UPDATES

ഇന്ത്യ

രക്ബറിന് മൂര്‍ച്ചയില്ലാത്ത വസ്തു കൊണ്ടുള്ള ആഘാതമേറ്റിട്ടുണ്ട്; അല്‍വര്‍ ആള്‍ക്കൂട്ട കൊലയില്‍ പൊലീസിന്റെ പങ്കില്‍ സംശയമേറുന്നു

രക്ബറിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയത് അന്വേഷിച്ചുവരുകയാണ്. മൂന്ന് പോലീസുകാർക്കെതിരെ കൃത്യവിലോപത്തിന്‍റെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം റക്ബർ ഖാന്‍ എന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പൊലീസിന്‍റെ പങ്കിനെകുറിച്ചുള്ള ദുരൂഹതയേറുന്നു. ലാലവണ്ടിയിൽ നിന്നും നാല് കിലോമീറ്റർ മാത്രം ദൂരെയുള്ള ആശുപത്രിയിൽ റക്ബർ ഖാനെ എത്തിക്കാൻ പോലീസ് രണ്ടര മണിക്കൂർ സമയമെടുത്തിരുന്നു. അതിനിടെ പശു സംരക്ഷണ സേന തലവനായ നവാല്‍ കിഷോർ പുറത്തുവിട്ട അവശനായി പോലീസ് ജീപ്പില്‍ ഇരിക്കുന്ന റക്ബർ ഖാന്‍റെ ചിത്രങ്ങളാണ് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. രക്ബറിന് മൂര്‍ച്ചയില്ലാത്ത ആയുധമോ വസ്തുവോ കൊണ്ടുള്ള ആഘാതമേറ്റിട്ടുണ്ട് എന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്. പരിക്കും ആന്തരിക രക്തസ്രാവം മരണകാരണമായി. രക്ബറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ പങ്കെടുത്ത ഡോക്ടര്‍ രാജീവ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. രക്ബറിന്റെ ശരീരത്തില്‍ എട്ടോളം ഒടിവുകളും ചതവുകളുമുണ്ടായിരുന്നു.

ആദ്യ ഘട്ടത്തിൽ സുപ്രധാനമായ തീരുമാനമെടുക്കുന്നതിൽ തീർച്ചയായും പൊലീസ് തെറ്റു പറ്റി എന്ന് പ്രഥമദൃഷ്ടിയില്‍തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പോലീസിന്‍റെ പങ്ക് സംബന്ധിച്ച് എൻ.ഡി.ടി.വി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി സ്പെഷൽ ഡയറക്ടർ ജനറൽ റെഡ്ഡി പ്രതികരിച്ചു. എന്നാൽ പോലീസ് കാറിൽ ഇരിക്കുന്ന റക്ബർ ഖാന്‍റെ ഫോട്ടോ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളില്ലെന്ന് തെളിയിക്കുന്നു. ‘പോലീസ് വണ്ടിയിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്. നോക്കൂ, അവൻ സുഖമായി ഇരിക്കുകയാണ്’ നവാല്‍ കിഷോർ പറയുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് അയാൾക്ക് വലിയ പരിക്കുകളൊന്നും ഇല്ലായിരുന്നു എന്നാണ് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ബറിനെ സംഭവസ്ഥലത്ത് നിന്ന് പോലീസ് കൂട്ടിക്കൊണ്ടുപോയത് രാത്രി ഒരുമണിയോടെയാണ്. എന്നാല്‍, ആശുപത്രിയിലെത്തിയതാകട്ടെ പുലര്‍ച്ചെ 4 മണിയോടെയും. അപ്പോഴേക്ക് അക്ബര്‍ മരിച്ചിരുന്നു. ഈ മൂന്നുമണിക്കൂര്‍ നേരവും റക്ബര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രക്ബറിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയത് അന്വേഷിച്ചുവരുകയാണ്. മൂന്ന് പോലീസുകാർക്കെതിരെ കൃത്യവിലോപത്തിന്‍റെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ മോഹൻ സിംഗിനെ സസ്പെന്റ് ചെയ്തു. രണ്ടു കോൺസ്റ്റബിൾമാരേ പോലീസ് ലൈനിലേക്ക് മാറ്റിയിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍