UPDATES

ട്രെന്‍ഡിങ്ങ്

ഒടുവിൽ കോൺഗ്രസ് ഉറക്കം വിട്ടുണരുന്നു; നിര്‍ണായക വര്‍ക്കിങ് കമ്മിറ്റി ഓഗസ്റ്റ് പത്തിന്

എഐസിസി ആസ്ഥാനത്താണ് ഓഗസ്റ്റ് പത്തിന് കോൺഗ്രസ് വർക്കിങ് കമ്മറ്റി ചേരുക.

നേതൃത്വ പ്രതിസന്ധിക്കിടെ ഓഗസ്റ്റ് 10ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി ചേരുന്നു. മുതിർന്ന നേതാക്കളുടെ വിമർശനപരമായ ഇടപെടലുകളുടെ കൂടി പശ്ചാത്തലത്തിലാണ് വർക്കിങ് കമ്മറ്റി ചേരുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനു ശേഷം ഇതുവരെ വർക്കിങ് കമ്മറ്റി ചേർന്നിട്ടില്ല. അധ്യക്ഷന്റെ അഭാവത്തിൽ വർക്കിങ് കമ്മറ്റിക്കാണ് തീരുമാനങ്ങളെടുക്കാനുള്ള ചുമതല. വർക്കിങ് കമ്മറ്റി ചേരാത്തതു കൊണ്ട് തീരുമാനമെടുക്കാതിരിക്കുന്നില്ലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും വിമര്‍ശനം വ്യാപകമായി നടന്നിരുന്നു.

കോൺഗ്രസ്സിന് അധ്യക്ഷനില്ലാതെ ദീർഘകാലം പോകുന്നത് പാർട്ടയിൽ നിന്നും കൂടുതലാളുകൾ പുറത്തുപോകുന്നതിന് കാരണമാകുമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ താക്കീത് നൽകിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, കെസി വേണുഗോപാൽ, പിജെ കുര്യൻ തുടങ്ങിയവരും അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുകയുണ്ടായി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ശശി തരൂർ മുമ്പോട്ടു വെച്ചതെങ്കിലും പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്നാണ് മറ്റുള്ളവർ ആവശ്യപ്പെട്ടത്. എന്നാൽ തന്നെ അതിന് പ്രതീക്ഷിക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കളുമായുള്ള ഒരു യോഗത്തിൽ അവർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ ആ അധ്യായവും അടഞ്ഞു.

എഐസിസി ആസ്ഥാനത്താണ് ഓഗസ്റ്റ് പത്തിന് കോൺഗ്രസ് വർക്കിങ് കമ്മറ്റി ചേരുക. അധ്യക്ഷനെ തെരഞ്ഞെടുക്കൽ തന്നെയായിരിക്കും വർക്കിങ് കമ്മറ്റിയുടെ പ്രധാന അജണ്ട. രാവിലെ 11 മണിക്കാണ് യോഗം ചേരുകയെന്ന് കെസ് വേണുഗോപാൽ ട്വീറ്റ് ചെയ്തു.

പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത നേതൃപ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളടക്കമുള്ളവർ പാർട്ടി വിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്. ഇതിനെ നേരിടാൻ കേന്ദ്രനേതൃത്വം ശക്തമല്ലെന്ന ആരോപണവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍