UPDATES

ഇന്ത്യ

ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ആനന്ദ് തെൽതുംദെ എന്തുകൊണ്ട് അംബേദ്കറോടും ദളിത് ബുദ്ധിജീവികളോടും വിയോജിച്ചു?

ഹിന്ദുത്വ ശക്തികള്‍ക്കെതിരായ പോരാട്ടം അനിവാര്യമെന്ന് പറയുമ്പോഴും അതിനുവേണ്ടി ഐതിഹ്യങ്ങളെ കൂട്ടു പിടിക്കുന്നതിനോട് എപ്പോഴും കലഹിച്ചു കൊണ്ടിരുന്ന ബുദ്ധിജീവിയാണ് ആനന്ദ് തെൽതുംദെ. ഇത്തരം വിഷയങ്ങളിൽ ദളിത് ബുദ്ധിജീവിയായ കാഞ്ച ഐലയ്യ പോലും കടുത്ത എതിര്‍പ്പാണ് ആനന്ദുമായി പുലര്‍ത്തുന്നത്. ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ള ആനന്ദിന്റെ ബന്ധങ്ങൾ ഉയർന്ന ജാതിക്കാരായ ബുദ്ധിജീവി സഖാക്കളുമായാണെന്നും അതിന്റെ സ്വാധീനം അദ്ദേഹത്തിലുണ്ടാകാമെന്നും വരെ ഐലയ്യ സൂചിപ്പിക്കുകയുണ്ടായി.

ഭീമ കൊറെഗാവിന്റെ ചരിത്രത്തെ ദളിത് ചരിത്രമെഴുത്തുകാരും ബുദ്ധിജീവികളും കാണുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ആനന്ദ് തെൽതുംദെ കാണുന്നത്. ഭീമ കൊറെഗാവിൽ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന മഹർ ജാതിക്കാരും പേഷ്വായുടെ മറാത്ത പട്ടാളക്കാരും തമ്മിലുണ്ടായ യുദ്ധത്തിന് ഒരു ജാതിയുദ്ധമെന്ന ഐതിഹ്യമാനം നൽകിയത് അംബേദ്കറാണെന്ന് ആനന്ദ് തന്റെയൊരു ലേഖനത്തിൽ പറയുകയുണ്ടായി. ബ്രിട്ടീഷ് പട്ടാളം അക്കാലത്ത് താഴ്ന്ന ജാതിവിഭാഗങ്ങളെ ധാരാളമായി പട്ടാളത്തിലെടുത്തിരുന്നു. ഇതിന് കാരണമായി ആനന്ദ് കാണുന്നത്, താഴ്ന്ന ജാതിവിഭാഗങ്ങൾ നൂറ്റാണ്ടുകളായി ശീലിച്ചുപോന്ന വിധേയത്വം തങ്ങൾക്ക് ഗുണകരമാകുമെന്ന് ബ്രിട്ടീഷുകാർ കണ്ടുവെന്നാണ്. കൂടാതെ വലിയ ശമ്പളം കൊടുക്കേണ്ടതുില്ല എന്നതും അവർ മെച്ചമായി കണ്ടു. തമിഴ്നാട്ടിലെ പറയരും ബംഗാളിലെ നാംശൂദ്രരുമെല്ലാം ഇങ്ങനെ പട്ടാളത്തിലെത്തിയിട്ടുണ്ട് അക്കാലത്തെന്നും ആനന്ദ് ചൂണ്ടിക്കാട്ടുന്നു.

ബ്രാഹ്മണിക് ശക്തികളുടെ സഹായത്തോടെ ഹിന്ദുത്വ ശക്തികൾ കരുത്താർജ്ജിക്കുന്നതിനെതിരെ ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികം ഗംഭീരമായി ആഘോഷിക്കാൻ ദളിത് സംഘടനകൾ തീരുമാനിക്കുകയുണ്ടായി. ‘നവ പേഷ്വാ’കളുടെ ഹിന്ദുത്വ മുന്നേറ്റം തടയേണ്ടതാണെന്ന് സമ്മതിക്കുമ്പോഴും അതിനായി ചരിത്രവിരുദ്ധമായ ഐതിഹ്യങ്ങളെ കൂട്ടു പിടിക്കുന്നതിനെ ആനന്ദ് ഏതിർക്കുകയാണ് ചെയ്തത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയങ്ങളെ ചരിത്രയാഥാർത്ഥ്യമെന്ന നിലയിൽ സമീപിക്കാതെ വിരകഥകൾ മെനഞ്ഞുണ്ടാക്കി നിർമിക്കുന്ന മായികലോകത്തോടൊപ്പം ജനങ്ങളെ സംഘടിപ്പിക്കുന്നത് സങ്കീർണമായ പ്രശ്നങ്ങള്‍ക്കാണ് വരുംകാലത്ത് വഴിവെക്കുകയെന്ന് ആനന്ദ് വാദിക്കുന്നു. ഐതിഹ്യങ്ങൾ കൊണ്ട് നിര്‍മിക്കപ്പെട്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മറു ഐതിഹ്യങ്ങൾ കൊണ്ട് എതിർക്കുന്ന ദളിത് ബുദ്ധിജീവികളുടെ ശൈലി ആനന്ദിനില്ല. അദ്ദേഹം വസ്തുതകൾക്കൊപ്പം നിൽക്കുന്നതിൽ താൽപര്യപ്പെടുന്നു. സാമൂഹ്യനീതി എന്ന ലക്ഷ്യത്തിന് ചരിത്രത്തെ വസ്തുതാപരമായി സമീപിക്കുന്നത് തടസ്സമാകില്ലെന്നും മറിച്ച് ഗുണമാണ് ചെയ്യുകയെന്നുമുള്ള പണ്ഡിതോചിതമായ നിലപാടാണ് ആനന്ദ് തെൽതുംദെയ്ക്കുള്ളത്.

രസകരമായ ഒരു സംഗതി, ഭീമ കൊറെഗാവിലെ യുദ്ധവിജയം എന്ന ദളിത് ആഘോഷത്തെ ‘ഐതിഹ്യം’ (ചരിത്രപരതയില്ലാത്തത്) എന്ന് വിശേഷിപ്പിച്ച ഒരാളെയാണ് പ്രസ്തുത ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിന് കോപ്പുകൂട്ടിയെന്ന ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ്. നിരോധിത സംഘടനയായ മാവോയിസ്റ്റ് പാർട്ടിയുമായി ആനന്ദിന് ബന്ധമുണ്ടെന്നും കൊറെഗാവ് ഭീമ സംഘർഷത്തിന്റെ കാരണക്കാരിലൊരാൾ ആനന്ദാണെന്നതിന് മതിയായ തെളിവുകളുണ്ടെന്നുമാണ് ഒരു പൂനെ സെഷൻസ് കോടതിയെ പൊലീസ് ധരിപ്പിച്ചിരിക്കുന്നത്. ഇത് ‘ബോധ്യപ്പെട്ട’ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും പിന്നാലെ അറസ്റ്റുണ്ടാവുകയും ചെയ്തു.

ഭീമ കൊറെഗാവിനെ ദളിത് യുദ്ധവിജയ സ്മാരകമായി കാണുന്നതിനെപ്പോലും എതിർക്കുന്ന ഒരു ബുദ്ധിജീവിയെ ഹിന്ദുത്വ ശക്തികൾ ഭയപ്പെടുന്നത് എന്തുകൊണ്ടായിരിക്കുമെന്നത് ആലോചനാർഹമായ കാര്യമാണ്. ഹിന്ദുത്വ മുന്നേറ്റത്തെ ചരിത്രപരമായ കൃത്യതയോടെ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുന്ന പണ്ഡിതനാണ് ആനന്ദ് തെൽതുംദെ എന്നതു തന്നെയാണ് ഇതിനു കാരണം. ഹിന്ദുത്വ വിരുദ്ധമായ എന്തിനെയും മാർക്ക് ചെയ്യുന്നതിലും വേട്ടയാടുന്നതിലും അതീവ വൈദഗ്ധ്യം ആ പ്രത്യയശാസ്ത്രം ആർജിച്ചു കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയുടേതു പോലുള്ള ജനാധിപത്യ സംവിധാനത്തിൽ ഒരു ബുദ്ധിജീവിയുടെ അറസ്റ്റ് വോട്ടു രാഷ്ട്രീയത്തെ ബാധിക്കില്ല എന്ന് കാഞ്ച ഐലയ്യ ചൂണ്ടിക്കാട്ടുന്നു. ഇതാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലും ആനന്ദിനെപ്പോലൊരാളെ അറസ്റ്റ് ചെയ്യാൻ ഭരണകൂടത്തിന് ധൈര്യം നൽകുന്നത്. എങ്കിലും സവർണ മേധാവിത്വത്തിനെതിരായ അഭിപ്രായം രൂപീകരിക്കുന്നതിനും അതൊരു വലിയ അധികാരവിരുദ്ധ കലാപമായി മാറുന്നതിനും ഇത്തരം അറസ്റ്റുകൾ സഹായിച്ചേക്കാമെന്ന് ഐലയ്യ പ്രത്യാശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍