UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുശീല്‍ കുമാര്‍ മോദി ഇഫ്താറില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; അമിത് ഷാ താക്കീത് നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഗിരിരാജ് സിങ് ഇത്തരം പ്രസ്താവനകള്‍ മനപ്പൂര്‍വ്വം പറയുന്നതാണെന്ന് മാധ്യമങ്ങള്‍ അവ വാര്‍ത്തയാക്കുന്നതിനോടുള്ള എതിര്‍പ്പ് സൂചിപ്പിച്ച് നിതീഷ് കുമാര്‍ പിന്നീട് പറയുകയുണ്ടായി.

ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയും, എന്‍ഡിഎ സഖ്യകക്ഷി ജെ‍ഡിയും നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിഭാഗീയത സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധിയുള്ളയാളാണ് ഗിരിരാജ് സിങ്.

നിതീഷും സുശീല്‍ കുമാറും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗിരിരാജ് സിങ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. “ഒരു നവരാത്രിദിനത്തില്‍ ഇതേ ആവേശത്തോടെ പരിപാടി സംഘടിപ്പിച്ചിരുന്നെങ്കില്‍ ആ ചിത്രം എത്ര മനോഹരമായേനെ. എന്തുകൊണ്ടാണ് നമ്മള്‍ നമ്മുടെ വിശ്വാസങ്ങളെ പിന്നാക്കം നിര്‍ത്തി മറ്റുള്ളവര്‍‌ക്കൊപ്പം അഭിനയിക്കുന്നത്,” എന്നായിരുന്നു ട്വീറ്റ്.

നിതീഷിനും സുശീലിനുമൊപ്പം രാംവിലാസ് പാസ്വാന്‍, അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പാസ്വാന്‍ എന്നിവരും ഇഫ്താറില്‍ പങ്കെടുത്തിരുന്നു. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ രാം മഞ്ജിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഗിരിരാജ് സിങ് ഇത്തരം പ്രസ്താവനകള്‍ മനപ്പൂര്‍വ്വം പറയുന്നതാണെന്ന് മാധ്യമങ്ങള്‍ അവ വാര്‍ത്തയാക്കുന്നതിനോടുള്ള എതിര്‍പ്പ് സൂചിപ്പിച്ച് നിതീഷ് കുമാര്‍ പിന്നീട് പറയുകയുണ്ടായി. കേന്ദ്ര സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ഗിരിരാജിന് അതൃപ്തിയുണ്ട്.

അതെസമയം ഗിരിരാജിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സുശീല്‍ കുമാര്‍ മോദിയും രംഗത്തുണ്ട്. താന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍