UPDATES

EDITORIAL: ഈ ജനാധിപത്യത്തിന് കൂടുതൽ മെച്ചപ്പെട്ട സൂക്ഷിപ്പുകാരെ വേണം

രാജ്യത്തെ പരമോന്നതകോടതിയിൽ സി ബി ഐ വിഷയത്തിൽ ഇപ്പോൾ നടക്കുന്ന നാടകം കണ്ടാൽ മതി നമ്മുടെ ജനാധിപത്യം എത്ര അഴുകിയിരിക്കുന്നു എന്ന് മനസിലാക്കാൻ

സി ബി ഐ വിഷയത്തിൽ സുപ്രീം കോടതി എന്ത് ഉത്തരവിടും എന്നത് പ്രശ്നമല്ല. സി ബി ഐ മേധാവിയേയും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥരെയും കുറിച്ച് സർക്കാർ എന്ത് പറയും എന്നതും പ്രശ്നമല്ല. നിരീക്ഷകർ നിങ്ങളോട് എന്ത് പറയും എന്നതിലും കാര്യമില്ല. ഇന്ത്യ താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യൻ ജനാധിപത്യത്തിന്റെ താഴോട്ടുള്ള വീഴ്ച വലിയൊരു തകർച്ചയോടെ അവസാനിച്ചേക്കും.

രാഷ്ട്രീയക്കാർക്ക് ഇഷ്ടമാകില്ലെങ്കിലും, ഏതു പ്രത്യയശാസ്ത്രത്തിന്റെ ഒപ്പമുള്ളവരായാലും പൊതുജനം ഒരു നിലപാടെടുക്കേണ്ട സമയമായിരിക്കുന്നു. കാരണം, നിങ്ങളുടെ സ്വാതന്ത്ര്യം, നിങ്ങളുടെ ജീവിതം, നിങ്ങളുടെ ജനാധിപത്യം, നിങ്ങളുടെ ഭരണഘടന എല്ലാം അപകടത്തിലാണ്.

രാജ്യത്തെ പരമോന്നത കോടതിയിൽ സി ബി ഐ വിഷയത്തിൽ ഇപ്പോൾ നടക്കുന്ന നാടകം കണ്ടാൽ മതി നമ്മുടെ ജനാധിപത്യം എത്ര അഴുകിയിരിക്കുന്നു എന്ന് മനസിലാക്കാൻ. സി ബി ഐ ഡി ഐ ജി മനീഷ് കുമാർ സിൻഹ തിങ്കളാഴ്ച സുപ്രീം കോടതിയിൽ പറഞ്ഞത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഇന്ത്യയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥൻ, പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സഹായി, രാജ്യത്തിന്റെ സുരക്ഷ രൂപപ്പെടുത്തുന്നയാൾ, സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും, രഹസ്യാന്വേഷണ വിഭാഗങ്ങളെയും നിയന്ത്രിക്കുന്ന ആൾ, ആണവായുധങ്ങൾക്കു മേൽ നിർണായക നിയന്ത്രണമുള്ള മനുഷ്യൻ, സി ബി ഐ പ്രത്യേക ഡയറക്ടർ രാകേഷ് അസ്താനക്കെതിരെയുള്ള അന്വേഷണം തടസപ്പെടുത്താൻ ഇടപെട്ടു എന്നാണ്. അസ്താനയുടെ വീട്ടിൽ നടത്താനിരുന്ന പരിശോധന തടഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സി ബി ഐയെ അവരുടെ ജോലി ചെയ്യുന്നതിൽ നിന്നും തടയുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവർക്ക് മുന്നിൽ തന്റെ ഹർജി നൽകിയ സിൻഹ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം നിരസിക്കപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി ബി ഐ ഡയറക്ടർ അലോക് വർമയുടെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കുകയുണ്ടായില്ല. തനിക്കെതിരായ ആരോപണങ്ങളിൽ ചീഫ് വിജിലൻസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിനുള്ള വർമയുടെ മറുപടി തിങ്കളാഴ്ച നൽകിയിരുന്നു. പരസ്പരം ഏറ്റുമുട്ടലിലുള്ള വർമയേയും അസ്താനയെയും ഒക്ടോബർ 23-നു ചുമതലകളിൽ നിന്നും ഒഴിവാക്കി അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ സമീപിച്ചു.

ആദ്യം പറയാം, വർമയും അസ്താനയും തമ്മിലുള്ള പോരാട്ടം ദേശീയ മാധ്യമങ്ങളും മോദി സർക്കാരും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പോലെ സി ബി ഐക്കുള്ളിലെ പോരാട്ടമല്ല, മറിച്ച് സി ബി ഐയെ കയ്യടക്കാനുള്ള മോദി സർക്കാരിന്റെ നഗ്നമായ, പരുക്കൻ ശ്രമമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി എന്തു പറയുന്നു എന്നത് വാസ്തവത്തിൽ കാര്യമാകുന്നില്ല. പക്ഷെ നമ്മെ ആശങ്കപ്പെടുത്തുന്നത് ഇന്ത്യ എന്തൊരു ഇരുണ്ട യുഗത്തിലാണ് എന്നതാണ് സിൻഹയുടെ ഹർജിയിലൂടെ വെളിപ്പെടുന്നത് എന്നാണ്. ഇനിയും നീണ്ട കാലം സേവനകാലമുള്ള ഒരു ഇടത്തരം ഐ എ എസ് ഉദ്യോഗസ്ഥനാണ് അയാൾ.

താൻ മേൽനോട്ടം വഹിക്കുന്ന അസ്താനക്കെതിരെ നടത്തുന്ന അന്വേഷണത്തെ അട്ടിമറിക്കാനാണ് തന്നെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതെന്ന് അയാൾ വാദിക്കുന്നു. കൽക്കരി, ഖനി സഹമന്ത്രി ഹരിഭായ് പാർതിഭായ് ചൗധരി, നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര എന്നിവരും കുറ്റാരോപിതനൊപ്പം നിന്നു എന്നും അയാൾ പറയുന്നു.

വിഷയത്തിൽ ഉൾപ്പെട്ട രണ്ടു ഇടനിലക്കാർ ഡോവലുമായി അടുത്ത ബന്ധമുള്ളവരാണെന്ന് സിൻഹയുടെ ഹർജിയിൽ പറയുന്നു. ആ കേസിലെ പരാതിക്കാരനായ സതീഷ് ബാബു സന, “വ്യക്തികാര്യ, പരാതിപരിഹാര, പെൻഷൻ വകുപ്പ് മന്ത്രി വഴി സി ബി ഐയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇടപെട്ടതിന്” കേന്ദ്രസഹമന്ത്രി ചൗധരിക്ക് ‘കുറച്ചു കോടി രൂപ കൊടുത്തെന്നു തന്നോട് പറഞ്ഞതായും ഹർജിയിലുണ്ട്.

സിൻഹയുടെ ഹർജി പ്രകാരം ഉന്നതങ്ങളിലെ പ്രവർത്തനരീതികൾ വളരെ ലളിതമാണ്: സി ബി ഐയിൽ അഴിമതി നടത്തുന്ന വമ്പൻ തട്ടിപ്പുകാരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിനു ബന്ധമുണ്ട്, സി ബി ഐയുടെ പ്രവർത്തനം തടയാൻ മോദി സർക്കാരിലെ ഒരു മന്ത്രി കോഴ വാങ്ങുന്നു, നിയമവാഴ്ച്ചയെ അട്ടിമറിക്കാൻ ഒരു മുതിർന്ന R&AW ഉദ്യോഗസ്ഥൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവടക്കം ബന്ധപ്പെട്ട എല്ലാവരുമായും ഏകോപനം നടത്തുന്നു, മുഖ്യ വിജിലൻസ് കമ്മീഷണർ കെ വി ചൗധരിയും നിയമത്തിന്റെ ശരിയായ വഴിക്കല്ല. സുപ്രീം കോടതി അസ്താനയുടെ കേസ് കേൾക്കുമ്പോഴും കേന്ദ്ര നിയമ സെക്രട്ടറി ഒരു നിർണായക സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. സിൻഹയുടെ ആരോപണങ്ങൾ ശൂന്യതയിൽ നിന്നും ഉണ്ടായതല്ല. നിരവധി പ്രാഥമിക തെളിവുകൾ അതിനു ബലം നൽകുന്നുണ്ട്.

എങ്ങനെയാണ് പരമോന്നത കോടതി ഇതിനെ കൈകാര്യം ചെയ്യുന്നത് എന്നറിയേണ്ടതുണ്ട്. ഒരു വ്യക്തിപരമായ വിഷയത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ സഹായിച്ച ചില ഇടനിലക്കാരാണ് വർഷങ്ങളായി സി ബി ഐയിൽ നിക്ഷിപ്തതാത്പര്യങ്ങൾ നടത്തുന്നത് എന്നും ഹർജിയിൽ പറയുന്നു. ഇന്റർപോളിൽ ഇന്ത്യയുടെ സുപ്രധാനമായ ഒരു പദവിക്കുവേണ്ടി ഡോവൽ ഇടനിലക്കാരുമായി കരുക്കൾ നീക്കി എന്നതിന് ആവശ്യമായ തെളിവുകളുമുണ്ട്.

ഡൽഹിയിലുള്ള സർക്കാരിന് രണ്ടു മുഖങ്ങളുണ്ടെന്ന് നമുക്കുറപ്പിക്കാം: ഒന്ന്, എല്ലാ വിഷയത്തിലും വലിയ ധാർമികത അവകാശപ്പെടുന്ന, എല്ലാ വിമർശകരെയും ദേശവിരുദ്ധരെന്നു വിളിക്കുന്ന, അധികാരം നിലനിർത്താൻ ഏതുതരം സങ്കുചിത മതഭിന്നതകളേയും ചൂഷണം ചെയ്യാൻ മടിക്കാത്ത, ഇന്ത്യയുടെ എല്ലാ ശത്രുക്കളേയും അടിച്ചമർത്തുമെന്ന് അവകാശപ്പെടുന്ന ഒരു ദേശീയവാദി മുഖം. അടുത്തതാണ് ശരിയായ മുഖം: അവരുടെ മിക്ക മുൻഗാമികളെയും പോലെ, അഴിമതി നിറഞ്ഞ, കുറ്റവാളികളുമായി കൂട്ടുചേർന്ന, ജനാധിപത്യത്തെ എല്ലാത്തരത്തിലും അട്ടിമറിക്കുന്ന ഒരു സർക്കാർ.

ഈ ജനാധിപത്യത്തിന് കൂടുതൽ മെച്ചപ്പെട്ട സൂക്ഷിപ്പുകാരെ ആവശ്യമുണ്ട്.

നമുക്കൊരു ഭരണാധികാരിയെ ആവശ്യമാണ്‌

സിബിഐ കേസ് ചോര്‍ച്ച: ‘നിങ്ങളാരും വിചാരണ അര്‍ഹിക്കുന്നില്ലെ’ന്ന് സുപ്രിംകോടതി

സൊഹ്‌റാബുദ്ദീന്‍ കേസ് അമിത് ഷായ്ക്ക് രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കി: മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ അമിതാഭ് ഠാക്കൂര്‍

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍