UPDATES

അമിത് ഷായെ പോലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയെ ത്രിപുരയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തില്‍ വിവാദം കൊഴുക്കുന്നു; താന്‍ രാജി വച്ചിട്ടില്ലെന്ന് ജസ്റ്റിസ് കുറേഷി

കുറേഷിയെ വെറുക്കാന്‍ മോദി സര്‍ക്കാരിന് കാരണങ്ങളേറെയുണ്ട്

താന്‍ രാജിവച്ചു എന്ന വാര്‍ത്ത‍ നിഷേധിച്ച് ജസ്റ്റിസ് അകില്‍ അബ്ദുള്‍ഹമീദ് കുറേഷി. സുപ്രീം കോടതി കൊളീജിയം നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കുകയും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റി ത്രിപുര ചീഫ് ജസ്റ്റിസ് ആയി നിയമിക്കുകയും ചെയ്തതിനു പിന്നാലെ കുറേഷി ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് രാജി വയ്ക്കുന്നു എന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ താന്‍ രാജി വച്ചിട്ടില്ല എന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി. എന്നാല്‍ മറ്റു കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ജുഡീഷ്യല്‍ സ്വതന്ത്യവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായേക്കാവുന്ന ഒരു തീരുമാനമായാണ് കൊളീജിയത്തിന്റെ നടപടിയെ പലരും വിശേഷിപ്പിക്കുന്നത്. ജസ്റ്റിസ് കുറേഷിയെ താരതമ്യേനെ ചെറിയ കോടതിയായ ത്രിപുര ഹൈക്കോടതിയില്‍ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സര്‍ക്കാരിനു താത്പര്യമില്ലാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കും എന്നാണ് ഇത്തരം ഉത്തരവുകള്‍ സൂചിപ്പിക്കുന്നത് എന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അസോസിയേഷന്‍പ്രസിഡന്റ് യതിന്‍ ഓസ ചൂണ്ടിക്കാട്ടി. കൊളീജിയം തീരുമാനത്തിനെതിരെ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട  ജഡ്ജിയാണ് കുറേഷി. അമിത് ഷാ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് ഗുജറാത്തില്‍ ലോകായുക്തായെ നിയമിച്ച ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തയാളാണ് ജസ്റ്റിസ് കുറേഷി. ന്യായാധിപ, അഭിഭാഷക സമൂഹത്തില്‍ ഏറെ ആദരിക്കപ്പെടുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ മെയ് മാസത്തിലാണ് കൊളീജീയം കുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം സുപ്രീം കോടതി വെബ്സൈറ്റില്‍ പബ്ലീഷ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ മാസങ്ങളോളം തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു കേന്ദ്ര നിയമമന്ത്രാലയം. മെയ് മാസത്തില്‍ കുറേഷിയുടെ നിയമന ശുപാര്‍ശയോടൊപ്പം നല്‍കിയിരുന്ന മറ്റു രണ്ടു നിര്‍ദ്ദേശങ്ങളിൽ  സര്‍ക്കാര്‍ രണ്ട് ആഴ്ചക്കുള്ളില്‍ തീരുമാനമെടുത്തു. ഇതിനിടെ കുറേഷിയുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഓഗസ്റ്റ് 23, 27 തീയതികളില്‍ സര്‍ക്കാര്‍ കൊളീജിയത്തിന് രണ്ട് കത്തുകള്‍ നല്‍കി. ഇതേത്തുടര്‍ന്ന് കൊളീജിയം തീരുമാനം തിരുത്തി ജസ്റ്റിസ് കുറേഷിയെ ത്രിപുരയ്ക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ കത്തുകളെ തുടര്‍ന്നാണ്‌ പുതിയ തീരുമാനമെന്ന് വ്യക്തമാക്കി ഇതും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചട്ടപ്രകാരം , കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് തിരിച്ചയക്കാം. എന്നാല്‍ നിലപാടില്‍ കൊളീജിയം ഉറച്ചുനിന്നാല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ജസ്റ്റിസ് കുറേഷിയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കുകയാണ് കോളീജീയം ചെയ്തത്. ഇത് ജുഡിഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എന്ത് കാരണം കൊണ്ടാണ് കുറേഷിയുടെ കാര്യത്തില്‍ നിലപാട് തിരുത്തിയതെന്നതിന് കൊളീജിയം വിശദീകരണം നല്‍കിയിട്ടില്ല. മറിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ചില കാര്യങ്ങള്‍ കൂടി പരിഗണിച്ചുവെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

ഇതാദ്യമായല്ല ജസ്റ്റീസ് കുറേഷിയുടെ നിയമനത്തില്‍ ഇടപെടലുകളുണ്ടായതായി ആരോപണം ഉയരുന്നത്. 2018 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന സുഭാഷ് റെഡ്ഢി സുപ്രീം കോടതി ജസ്റ്റിസായി സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ ആ സ്ഥാനത്ത് എത്തേണ്ടത് അടുത്ത മുതിര്‍ന്ന ജഡ്ജി എന്ന നിലയില്‍ കുറേഷിയായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുമ്പ് കുറേഷിയെ ബോംബെ ഹൈക്കോടതിയിലേക്ക് അഞ്ചാം ജഡ്ജിയായി സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് കുറേഷിയുടെ ജൂനിയറായിരുന്ന ജഡ്ജിയെ ചീഫ് ജസ്റ്റീസായി നിയമിക്കുകയും ചെയ്തു. ഇതിനെതിരെയും ഗുജറാത്തിലെ അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു

2010-ല്‍ ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെ സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതും മന്ത്രിസഭയെ പരിഗണിക്കാതെ ലോകായുക്തയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയതുമാണ് ജസ്റ്റിസ് കുറേഷിക്കെതിരെ ഇത്തരമൊരു സമീപനം ഉണ്ടാകാന്‍ കാരണമെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ജസ്റ്റിസ് കുറേഷിയുടെ രണ്ടു തീരുമാനങ്ങളും  അന്നത്തെ നരേന്ദ്ര മോദി സർക്കാറിന് തിരിച്ചടിയായിരുന്നു.

നേരത്തെ രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളില്‍ ഒന്നായ തമിഴ്നാട് ഹൈക്കോടതിയില്‍ നിന്ന് അടുത്തിടെ മാത്രം രൂപീകരിച്ച മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് വി.കെ താഹില്‍രമണി ജുഡീഷ്യറിയില്‍ നിന്ന് രാജി വച്ചിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ ബില്‍ക്കീസ് ബാനു ബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കുമുള്ള ശിക്ഷ ശരിവെച്ചത് താഹില്‍രമണിയാണ്. പോലീസുകാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഏഴ് പേരെ വെറുതെ വിട്ട നടപടിയും ഇവര്‍ റദ്ദാക്കിയിരുന്നു. ആറ് മാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ആറ് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തുവെന്നതായിരുന്നു കേസ്. ഈ കേസില്‍ പിന്നിട് സുപ്രീം കോടതി ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ കേസില്‍ വിധി പറഞ്ഞതിലുള്ള പക പോക്കലാണ് രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഫലിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജസ്റ്റിസ് താഹില്‍രമണിയുടെ രാജി രാഷ്‌ട്രപതി കഴിഞ്ഞ ദിവസം സ്വീകരിച്ചു.

Also Read: രാജിവയ്ക്കുന്ന മദ്രാസ് ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ് വി.കെ താഹില്‍രമണി; ഗുജറാത്ത് കലാപത്തിലെ ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷ ശരിവെച്ച ജഡ്ജി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍