശത്തോടെ വിന്‍സെന്റ് 1942-ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഒരു ഹഡ്‌സണ്‍ ബോംബറില്‍ യാത്ര ചെയ്തിരുന്ന ഈ മുന്‍ റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റിന്റെ വിമാനം ഫ്രാന്‍സിന്റെ തീരത്തുവച്ച് ശത്രുസൈന്യങ്ങള്‍ വെടിവച്ചു വീഴ്ത്തി എന്നാണ് കരുതപ്പെടുന്നത്. വിന്‍സെന്റിന്റെ ജീവിതം അറ്റ്‌ലാന്റിക്കില്‍ അവസാനിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഏതാനും മാസങ്ങള്‍ക്കു ശേഷം, ടാറ്റയും കേന്ദ്ര സര്‍ക്കാരും പബ്ലിക്കും ഉള്‍പ്പെട്ട എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര വിമാന സര്‍വീസ് ആശയം ജെ.ആര്‍.ഡി ടാറ്റ മുന്നോട്ടുവച്ചു. സ്വാതന്ത്ര്യത്തിനു ശേഷം അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇതിന് അനുമതി നല്‍കി. അങ്ങനെ 1948 ജൂണ്‍ എട്ടിന് ആദ്യ ബോംബെ-ലണ്ടന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ വ്യോമസേന ഇന്ത്യന്‍ താവളങ്ങളില്‍ അവശേഷിപ്പിച്ച Dakotas വിമാനങ്ങള്‍ വാങ്ങിക്കൊണ്ട് ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ സര്‍വീസ് നടത്തി ജെ.ആര്‍.ഡി ടാറ്റ എയര്‍ലൈനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാന സര്‍വീസുകളിലൊന്നായി ഇതിനെ മാറ്റുകയും ചെയ്തു. 1952-ല്‍ വ്യോമയാന മേഖല ദേശസാത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എയര്‍ ഇന്ത്യ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായിരിക്കാന്‍ ടാറ്റയെ തന്നെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് 1978 വരെ അദ്ദേഹമായിരുന്നു എയര്‍ ഇന്ത്യയെ നയിച്ചത്.

1968-ല്‍ ഡെയ്‌ലി മെയ്‌ലിന്റെ ജൂലിയന്‍ ഹോളണ്ട് താന്‍ യാത്ര ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ച വിമാന സര്‍വീസായി എയര്‍ ഇന്ത്യയെ തെരഞ്ഞെടുത്തു. “റോമില്‍ വിമാനം ഒരു മണിക്കൂര്‍ താമസിച്ചപ്പോള്‍ ഞാന്‍ കുറച്ച് ചോക്ലേറ്റുകള്‍ സീറ്റില്‍ വച്ചിട്ടാണ് പുറത്ത് പോയത്. തിരിച്ചു വന്നപ്പോള്‍ അതവിടെ തന്നെ ഉണ്ടായിരുന്നു എന്നു മാത്രമല്ല, സൂര്യപ്രകാശം തട്ടി ചോക്ലേറ്റുകള്‍ അലിഞ്ഞു പോകാതിരിക്കാനായി വിമാനത്തിന്റെ ജനാലകള്‍ മറച്ചിരിക്കുന്നതാണ് കാണുന്നത്”– അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായിരുന്നു എയര്‍ ഇന്ത്യ സര്‍വീസിന്റെ അന്നത്തെ മേന്മ.

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച വിമാന സര്‍വീസുകളിലൊന്നായാണ് ജറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡേറ്റ ഇവാല്വേഷന്‍ സെന്റര്‍ (JACDEC) എയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന അപകടങ്ങള്‍, മറ്റ് ഗുരുതരമായ സംഭവങ്ങള്‍ എന്നിവ ഈ സമയത്തെ യാത്രക്കാരുടെ എണ്ണവുമായി കണക്കാക്കിയാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്.

JACDEC-ന്റെ കണക്കനുസരിച്ച് ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച 10 വിമാന സര്‍വീസുകള്‍.

1. Cathay Pacific Airways- China, Hong-Kong, 2. Air New Zealand- New Zealand, 3.  Hainan Airlines- China, 4. Qatar Airways- Qatar, 5. KLM- Netherland, 6. EVA Air- Taiwan, 7. Emirates- UAE, 8. Etihad Airways- UAE, 9. QANTAS- Australia, 10. Japan Airlines- Japan.

ഇതില്‍ 40-ാം സ്ഥാനത്താണ് എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന മറ്റൊരു കമ്പനി ജെറ്റ് എയര്‍വേസിന്റെ സ്ഥാനം – 38.

പുതിയ വഴിയില്‍?
എയര്‍ ഇന്ത്യ ഏറ്റെടുക്കുന്ന കാര്യത്തില്‍ ടാറ്റാ ഗ്രൂപ്പും സര്‍ക്കാരുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യ വീണ്ടും പഴയ ഉടമസ്ഥരിലേക്ക് തന്നെ വന്നു ചേരും. എന്നാല്‍ ഇന്നുണ്ടായിരിക്കുന്ന സംഭവവികാസങ്ങളനുസരിച്ച് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്‍ഡിഗോയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് വ്യോമയാന വൃത്തങ്ങള്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ച് ആദ്യം സര്‍ക്കാരിനുണ്ടായിരുന്ന പദ്ധതി സര്‍ക്കാര്‍ വിമാന കമ്പനി നടത്തുന്നതില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുക എന്നതായിരുന്നു എന്നാണ് വ്യേമയാന വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എയര്‍ ഇന്ത്യക്കുള്ള ബാധ്യതയായ 60,000 കോടി രൂപയില്‍ പകുതി ബാങ്കുകളുടെ സഹായത്തോടെ എഴുതി തളളാനും അതുവഴി ഖജനാവിന് നഷ്ടം കുറയ്ക്കാനുമായിരുന്നു ആലോചന. എന്നാല്‍ എഴുതിത്തള്ളുന്നത് എയര്‍ ഇന്ത്യക്കുള്ള സ്വത്തുക്കളുമായി തട്ടിച്ചു നോക്കുമ്പോള്‍ സാധ്യമല്ല എന്നതിനാല്‍ 21,000 കോടി രൂപയോളം വരുന്ന എയര്‍ക്രാഫ്റ്റ് വായ്പയുടെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായേക്കും എന്നാണ് പുതിയ വാര്‍ത്തകള്‍.

വ്യോമയാന മന്ത്രാലയം കണക്കുകൂട്ടുന്നത് അനുസരിച്ച് എയര്‍ ഇന്ത്യയുടെ ഭൗതിക സ്വത്തുക്കള്‍ ഏകദേശം 25,000-30,000 കോടി രൂപ വരുമെന്നാണ്. ഇതില്‍ എയര്‍ ഇന്ത്യയുടെ 115 മികച്ച വിമാനങ്ങള്‍, കെട്ടിടങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, ഫൈ്‌ളയിംഗ്/ലാന്‍ഡിംഗ് റൈറ്റ്‌സ്, ലോകമെമ്പാടുമുളള വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയവ ഉള്‍പ്പെടും. 2018 മാര്‍ച്ചോടു കൂടി എയര്‍ ഇന്ത്യ സര്‍വീസ് പൂര്‍ണമായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. എയര്‍ ഇന്ത്യയുടെ കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം, ഒരു ചെറിയ ഓഹരി കമ്പനിയില്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒന്നുകില്‍ 100 ശതമാനം, അല്ലെങ്കില്‍ 74, കുറഞ്ഞാല്‍ 51 ശതമാനം ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് പോവുമെന്നും സര്‍ക്കാരിന്റെ ഭൂരിപക്ഷ ഓഹരി എന്നത് അവസാനിക്കുമെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുു.

എയര്‍ ഇന്ത്യയുടെ ലാഭമുണ്ടാക്കുന്ന അനുബന്ധ സ്ഥാപനങ്ങളുടെ ഓഹരികള്‍ തുടക്കമെന്ന നിലയില്‍ വിറ്റഴിക്കണമെന്ന് നീതി ആയോഗ് തങ്ങളുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിനു ശേഷം 2016 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ആദ്യമായി 105 കോടി രൂപ നടത്തിപ്പ് ഇനത്തില്‍ ലാഭമുണ്ടാക്കിയിരുന്നു. അതോടൊപ്പം, ആകെയുള്ള നഷ്ടം 2,636 കോടി രൂപയായും കുറച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ 107 കോടി രൂപ നടത്തിപ്പ് ഇനത്തില്‍ ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നത്. 12,000 തൊഴിലാളികളാണ് എയര്‍ ഇന്ത്യക്ക് ഇപ്പോഴുള്ളത്. അതിനൊപ്പം, പൈലറ്റുമാരെ കരാര്‍ വ്യവസ്ഥയയില്‍ നിയമിക്കുന്നുമുണ്ട്. 2020 ആകുന്നതോടെ 85 പുതിയ വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍