UPDATES

ട്രെന്‍ഡിങ്ങ്

അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍; ഹാര്‍ദിക്കും മേവാനിയും പിന്തുണച്ചേക്കും; പട്ടേല്‍ സമിതി പിളര്‍ത്തി ബിജെപി

ബിജെപിക്ക് നെഞ്ചിടിപ്പ്; ഗുജറാത്തില്‍ മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ്

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിന് കളമൊരുക്കി ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരെയും കോണ്‍ഗ്രസ് ക്ഷണിച്ചെങ്കിലും പട്ടേല്‍ മത്സരത്തിനില്ലെന്നും മേവാനി തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഇരുവരും കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുമെന്ന സൂചനയാണ് പുറത്തുവിട്ടത്. അതേ സമയം, ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായികളായ വരുണ്‍ പട്ടേല്‍, രേഷ്മ പട്ടേല്‍ എന്നിവരെ പാര്‍ട്ടിയിലെത്തിച്ച് ബി.ജെ.പി പട്ടീദാര്‍ സമിതിയെ പിളര്‍ത്തുകയും ചെയ്തു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേശകന്‍ അഹമ്മദ് പട്ടേല്‍, ഗുജറാത്ത് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടി അശോക് ഗെലോട്ട്, പി.സി.സി പ്രസിഡന്റ് ഭരത് സോളങ്കി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി അല്‍പേഷ് താക്കൂര്‍ പ്രസ്താവിച്ചത്. നാളെ താക്കൂര്‍ ഗുജറാത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും താക്കൂര്‍ പറഞ്ഞു. പിന്നോക്കക്കാരുടേയും ദളിതരുടേയും കര്‍ഷകരുടേയും തൊഴിലില്ലാത്തവരുടേയും സര്‍ക്കാരായിരിക്കും ഇനി ഗുജറാത്ത് ഭരിക്കേണ്ടത്. അതിന് തങ്ങള്‍ മൂന്നു യുവാക്കള്‍ തന്നെയായിരിക്കും നേതൃത്വം നല്‍കുകയെന്നും ഹാര്‍ദികും മേവാനിയും കോണ്‍ഗ്രസ് ക്യാമ്പിലേക്ക് വരുന്നത് സൂചിപ്പിച്ചു കൊണ്ട് താക്കൂര്‍ പറഞ്ഞു.

ഗുജറാത്ത് മോഡല്‍ മാതൃകയിലാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ഗുജറാത്തില്‍ പോയി അവിടുത്തെ അവസ്ഥ അന്വേഷിച്ചു നോക്കുക. ഏഴു ലക്ഷം യുവാക്കളാണ് തൊഴിലില്ലാത്തവരായി ഉള്ളത്. 74,000 കര്‍ഷകര്‍ കടക്കെണിയിലാണ്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായിട്ടും ഓരോ വര്‍ഷവും 15,000-ത്തോളം പേര്‍ മദ്യപാനം മൂലം ഇവിടെ മരിക്കുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖല മുഴുവന്‍ തകര്‍ന്നിരിക്കുന്നു- താക്കൂര്‍ പറഞ്ഞു.

ഞങ്ങളെ പേടിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായേക്കാം, ഞങ്ങളെ ജയിലില്‍ അടച്ചേക്കാം, എന്നാല്‍ അതുകൊണ്ടൊന്നും ഞങ്ങള്‍ പിന്മാറില്ല. അംബേദ്ക്കറിന്റേയും ഗാന്ധിജിയുടേയും പട്ടേലിന്റെയും ആദര്‍ശങ്ങളായിരിക്കും ഞങ്ങളെ നയിക്കുക. ഞാനൊരു വലിയ കുടുംബത്തില്‍ അംഗമാകാന്‍ പോവുകയാണ്. ഈ കുടുംബം ഒന്നാകെയായിരിക്കും 182 സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനായി പരിശ്രമിക്കുക- താക്കൂര്‍ പറഞ്ഞു.

ഒ.ബി.സി, എസ്.സി എസ്.ടി ഏക്താ മഞ്ചിന്റെ നേതാവാണ് ഒരു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനായ അല്‍പേഷ് താക്കൂര്‍. മദ്യനിരോധനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തുല്യതയുള്ള സമൂഹം എന്നിവയ്ക്കായിരിക്കും താന്‍ മത്സരിക്കുക എന്ന് താക്കൂര്‍ വ്യക്തമാക്കി.

താന്‍ ഹാര്‍ദിക് പട്ടേലും മേവനിയുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ തീരുമാനം വ്യക്തമാക്കുന്നത് വരെ ഇക്കാര്യത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് സോളങ്കി വ്യക്തമാക്കി. ഇരുവരെയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം സംസാരിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. അതല്ല തന്റെ ലക്ഷ്യമെന്നും അവകാശങ്ങളും നീതിയും നേടിയെടുക്കയാണ് ആവശ്യമെന്നും വ്യക്തമാക്കിയ പട്ടേല്‍, മര്‍ക്കടമുഷ്ടിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും വിജയം തങ്ങള്‍ക്കായിരിക്കുമെന്നും അവകാശപ്പെട്ടു. അതേ സമയം, 25 വയസ് തികയാത്തതിനാല്‍ പട്ടേലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സാങ്കേതികമായി സാധ്യവുമല്ല. സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് 24-കാരനായ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെന്നും മോദിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം, പട്ടേല്‍ സമുദായ നേതാക്കളായ വരുണ്‍ പട്ടേല്‍, രേഷ്മ പട്ടേല്‍ എന്നിവരെ സ്വന്തം ക്യാമ്പിലെത്തിച്ച് ഹാര്‍ദിക്കിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അന്‍മത് ആന്ദോളന്‍ സമിതിയില്‍ ബി.ജെ.പി പിളര്‍പ്പുണ്ടാക്കി. കോണ്‍ഗ്രസ് നീതി കാണിക്കുന്നില്ലെന്നാണ് ബി.ജെ.പിയില്‍ ചേരാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് രേഷ്മ ട്വിറ്ററില്‍ പറഞ്ഞത്. സംസ്ഥാനത്തെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ താഴെയിറക്കണമെന്ന രേഷ്മയുടെ നേരത്തെയുള്ള ട്വീറ്റ് അവര്‍ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷവും അവിടെ തുടര്‍ന്നിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രണ്ടു ദിവസം ഗുജറാത്തിലുണ്ടായിരുന്നുവെന്നും ഏതാനും ചില നേതാക്കളെ അയാള്‍ വലവീശിപ്പിടിക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്നും പട്ടീദാര്‍ സമുദായ സംഘടനയുടെ കോ-കണ്‍വീനര്‍ അല്‍പേഷ് കതാരിയ പറഞ്ഞു. ജനം ഹാര്‍ദിക്കിനൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വരുണ്‍ പട്ടേലിന്റേയും രേഷ്മ പട്ടേലിന്റെയും ബി.ജെ.പി പ്രവേശനത്തെ കുറിച്ച് ഹാര്‍ദിക് പ്രതികരിച്ചത്, തന്റെയൊപ്പം നേതാക്കളല്ല, പട്ടേല്‍ സമുദായം ഉണ്ടെന്നാണ്. തനിക്ക് കാലുകള്‍ ഉള്ളിടത്തോളം കാലം താന്‍ അവര്‍ക്കു വേണ്ടി ഓടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, താന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി. എം.പിയോ എം.എല്‍.എയോ ആകാന്‍ വേണ്ടിയല്ല താന്‍ പോരാടുന്നത്. താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ദളിത് സമുദായ നേതൃത്വമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ബി.ജെ.പിക്കും സംഘപരിവാറിനും എതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി-യു റിബല്‍ എം.എല്‍.എ ചോട്ടു വാസവയുമായി കോണ്‍ഗ്രസ് നേരത്തെ തന്നെ സഖ്യരൂപീകരണം ചര്‍ച്ച ചെയ്തിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് എതിരായി എന്‍.സി.പിയുടെ രണ്ടു എം.എല്‍.എമാര്‍ വോട്ട് ചെയ്ത സാഹചര്യത്തില്‍ അവരുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ആ തീരുമാനം മാറ്റിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍