UPDATES

വാര്‍ത്തകള്‍

മായാവതിയില്ലെങ്കിലും അഖിലേഷ് മത്സരിക്കും: മുലായത്തിന്റെ അസംഗഡില്‍ തന്നെ

ബി എസ് പി നേതാവ് മായാവതി മത്സരിക്കില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സരിച്ചേക്കില്ലെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാറി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മുലായം സിംഗ് യാദവ് കഴിഞ്ഞ തവണ മത്സരിച്ച കിഴക്കന്‍ യുപിയിലെ അംസഗഡിലാണ് അഖിലേഷ് മത്സരിക്കുന്നത്. മുലായം മത്സരിക്കുന്നത് മെയ്ന്‍പുരിയില്‍ നിന്നാണ്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇത്തവണയും കനോജില്‍ നിന്ന് മത്സരിക്കുന്നു.

ബി എസ് പി നേതാവ് മായാവതി മത്സരിക്കില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തില്‍ ബി എസ് പിയാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് – 38. എസ് പി 37ല്‍. അതസമയം പിന്നീട് ഏതെങ്കിലും പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനുള്ള സാധ്യത മായാവതി തള്ളിക്കളയുന്നുമില്ല. താന്‍ 1995ല്‍ ആദ്യം യുപി മുഖ്യമന്ത്രിയായപ്പോള്‍ എംഎല്‍എ ആയിരുന്നില്ല എന്ന് മായാവതി ചൂണ്ടിക്കാട്ടി. അതേസമയം എസ് പിയും അജിത് സിംഗിന്റൈ ആര്‍ എല്‍ ഡിയും തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്മാരെ മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്. അജിത് സിംഗും മകന്‍ ജയന്ത് ചൗധരിയും മത്സരിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷ പദവിയിലുള്ളവര്‍ മത്സരരംഗത്തുള്ളത് പാര്‍ട്ടിയുടെ പ്രചാരണത്തിന് ഗുണം ചെയ്യുമെന്നാണ് ഇരു പാര്‍ട്ടികളും കരുതുന്നത്. സംസ്ഥാനത്തൊട്ടാകെ സഖ്യത്തിന് വേണ്ടിയുള്ള പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താന്‍ മത്സരിക്കുന്നില്ല എന്നാണ് മായാവതി പറയുന്നത്.

അഖിലേഷ് യാദവ് 2009ലാണ് അവസാനമായി ലോക്‌സഭയിലേയ്ക്ക് മത്സരിച്ചത്. കനോജില്‍ നിന്നായിരുന്നു ഇത്. 2012ല്‍ മുഖ്യമന്ത്രിയായ അഖിലേഷ് ലോക്‌സഭാംഗത്വം രാജി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ലോക്‌സഭയിലേയ്ക്ക് വരുകയാണ് അഖിലേഷ് യാദവ്. കിഴക്കന്‍ യുപിയില്‍ ഇതാദ്യമായാണ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. 2014ലെ ബിജെപി തംരംഗത്തിനിടയിലും അസംഗഡില്‍ 63,000ല്‍ പരം വോട്ടിനാണ് മുലായം ജയിച്ചത്. യാദവ, മുസ്ലീം സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം സമാജ് വാദി പാര്‍ട്ടിയുടെ ശക്തമായ കോട്ടകളിലൊന്നാണ്. 1989 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ജയിച്ചവര്‍ ഒന്നുകില്‍ യാദവരോ അല്ലെങ്കില്‍ മുസ്ലീങ്ങളോ ആയിരുന്നു. 2014ല്‍ എസ് പിക്കും ബി എസ് പിക്കും കൂടി ഇവിടെ ലഭിച്ച വോട്ട് വിഹിതം 63 ശതമാനമാണ്. ബിജെപി സ്ഥാനാര്‍ത്ഥി രമാകാന്ത് യാദവിന് കിട്ടിയത് 29 ശതമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍