UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സഹിഷ്ണുത ഇല്ലാതാകുന്നത് ചിന്താശേഷി നഷ്ടപ്പെട്ടതിന്റെ അടയാളം’: നസീറുദ്ദീൻ ഷായെ പിന്തുണച്ച് അമർത്യാ സെന്‍

ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സംഘപരിവാര്‍ സംഘടനകളിൽ നിന്ന് വിമർശനം നേരിടുന്ന നടൻ നസീറുദ്ദീൻ ഷായ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നോബൽ സമ്മാന ജേതാവ് അമർത്യാ സെൻ രംഗത്ത്. എൻജിഓകൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ ആംനസ്റ്റി ഇന്റർനാഷണൽ നിർമിച്ച വീഡിയോയില്‍ തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച നസീറുദ്ദീനെ ആക്രമിക്കുന്നതിനെ അദ്ദേഹം എതിർത്തു. നടനെ ശല്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ആ നടനെ ശല്യപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ നമ്മൾ പ്രതിഷേധിക്കണം. ഇന്ന് രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയാണ്. ഇത് അവസാനിക്കണം.” -അമർത്യാ സെൻ പറഞ്ഞു.

വ്യക്തികൾക്കെതിരെ മാത്രമല്ല നിരവധി ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുകയാണെന്ന് അമർത്യാ സെൻ പറഞ്ഞു. മറ്റുള്ളവരോട് സഹിഷ്ണുത കാട്ടാനുള്ള ശേഷി നഷ്ടപ്പെടുന്നത് ആശങ്കപ്പെടേണ്ടുന്ന ഗൗരവമേറിയ പ്രശ്നമാണ്. ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള ശേഷി നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ അർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരെയും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയും വൻ ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിവെച്ച പ്രചാരണം പറയുന്നു. #AbkiBaarManavAdhikaar എന്ന ഹാഷ്ടാഗിലാണ് ആംനസ്റ്റിയുടെ പ്രതിരോധം നടക്കുന്നത്.

കലാകാരികളും എഴുത്തുകാരും പണ്ഡിതരും കവികളുമെല്ലാം നിശ്ശബ്ദരാക്കപ്പെടുകയാണെന്ന് നസീറുദ്ദീൻ ഷാ ഉറുദ്ദുവിലെഴുതിയ ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. യുപിയിലെ ബുലന്ദ്ഷഹറിൽ പശുക്കളെ കൊന്നെന്നാരോപിച്ച് ആൾക്കൂട്ടം ആക്രമണം നടത്തുകയും അതിൽ ഒരു പൊലീസുകാരനും ഒരു യുവാവും കൊല്ലപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടന്റെ പ്രതികരണം. മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് വില കിട്ടുന്ന കാലം വന്നെന്നും തന്റെ കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി മതമേതെന്ന് ചോദിക്കുന്ന ആൾ‌ക്കൂട്ടത്തെ താൻ ഭയക്കുന്നുണ്ടെന്നും നസീറുദ്ദീൻ ഷാ പറയുകയുണ്ടായി. ഇതിനെതിരെ വൻ സോഷ്യൽ മീഡിയ ആക്രമണങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. നസീറുദ്ദീൻ ഷാ പാകിസ്താനിലേക്ക് പോകണമെന്ന ആവശ്യവും ഉയരുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍