UPDATES

വാര്‍ത്തകള്‍

മാലേഗാവ് കേസില്‍ പ്രഗ്യ സിംഗിനെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന് കോടതി കണ്ടെത്തിയിട്ടുള്ളതായി അമിത് ഷാ; എന്താണ് വസ്തുത?

കേസിലെ പ്രതിയായി തുടരുകയും യുഎപിഎ പ്രകാരമുള്ള ക്രിമിനല്‍ കുറ്റം പ്രഗ്യക്കെതിരെ നിലനില്‍ക്കുകയും ചെയ്യുമ്പോളാണ് തിരഞ്ഞെടുപ്പ് റാലിയില്‍ ഇക്കാര്യം അമിത് ഷാ പറഞ്ഞിരിക്കുന്നത്.

മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ ബിജെപി ലോക്‌സഭ സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരായ എല്ലാ കുറ്റാരോപണങ്ങള്‍ വ്യാജമാണ് എന്ന് കോടതി കണ്ടെത്തിയിട്ടുള്ളതായി ബിജെപി പ്രസിഡന്റ് അമിത് ഷാ. ഹിന്ദു ഭീകരത എന്ന പേരില്‍ വ്യാജ കേസ് ഫയല്‍ ചെയ്യുകയാണ് ചെയ്തത് എന്ന് അമിത് ഷാ ആരോപിച്ചു. കൊല്‍ക്കത്തയിലെ റാലിയില്‍ പ്രസംഗിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അതേസമയം അമിത് ഷായുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. പ്രഗ്യ സിംഗ്, കേസിലെ പ്രതിയായി തുടരുകയും യുഎപിഎ പ്രകാരമുള്ള ക്രിമിനല്‍ കുറ്റം പ്രഗ്യക്കെതിരെ നിലനില്‍ക്കുകയും ചെയ്യുമ്പോളാണ് തിരഞ്ഞെടുപ്പ് റാലിയില്‍ ഇക്കാര്യം അമിത് ഷാ പറഞ്ഞിരിക്കുന്നത്.

2016ല്‍ പ്രഗ്യ സിംഗിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നെങ്കിലും കോടതി ഇ്ത് അംഗീകരിച്ചിരുന്നില്ല. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) പ്രകാരമുള്ള കുറ്റങ്ങള്‍ എന്‍ഐഇ നീക്കിയിരുന്നു. അതേസമയം പ്രഗ്യയെ പൂര്‍ണമായും കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള എന്‍ഐഎ നിലപാട് കോടതി അംഗീകരിച്ചില്ല. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളടക്കം നിലനില്‍ക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷ അംഗീകരിച്ച് ജാമ്യം നല്‍കുക മാത്രമാണ് എന്‍ഐഎ കോടതി ചെയ്തത്.

ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍ നേരിടുന്നത്. തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്ന, സ്‌ഫോടന കേസ് പ്രതിയായ പ്രഗ്യ സിംഗിന് സീറ്റ് നല്‍കിയതില്‍ ബിജെപിയെ രാഷ്ട്രീയ എതിരാളികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം പ്രഗ്യക്ക് സീറ്റ് നല്‍കിയ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ഹിന്ദു തീവ്രവവാദമുണ്ട് എന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രതീകാത്മകമായി മറുപടി നല്‍കുകയാണ് തങ്ങള്‍ ചെയ്തത് എന്നാണ് മോദിയുടെ വാദം. സ്വാമി അസീമാനന്ദ് അടക്കമുള്ളവരെ തെറ്റായാണ് സംഝോത എക്സ്പ്രസ് കേസില്‍ പ്രതി ചേര്‍ത്തത് എന്നും അമിത് ഷാ ആരോപിച്ചു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ആരോപിച്ചിരുന്നു

മഹാരാഷ്ട്ര എടിഎസ് (ഭീകര വിരുദ്ധ സ്‌ക്വാഡ്) തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണ് എന്ന പ്രഗ്യയുടെ പ്രസ്താവന വിവാദമായിരുന്നു. തന്നെ കര്‍ക്കറെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പ്രഗ്യ ആരോപിച്ചിരുന്നു. കര്‍ക്കറെയുടെ കുടുംബമൊന്നാകെ നശിച്ചുപോകുമെന്ന് താന്‍ ശപിച്ചിരുന്നതായി പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ അവര്‍ ഇത് പിന്‍വലിക്കുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കുന്നില്ല എന്നും അഭിമാനമാണ് ഉള്ളതെന്നും പ്രഗ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ഒരു ഭീകരവാദ കേസിള്‍ ഉള്‍പ്പെട്ട് വിചാരണ കഴിയും മുമ്പെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യത്തെ ആള്‍ എന്നതാവും ആ സവിശേഷത. യുഎപിഎ കേസ് പ്രകാരം വിചാരണ കാത്ത് കഴിയുന്നവരെയാണ് രാജ്യസുരക്ഷ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും അഭിമാന പോരാട്ടങ്ങളില്‍ ഒന്നില്‍ മത്സരിപ്പിക്കുന്നത്.

ബിജെപിയുടെ ആദ്യകാല നേതാക്കളെ മുഴുവന്‍ മാറ്റി നിര്‍ത്തിയതിന് ശേഷമാണ് പ്രഗ്യാ സിംഗിനെ പോലുള്ളവരെ ഭീകരവാദ കേസിലെ പ്രതിയായിരുന്നിട്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും ഒഴിവാക്കി, യോഗി ആദിത്യനാഥും പ്രഗ്യാ സിംഗും പോലുളളവരെ മുന്നോട്ടുവെച്ചാണ് ബിജെപിയുടെ നീക്കം.

2008 സെപ്റ്റംബര്‍ 29-നായിരുന്നു കേസിന് ആസ്പദമായ സ്‌ഫോടനം നടന്നത്; ആറു പേര്‍ കൊല്ലപ്പെട്ടു. ഒരു മോട്ടോര്‍ സൈക്കിളില്‍വെച്ച ബോംബ് പൊട്ടിത്തറിക്കുകയായിരുന്നു. നൂറിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചത്. പിന്നീട് മുംബൈ ആക്രമണ സമയത്ത് ലക്ഷര്‍ ഇ തോയ്ബ ഭീകരരുടെ വെടിയേറ്റ് മരിച്ച ഹേമന്ദ് കര്‍ക്കറെയായിരുന്നു അന്വേഷണ സംഘത്തിന്റെ തലവന്‍. എബിവിപി പ്രവര്‍ത്തകയായിരുന്ന പ്രഗ്യാ സിംഗിന്റെ മോട്ടോര്‍ സൈക്കിളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേ തുടര്‍ന്ന് നടന്ന പ്രഗ്യാ സിഗിന്റെ അറസ്റ്റാണ് കേസില്‍ വഴിത്തിരിവായത്.

2006 മുതല്‍ ഭീകര സംഘടനകള്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നടത്തിയ വിവിധ യോഗങ്ങളില്‍ പ്രഗ്യ സിംഗ് പങ്കെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചത്. ആക്രമണങ്ങള്‍ നടത്താനുള്ള ആളുകളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അത്തരം ഒരു യോഗത്തില്‍ അവര്‍ ഏറ്റെടുത്തുവെന്നും കുറ്റപത്രം ആരോപിച്ചു. സുനില്‍ ജോഷിയുടെ അടുത്തയാളായിരുന്നു പ്രഗ്യാ സിംഗ്. അസീമാനന്ദയുമായി 2003 മുതല്‍ ബന്ധമുള്ള ആളാണ് പ്രഗ്യാ സിംഗെന്ന് സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിന്റെ കുറ്റപത്രം പറയുന്നു. മുസ്ലീം സമൂഹത്തിനെതിരെ തന്നെ ആക്രമണം നടത്തുകയെന്ന മാനസികാവസ്ഥയിലേക്ക് ഇവര്‍ രണ്ടുപേരും മാറിയിരുന്നുവെന്നും കുറ്റപത്രം ആരോപിക്കുന്നു. മേജര്‍ രമേശ് ഉപാധ്യയും കേണല്‍ പുരോഹിതും സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇവരുമായി നടത്തിയ സംഭാഷണങ്ങളും അന്വേഷണ സംഘം തെളിവായി കണ്ടെത്തി.

എന്നാല്‍, 2011-ല്‍ കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു. 2014-ല്‍ ഇന്ത്യയില്‍ ഭരണമാറ്റം സംഭവിച്ചു. തുടര്‍ന്ന് 2016-ലാണ് എന്‍ഐഎ കുറ്റപത്രം നല്‍കുന്നത്. താക്കൂറിനെ ഒഴിവാക്കികൊണ്ടായിരുന്നു ഇത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് താക്കൂറിന്റെതാണെങ്കിലും അത് രണ്ട് വര്‍ഷമായി ഉപയോഗിച്ചിരുന്നത് സ്‌ഫോടനം നടത്തിയ കല്‍സംഗാരയാണെന്നുമാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. കേസിന്റെ കാര്യത്തില്‍ പതുക്കെ നീങ്ങിയാല്‍ മതിയെന്ന് എന്‍ഐഎയുടെ സമ്മര്‍ദ്ദമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ രോഹിണി സലൈന്‍ പരസ്യമായി തുറന്നു പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു അത്. ഈ കുറ്റപത്രത്തെ തുടര്‍ന്നാണ് പ്രഗ്യാ സിംഗിന് ഈ കേസില്‍ ജാമ്യം നല്‍കിയത്. ഇവരെ കുറ്റവിമുക്തയാക്കിയ നടപടി കോടതി അംഗീകരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇവര്‍ക്കെതിരെ കോടതി യുഎപിഎ ചുമത്തുകയും ചെയ്തു. അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലും ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കോടതി കുറ്റവിമുക്തയാക്കുകയാണ് ചെയ്തത്.

ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷി കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്നു പ്രഗ്യാ സിംഗ്. ഹിന്ദുത്വ ഭീകരാക്രമണ കേസുകളിലെ മുഖ്യ പ്രതികളൊലൊരാളായിരുന്നു ആര്‍എസ്എസ് നേതാവായിരുന്ന സുനില്‍ ജോഷി. ഇയാള്‍ 2007ല്‍ നടന്ന സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിലെ പ്രതിയായിരുന്നു. ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായാണ് സുനില്‍ ജോഷിയെ കണക്കാക്കിയിരുന്നത്. കേസ് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇയാള്‍ 2007 ഡിസംബര്‍ 29-ന് കൊല്ലപ്പെടുന്നു. സംഝോത എക്‌സപ്രസ് സ്‌ഫോടനത്തിന് പുറമെ, അജ്മീര്‍ സ്‌ഫോടന കേസിന്റെ പിന്നിലും നടന്ന ആസൂത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സുനില്‍ ജോഷി അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കൊലപ്പെടുത്തിയത് എന്നായിരുന്നു കേസ്.

പ്രഗ്യ സിംഗ് ഉള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികള്‍. രണ്ട് വര്‍ഷം മുമ്പ് കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. വിധി പ്രഖ്യാപിച്ചുകൊണ്ട് മധ്യപ്രദേശിലെ ദേവാസിലെ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രാജീവ് എം ആപ്‌തെ ഇങ്ങനെ പറഞ്ഞു: “കേസിന്റെ അന്വേഷണത്തില്‍ മധ്യപ്രദേശ് പോലീസും എന്‍ഐഎയും മുന്‍വിധികള്‍ പുലര്‍ത്തിയിരുന്നു. ഒരു കൊലക്കേസ് അന്വേഷിക്കുന്നതിന്റെ യാതൊരു ഗൗരവവും അവര്‍ ഇതിന് നല്‍കിയില്ല. പരസ്പര വിരുദ്ധമായ തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാന്‍ കഴിയില്ല”, അതായത് അന്വേഷണ സംഘം സംഘം കാണിച്ച അലസതയുടെയോ പ്രതികളോടുള്ള താത്പര്യത്തിന്റെയോ പുറത്താവും സുനില്‍ ജോഷിയുടെ വധക്കേസില്‍ കുറ്റക്കാര്‍ ഇല്ലാതെ പോയതെന്ന് അര്‍ത്ഥം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍