UPDATES

ട്രെന്‍ഡിങ്ങ്

വ്യോമസേന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ മിസൈല്‍ കൊണ്ട് തകര്‍ന്നത് തിരഞ്ഞെടുപ്പ് കഴിയും വരെ വിവരം മറച്ചുവയ്ക്കാന്‍ സമ്മര്‍ദ്ദമെന്ന് ആരോപണം

അന്വേഷണം മന്ദഗതിയില്‍ പോയാല്‍ മതിയെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അജയ് ശുക്ല പറയുന്നു.

പാകിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഫെബ്രുവരി 27ന് ജമ്മു കാശ്മീരിലെ ബഡ്ഗാമില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് സംബന്ധിച്ച് ഏറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു. വ്യോമസേന ഹെലികോപ്റ്റര്‍ പാക് സേന വെടി വച്ച് വീഴ്ത്തിയതാണ് എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ക്ക് ശേഷം അവസാനം കണ്ടെത്തിയ ഇന്ത്യന്‍ മിസൈല്‍ ഏറ്റാണ് ആറ് സൈനികരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടമുണ്ടായത് എന്നാണ് വ്യക്തമായിരുന്നു. ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവയ്ക്കാനാണ് സൈന്യം ശ്രമിക്കുന്നത് എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നു. ഇപ്പോള്‍ ഇത് ശരിവയ്ക്കുകയാണ് മുന്‍ ആര്‍മി കേണലും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് കേണലുമായ അജയ് ശുക്ലയുടെ റിപ്പോര്‍ട്ട്.

ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ കണ്ടെത്തലുകള്‍ മറച്ചുവയ്ക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു എന്നാണ് അജയ് ശുക്ലയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യന്‍ മിസൈല്‍ ഏറ്റാണ് ആറ് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടത് എന്ന് വ്യോമസേനയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തരുന്നു.

എയര്‍ കോമ്മഡോര്‍ റാങ്കിലുള്ള മുതിര്‍ന്ന ഹെലികോപ്റ്റര്‍ പൈലറ്റിനെ ഉദ്ധരിച്ചാണ് പ്രതിരോധ, വിദഗ്ധനായ അജയ് ശുക്ല ഇക്കാര്യം ബ്ലോഗില്‍ പറയുന്നത്. പാകിസ്താനി വിമാനം എന്ന് തെറ്റിദ്ധരിച്ച് ശ്രീനഗറിലെ വ്യോമത്താവളത്തില്‍ നിന്ന് മിസൈല്‍ വിടുകയായിരുന്നു. ശ്രീനഗര്‍ എയര്‍ബേസില്‍ ഇറങ്ങാനായി വരുകയായിരുന്നു എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍. എല്ലാ വ്യോമസേന എയര്‍ക്രാ്ഫ്റ്റുകളും സേഫ് എയര്‍ കോറിഡോറിലൂടെ വരണം എന്നാണ് ചട്ടം. എന്നാല്‍ മാത്രമേ ഗ്രൗണ്ട് മിസൈല്‍ യൂണിറ്റുകള്‍ക്ക് അത് സ്വന്തം വിമാനമാണോ അതോ ശത്രുവിമാനമാണോ എന്ന് മനസിലാക്കാനാകൂ. എം 17 വി 5 ഹെലികോപ്റ്റര്‍ എന്തുകൊണ്ട് സേഫ് കോറിഡോറിലൂടെയല്ലാതെ വന്നു എന്ന കാര്യം ദുരൂഹമാണ്. റഡാറില്‍ എയര്‍ക്രാഫ്റ്റ് കണ്ടെത്തിയപ്പോള്‍ അത് പാക് വിമാനമാണ് എന്നാണ് ഇന്ത്യന്‍ സേന കരുതിയത്. ഇസ്രയേല്‍ നിര്‍മ്മിത ഹ്രസ്വദൂര സര്‍ഫേസ് ടു എയര്‍ മിസൈല്‍ ആണ് ഉപയോഗിച്ചത്. 20 കിലോമീറ്ററോളമാണ് ഇതിന്റെ ദൂരപരിധി.

ഐഡന്റിഫിക്കേഷന്‍ ഫ്രണ്ട് ഓര്‍ ഫോ (ഐഎഫ്എഫ്) എന്ന സംവിധാനം എല്ലാ വ്യോമസേന വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമുണ്ട്. ഇത് കോഡഡ് സിഗ്നല്‍ നല്‍കും. എന്നാല്‍ തകര്‍ന്ന ഹെലികോപ്റ്ററിലെ ഐഎഫ്എഫ് സംവിധാനം സ്വിച്ച് ഓഫ് ആയിരുന്നു. ഗ്രൗണ്ട് മിസൈല്‍ യൂണിറ്റുകള്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തുന്ന സാഹര്യങ്ങളില്‍ ഐഎഫ്ഫ് തീര്‍ച്ചയായും ഓണ്‍ ആയിരിക്കണം. ഇത്തരത്തില്‍ ഗുരുതരമായ തെറ്റുകളാണ് സംഭവിച്ചിരിക്കുന്നത്. ഇത് എന്തുകൊണ്ട് എന്നത് സംബന്ധിച്ച് വ്യോമസേന അന്വേഷണം തുടരുകയാണ്.

അന്വേഷണം മന്ദഗതിയില്‍ പോയാല്‍ മതിയെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അജയ് ശുക്ല പറയുന്നു. ബലാകോട്ട് വ്യോമാക്രമണവും പാകിസ്താന്റെ എഫ് 16 വിമാനം വെടിവച്ച് വീഴ്ത്തിയതുമെല്ലാം ബിജെപി വലിയ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാക്കി മുന്നോട്ട് പോകുന്നതിനിടയില്‍ ഇന്ത്യന്‍ മിസൈല്‍ കൊണ്ട് ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് സര്‍ക്കാരിന് വലിയ ക്ഷീണമാകും എന്ന വിലയിരുത്തലിലാണത്. എന്നാല്‍ അന്വേഷണം തുടരുകയാണ് എന്നാണ് എയര്‍ഫോഴ്‌സ് നല്‍കുന്ന മറുപടി. അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകും എന്ന് പറയാന്‍ കഴിയില്ല എന്നും പറയുന്നു.

അതേസമയം അജയ് ശുക്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല എന്നാണ് വ്യോമസേനയുടെ പ്രതികരണം. എയര്‍ഫോഴ്‌സിന്റെ കോര്‍ട്ട് ഓഫ് എന്‍ക്വയറി ഇത്തരത്തലൊരു കണ്ടെത്തല്‍ നടത്തിയിട്ടില്ല എന്നും ഇത് അജയ് ശുക്ലയുടെ ഭാവന മാത്രമാണെന്നും പ്രതികരണത്തില്‍ പറയുന്നു. വിമാന അപകടങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് സമയമെടുക്കും. മുമ്പ് നടന്ന ഇത്തരം അന്വേഷണങ്ങളെല്ലാം ഇത്തരത്തിലാണ് പൂര്‍ത്തിയാക്കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. തിരഞ്ഞെടുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല.

വായനയ്ക്ക്:
https://ajaishukla.blogspot.com/2019/04/damning-iaf-findings-on-india-shooting.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍