UPDATES

ട്രെന്‍ഡിങ്ങ്

സിഖ് മത കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടേണ്ട, ബിജെപി സഖ്യം വിടുമെന്ന ഭീഷണിയുമായി അകാലി ദളും

“ഗുരുദ്വാരകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബിജെപി ഇടപെടേണ്ട. സിഖ് മത കാര്യങ്ങളില്‍ ബിജെപിയും സര്‍ക്കാരും തലയിടാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് കടുത്ത നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും”.

ലോക്‌സഭ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ, ബിജെപിയുടെ പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിടുമെന്ന് അഭ്യൂഹം ശക്തം. ബിജെപിയും കേന്ദ്ര സര്‍ക്കാരും ശരിയായ രീതിയിലല്ല വിവിധ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് എന്ന് തുറന്നടിച്ചുകൊണ്ട് അകാലി ദള്‍ എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഇതാണ് അകാലി ദള്‍ മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കുന്നത്.

സിഖ് മത കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടേണ്ടെന്ന് അകാലി ദള്‍ നേതാവ് നരേഷ് ഗുജ്രാള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ശ്രീ ഹുസൂര്‍ സാഹിബുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണിത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രധാന പ്രഖ്യാപനം നാളത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് നരേഷ് ഗുജ്രാള്‍ പറഞ്ഞു.

ഗുരുദ്വാരകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബിജെപി ഇടപെടേണ്ട. സിഖ് മത കാര്യങ്ങളില്‍ ബിജെപിയും സര്‍ക്കാരും തലയിടാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് കടുത്ത നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും എന്ന് അകാലി ദള്‍ വക്താവും ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ എംഎല്‍എയുമായ മജീന്ദര്‍ സിര്‍സ പറഞ്ഞു. 2017ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് മജീന്ദര്‍ സിര്‍സ മത്സരിച്ച് ജയിച്ചത്. ഞങ്ങള്‍ക്ക് സഖ്യം വേണമെന്ന് നിര്‍ബന്ധമില്ല. ഞങ്ങള്‍ക്ക് അധികാരമോ പദവികളോ വേണമെന്ന് നിര്‍ബന്ധമില്ല. എംപിമാരേയും എംഎല്‍മാരേയുമെല്ലാം വേണ്ടെന്ന് വയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. 1956ലെ തക്ത് ശ്രീ ഹസൂര്‍ അബ്ചല്‍നഗര്‍ സാഹിബ് ബോര്‍ഡ് നാന്ദഡ് ആക്ടില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് അകാലി ദളിനെ പ്രകോപിപ്പിച്ചത്. സര്‍ക്കാരിന് ഗുരുദ്വാരകാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശമില്ലെന്ന് 1959ല്‍ മാസ്റ്റര്‍ താര സിംഗും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും ഒപ്പുവച്ച ഉടമ്പടി ചൂണ്ടിക്കാട്ടി സിര്‍സ പറഞ്ഞു.

തക്ത് പാറ്റ്‌ന സാഹിബ് മാനേജ്‌മെന്റ് ബോര്‍ഡില്‍ ബിജെപി, സംഘപരിവാര്‍ അനുഭാവികളായ സര്‍ക്കാര്‍ പ്രതിനിധികളെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് നേരത്തെ അകാലി ദള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഇടപെടലില്‍ ഇത് ഒഴിവായി.

സിര്‍സയുടെ ആക്രമണത്തിന് മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി ആര്‍പി സിംഗ് രംഗത്തെത്തി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ സഖ്യത്തിന് ഗുണം ചെയ്യില്ലെന്ന് ആര്‍പി സിംഗ് മുന്നറിയിപ്പ് നല്‍കി. എല്ലാ സിഖുകാരും അകാലി ദളുകാരാണ് എന്ന് കരുതേണ്ടെന്നും ആര്‍പി സിംഗ് പറഞ്ഞു. അതേസമയം ബിജെപി ബന്ധം സംബന്ധിച്ച് അകാലി ദളില്‍ ഭിന്നതയും ശക്തമാണ്. സിര്‍സയുടെ നിലപാട് അകാലി ദള്‍ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് ഷ്വായിത് മാലിക് തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള സഖ്യം വിടാന് പാര്‍ട്ടി അധ്യക്ഷന്‍ പ്രകാശ് സിംഗ് ബാദലോ മകന്‍ സുഖ്ബാര്‍ സിംഗ് ബാദലോ തീരുമാനിച്ചിട്ടില്ല എന്നാണ് ഷ്വായിത് മാലിക് പറയുന്നത്.

സഖ്യകക്ഷികളായ ചെറു പാര്‍ട്ടികള്‍ക്ക് മതിയായ സമയം ബിജെപി നല്‍കുന്നില്ല എന്നാണ് അകാലി ദളിന്റെ പ്രധാന പരാതികളിലൊന്ന്‌. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് അധിക സമയം ആവശ്യപ്പെട്ടിരുന്നതായി അകാലി ദള്‍ എംപി പ്രേം സിംഗ് ചാന്ദുമജ്ര പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിസ്ഥിതി പ്രശ്‌നങ്ങളുമെല്ലാം പാര്‍ലമെന്റില്‍ ഉന്നിച്ചിരുന്നു.

ശിവസേന, ടിഡിപി, ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പി തുടങ്ങിയ പാര്‍ട്ടികളെല്ലാം നേരത്തെ എന്‍ഡിഎ വിട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ അപ്‌ന ദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ അതൃപ്തി പ്രകടമാക്കി മുന്നണി വിടുമെന്ന സൂചന നല്‍കിയിരുന്നു. ശിവസേന സര്‍ക്കാരിനുള്ള പിന്തുണ തുടര്‍ന്നെങ്കിലും മറ്റ് പാര്‍ട്ടികളെല്ലാം പിന്തുണയും പിന്‍വലിച്ചു. എന്‍ഡിഎ മുന്നണി ബിജെപിക്ക് പറയത്തക്ക സഖ്യകക്ഷികള്‍ ഇല്ലാതെ ദുര്‍ബലപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് പ്രധാന സഖ്യകക്ഷിയായ അകാലി ദളും ഇടഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍