UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ മഹാത്മാവിന്റെ നാട്; ആ പവിത്രതയില്ലെങ്കിൽ നമ്മളും പ്രതിമകൾ തകർക്കുന്ന താലിബാനാകും: ആനന്ദ് മഹീന്ദ്ര

നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നെന്നും ഇന്നും എന്നും ദേശഭക്തനായിരിക്കുമെന്നുമായിരുന്നു സാധ്വി പ്രഗ്യായുടെ പ്രസ്താവന.

നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രഗ്യാ സിങ് താക്കൂർ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മഹീന്ദ്ര ആൻ‌ഡ് മഹീന്ദ്ര ചെയർമാൻ ആൻന്ദ് മഹീന്ദ്ര രംഗത്ത്. ഇന്ത്യ ലോകത്തിനു മുമ്പിൽ കഴിഞ്ഞ 75 വർഷങ്ങളായി ‘മഹാത്മാവിന്റെ നാട്’ എന്നാണറിയപ്പെടുന്നതെന്നും അത് അങ്ങനെത്തന്നെ നിലനില്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പവിത്രമായ ചിലതെല്ലാം അതേപടി നിലനില്‍ക്കണമെന്നും ഇല്ലെങ്കിൽ ഇന്ത്യ താലിബാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

“75 വർഷങ്ങളായി ഇന്ത്യ മഹാത്മാവിന്റെ നാടാണ്; ലോകത്തിന് അതിന്റെ ധാർമികത നഷ്ടമാകുമ്പോൾ വെളിച്ചമായി മാറുന്നയാൾ. ദരിദ്രരായിരുന്നതിന്റെ പേരിൽ നമ്മെ വിലകുറഞ്ഞവരായി പലരും കണ്ടു. എന്നാൽ ബാപ്പുജി എന്ന ഒറ്റക്കാരണത്താൽ നമ്മൾ സമ്പന്നരായിരുന്നു. ചില കാര്യങ്ങൾ പവിത്രമായിത്തന്നെ ഇരിക്കണം. ഇല്ലെങ്കിൽ നമ്മൾ നമ്മുടെ തന്നെ വിഗ്രഹങ്ങളെ തകർക്കുന്ന താലിബാനായി മാറും,” -ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നെന്നും ഇന്നും എന്നും ദേശഭക്തനായിരിക്കുമെന്നുമായിരുന്നു സാധ്വി പ്രഗ്യായുടെ പ്രസ്താവന. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്. നടനും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ നടത്തിയ ഒരു പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പ്രഗ്യാ സിങ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദു തീവ്രവാദിയായിരുന്നെന്നും അയാളുടെ പേര് ഗോഡ്സെ എന്നായിരുന്നെന്നുമാണ് കമൽ ഹാസൻ പറഞ്ഞത്. ഈ പ്രസ്താവനയെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. കമൽ ഹാസന് തന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹിന്ദുത്വവാദികളിൽ നിന്നും ഭീഷണികളുമുണ്ടായി. കമൽ ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് പ്രഗ്യ സിങ് വിവാദപ്രസ്താവന നടത്തിയത്.

പ്രഗ്യയുടെ പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾ പ്രഗ്യക്കും ബിജെപിക്കുമെതിരെ രംഗത്തെത്തി.

ഇതോടെ പ്രഗ്യയുടെ പ്രസ്താവനയെ തള്ളി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഗ്യയെ തള്ളിപ്പറഞ്ഞു. തനിക്ക് തെറ്റു പറ്റിയെന്ന് പറഞ്ഞും മഹാത്മാഗാന്ധിയോട് വലിയ ബഹുമാനമുണ്ടെന്ന് അവകാശപ്പെട്ടും പ്രഗ്യയും രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍