UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടേലിന്റെ വാക്ക് കേട്ടില്ല; കശ്മീരിന്റെ മൂന്നിലൊന്ന് നെഹ്റു നഷ്ടമാക്കി: അമിത് ഷാ ലോക്സഭയിൽ

കശ്മീരിൽ പ്രസിഡണ്ട് ഭരണം പ്രഖ്യാപിച്ചതിന്റെ പേരിൽ തങ്ങളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്സ് 93 തവണ പ്രസിഡണ്ട് ഭരണം അവിടെ നടപ്പാക്കിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.

കശ്മീരിലെ പ്രശ്നങ്ങൾക്കു കാരണം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ ഇന്നത്തെ സ്ഥിതി സംബന്ധിച്ച് കോൺഗ്രസ്സ് തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ഈ സ്ഥിതി സൃഷ്ടിച്ചത് അവർ തന്നെയാണെന്നും അമിത് ഷാ ലോക്സഭയിൽ സംസാരിക്കവെ പറഞ്ഞു. പാകിസ്താനി സൈന്യത്തെ ഇന്ത്യൻ പട്ടാളം തുരത്തിയോടിക്കുന്ന ഘട്ടത്തിലായിരുന്നു ജവഹർലാൽ നെഹ്റു വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും ഇതുമൂലം കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യക്ക് നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർദാർ വല്ലഭായി പട്ടേലിന്റെ വാക്ക് കേൾ‌ക്കാതെയായിരുന്നു നെഹ്റു ഈ തീരുമാനമെടുത്തതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

ഇപ്പോൾ കശ്മീരിൽ പ്രസിഡണ്ട് ഭരണം പ്രഖ്യാപിച്ചതിന്റെ പേരിൽ തങ്ങളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്സ് 93 തവണ പ്രസിഡണ്ട് ഭരണം അവിടെ നടപ്പാക്കിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി ഒരുകാലത്തും രാഷ്ട്രീയ നേട്ടത്തിനായി പ്രസിഡണ്ട് ഭരണത്തെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കാശ്മീരില്‍ ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അതേസമയം ഈ വാദം പ്രതിപക്ഷം തള്ളിക്കളഞ്ഞു. കാശ്മിരില്‍ ഉടന്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് വൈകുന്നത് എന്ന് പ്രതിപക്ഷം ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടത്താമെന്നും അമിത് ഷാ പറഞ്ഞു. 2018 ജൂണ്‍ 20 മുതല്‍ ജമ്മു കാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്.

കശ്മീരില്‍ ജനാധിപത്യം അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്ന കശ്മീരില്‍ ഇതിനൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പും നടത്താനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും അത് നടത്തിയില്ല എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പ്രസിഡന്റ് ഭരണം നീട്ടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കാശ്മീരിനെ സാധാരണ നിലയിലേയ്ക്ക് എത്തിച്ചിരുന്നതായും എന്നാല്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കാശ്മീര്‍ സംഘർഷഭൂമിയായെന്നും മനീഷ് തിവാരി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍