UPDATES

അമിത് ഷാ മകന്റെ ബിസിനസ് പങ്കാളി; സര്‍ക്കാര്‍ ഭൂമിയും പണവും ഉപയോഗിച്ചും അഴിമതി; നാമനിര്‍ദ്ദേശ പത്രികയില്‍ കള്ളം പറഞ്ഞു

സര്‍ക്കാരിന്റെ ഒരു പൈസ പോലും തന്റെ മകന്‍ ടെമ്പിള്‍ എന്റര്‍പ്രൈസസിനായി ഉപയോഗിച്ചിട്ടില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ഇത് മുഴുവനും തള്ളിക്കളയാനാകില്ല. കാരണം ഇതെല്ലാം ചെയ്തത് മകന്റെ മറ്റൊരു കമ്പനിയായ കുസും ഫിന്‍സെര്‍വ് ആണ് എന്നും കാരവന്‍ റിപ്പോര്‍ട്ട് പറയുന്നു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കുമെതിരെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പുതിയ ആരോപണം. ജയ് ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനി, അതിന്റെ ശുഷ്‌കമായ സാമ്പത്തിക നിലയിലും ക്രമാതീതമായ തോതില്‍ വായ്പ തരപ്പെടുത്താനുള്ള ‘ശേഷി’ കൂട്ടുകയും ഒപ്പം ലാഭം അവിശ്വസനീയമായ തരത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ് ഷായുടെ മറ്റൊരു കമ്പനി ടെമ്പിള്‍ എന്റര്‍പ്രൈസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. എന്നാല്‍ ഈ ഇടപാടുകളില്‍ ജയ്‌ ഷായ്ക്ക് മാത്രമല്ല പങ്കെന്നും അമിത് ഷായും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പങ്ക് 2017-ലെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് മറച്ചുവച്ചതായുമാണ് വിവരങ്ങളാണ് കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2016ല്‍ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ (പ്രോപ്പര്‍ട്ടി) ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപൂര്‍ കൊമേഴ്‌സ്യല്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ പണയം വച്ചിരുന്നു. ഇവിടെ നിന്ന് കുസും ഫിന്‍സെര്‍വിന് വേണ്ടി 25 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തു. 2016 മുതല്‍ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്നുമായി ജയ് ഷായുടെ കമ്പനി വായ്പ നേടിയത് (10.35 കോടി, 25 കോടി, 15 കോടി, 30 കോടി, 17 കാേടി). കുസും ഫിന്‍സെര്‍വിനുള്ള ക്രെഡിറ്റ് 2017-ല്‍ 300 ശതമാനത്തിനടുത്തേക്ക് ഉയര്‍ന്നു. ഏറ്റവും പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടി രൂപയാണ്. ഷിലാജിലെ ഭൂമി വില അഞ്ച് കോടി എന്നാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ച് ചെറിയ പ്ലോട്ടിന്റെ വില 55 ലക്ഷം മാത്രമാണ്. ഈടുവച്ച മറ്റൊരു പ്രോപ്പര്‍ട്ടിയായ ബൊഡക്‌ദേവിലെ ഓഫീസ് സ്‌പേസിന്റെ വില രണ്ട് കോടി.

അഹമ്മദാബാദിലെ മൂന്ന് പ്രോപ്പര്‍ട്ടികളാണ് മകന്റെ സ്ഥാപനത്തിന് വായ്പ ലഭിക്കാനായി പണയം വച്ചത്. ഷിലാജിലെ രണ്ട് നിലങ്ങള്‍, ബൊഡക്‌ദേവിലെ ഒരു കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിലുള്ള ഓഫീസ് സ്‌പേസ് എന്നിവ. ഈ സ്ഥലത്തിന്റെ ഉടമസ്ഥത അമിത് ഷായുടെ പേരിലാണെങ്കിലും പവര്‍ ഓഫ് അറ്റോണി ജയ് ഷായുടെ പേരിലും. ഒരാള്‍ ഒരു വസ്തു ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നതിനായി പണയം വയ്ക്കുമ്പോള്‍ അയാള്‍ ഗാരണ്ടി നല്‍കുകയാണ് എന്ന് ഒരു ധനകാര്യ വിദഗ്ധനെ ഉദ്ധരിച്ച് കാരവാന്‍ പറയുന്നു. ലാഭവിഹിതം കിട്ടിയാലും ഇല്ലെങ്കിലും അയാള്‍ ഇതിലൂടെ ബിസിനസ് പങ്കാളിയാവുകയാണ്. അതായത് മകന്റെ ബിസിനസില്‍ അമിത് ഷാ പങ്കാളിയാണ് എന്നര്‍ത്ഥം. ജനപ്രാതിനിധ്യ നിയമപ്രകാരം, പാര്‍ലമെന്റിലേയ്‌ക്കോ നിയമസഭകളിലേക്കോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സ്വത്ത് വിവരങ്ങളും സാമ്പത്തിക ബാധ്യതകളും നാമനിര്‍ദ്ദേശ പത്രികയില്‍ നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണം. നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് പത്രിക തള്ളാന്‍ കാരണമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാലും തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടും.

2017 ജൂലായില്‍ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (ജിഐഡിസി) നിന്ന് സാനന്ദ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 15,754.83 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ജയ് ഷായുടെ കമ്പനി പാട്ടത്തിനെടുത്തു. ഈ വസ്തു പണയം വച്ച് 17 കോടി രൂപ 2018 ഏപ്രിലില്‍ കോടക് മഹീന്ദ്രയില്‍ നിന്ന് വാങ്ങി. നിലവില്‍ ഈ പണയ ഭൂമിയില്‍ ഒരു ഫാക്ടറിയുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കുസും ഫിന്‍സെര്‍വ് സമര്‍പ്പിച്ചില്ല. 2017 ഒക്ടോബര്‍ 30 ആയിരുന്നു അവസാന തീയതി. ഈ തീയതിക്കുള്ളില്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് നല്‍കാത്തത് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌ണര്‍ഷിപ്പ് ആക്ട് പ്രകാരം അഞ്ച് ലക്ഷം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

2014-15ല്‍ ടെമ്പിള്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് 50,000 രൂപയാണ് വരുമാനം കാണിച്ചത്. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും അമിത് ഷാ ബിജെപി നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തതോടെ കമ്പനിയുടെ ലാഭവിഹിതം കുതിച്ചു കയറിയതായ വാര്‍ത്തയായിരുന്നു ദി വയര്‍ നേരത്തെ പുറത്തു വിട്ടത്. 2016ല്‍ 80.5 കോടി രൂപയുടെ ലാഭമാണ് കമ്പനി കാണിച്ചത്. എന്നാല്‍ 2016 ഒക്ടോബറില്‍ ഈ കമ്പനി പ്രവര്‍ത്തനം നിര്‍ത്തുകയും ജയ് ഷാ, കുസും ഫിന്‍സെര്‍വിലേയ്ക്ക് തിരിയുകയും ചെയ്തു. ദി വയറിന്റെ സ്റ്റോറി പുറത്തുവന്ന ശേഷം ഇന്ത്യ ടുഡേയുടെ ഒരു പരിപാടിയില്‍ അമിത് ഷാ പറഞ്ഞത് സര്‍ക്കാരിന്റെ ഒരു പൈസ പോലും തന്റെ മകന്‍ ടെമ്പിള്‍ എന്റര്‍പ്രൈസസിനായി ഉപയോഗിച്ചിട്ടില്ലെന്നും ഒരു ഭൂമിയും കരാറും പോലും നേടിയിട്ടുമില്ലെന്നുമാണ് പറഞ്ഞതെന്നും കാരവാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മുഴുവനും തള്ളിക്കളയാനാകില്ല. കാരണം ഇതെല്ലാം ചെയ്തത് ടെമ്പിള്‍ എന്റര്‍പ്രൈസസ് അല്ല, കുസും ഫിന്‍സെര്‍വ് ആണ്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഡിഎയില്‍ (ഇന്ത്യന്‍ റിനീവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ലിമിറ്റഡ്‌) നിന്നാണ് കുസും വായ്പയെടുത്തത്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കിഴില്‍ വരുന്ന സ്ഥാപനമാണിത്. സര്‍ക്കാര്‍ സ്ഥാപനമായ ജിഐഡിസിയില്‍ നിന്ന് 15,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലവും നേടി. ഇവരുമായി കരാറും ഒപ്പിട്ടു. ഭൂമി വിട്ടുനല്‍കുന്നതിനുള്ള ജിഐഡിസിയുടെ ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം ലംഘിച്ചാണ് ഇടപാട് നടന്നത്.

2016 മാര്‍ച്ചില്‍ കുസുമിന് ഐആര്‍ഇഡിഎയില്‍ നിന്ന് ലഭിച്ചത് 10.35 കോടി രൂപയുടെ വായ്പ. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ 2.1 മെഗാവാട്ട് കാറ്റാടി പ്ലാന്റ് സ്ഥാപിക്കുന്നതിനായാണ് ലോണ്‍ തേടിയത്. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവുമായി യാതൊരു ബന്ധമോ മുന്‍പരിചയമോ ഇല്ലാത്ത കമ്പനിയാണ് ജയ് ഷായുടേത്. ഐആര്‍ഇഡിഎയുടെ ചട്ടങ്ങള്‍ ലംഘിച്ചാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത് എന്ന് വ്യക്തം. 1 മെഗാവാട്ട് പ്ലാന്റുകള്‍ക്ക് മാത്രം വായ്പ നല്‍കുക എന്നതാണ് ഐആര്‍ഇഡിഎയുടെ ചട്ടങ്ങളിലൊന്ന്. പദ്ധതിയുടെ 70 ശതമാനം തുകയാണ് ഐആര്‍ഇഡിഎ അനുവദിക്കുക. സാധാരണഗതിയില്‍ ഒരു മെഗാവാട്ട് വിന്‍ഡ് ഫാം സ്ഥാപിക്കാന്‍ ഇന്ത്യയില്‍ ഏതാണ്ട നാല് കോടിക്കും ഏഴ് കോടിക്കും ഇടയിലാണ് ചിലവ് വരുക. ഏറ്റവും ചിലവേറിയ പ്ലാന്റിന് പോലും അഞ്ച് കോടി രൂപയ്ക്കടുത്തേ ചിലവ് വരൂ. എന്നാല്‍ ജയ് ഷായുടെ കമ്പനിക്ക് വിന്‍ഡ് ഫാം തുടങ്ങാന്‍ ഐആര്‍ഇഡിഎ അനുവദിച്ചിരിക്കുന്നത് 10.35 കോടി രൂപ.

14 കമ്പനികളിലെ ഓഹരി പങ്കാളിത്തമാണ് ബാങ്ക് രേഖകള്‍ പ്രകാരം കുസും അവകാശപ്പെടുന്നത്. 2018 മേയ് ഒമ്പതിന്റെ കണക്ക് പ്രകാരം 13.62 കോടി രൂപയാണ് ഓഹരികളുടെ മൂല്യം. കെഐഎഫ്എസ് എന്ന കമ്പനിയില്‍ നിന്നും കുസും ലോണ്‍ നേടിയിട്ടുണ്ട്. രാജേഷ് ഖാണ്ഡ് വാലയാണ് ഈ കമ്പനിയുടെ പ്രൊമോട്ടര്‍. എന്നാല്‍ എത്ര തുകയാണ് കുസും വാങ്ങിയതെന്ന് വ്യക്തമല്ല. രാജ്യസഭാംഗം പരിമള്‍ നത്വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ് വാല. പരിമള്‍ നത്വാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പ് പ്രസിഡന്റാണ്. ഖാണ്ഡ് വാലയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് നത്വാനിയുടെ മകനെ. കഴിഞ്ഞ കുറേ വര്‍ഷമായി കുടുംബത്തിന്റെ സ്റ്റോക്ക് ബ്രോ്ക്കറാണ് ഖാണ്ഡ് വാല എന്നാണ് ദ വയറിന്റെ ചോദ്യത്തിനുത്തരമായി ജയ് ഷായുടെ അഭിഭാഷകന്‍ പറഞ്ഞത് എന്നതും കാരവന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

അഴിമതികൾ ഓരോന്നായി പുറത്തേക്ക്; പീയൂഷ് ഗോയലിന് 650 കോടി വെട്ടിച്ച കമ്പനിയുമായി ബന്ധം

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍