UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ റാഫേല്‍ കരാര്‍ പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഓഫീസില്‍ പോയത് എന്തിന്?

പ്രധാനമന്ത്രി മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ എംഒയു ഒപ്പുവക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എംഒയു തയ്യാറായി വരുകയാണ് എന്നാണ് പറഞ്ഞത്.

2015 മാര്‍ച്ചില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് റിലൈന്‍സ് ഡിഫന്‍സ് ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്റെ പ്രതിരോധ ഉപദേഷ്ടാക്കളേയും ഉദ്യോഗസ്ഥരേയും കണ്ട് ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ദീന്‍ ക്ലോദ് മാലെറ്റ്, ഇന്‍ഡസ്ട്രി അഡൈ്വസര്‍ ക്രിസ്‌റ്റൊഫെ സാലൊമണ്‍, ടെക്‌നിക്കല്‍ അഡൈ്വസര്‍ ജെഫ്രി ബോകറ്റ് എന്നിവരെ അനില്‍ അംബാനി കണ്ടിരുന്നു. അംബാനിയുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് സംഭവിച്ചതും രഹസ്യസ്വഭാവമുള്ളതായിരുന്നു എന്ന് യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥനോട് ക്രിസ്റ്റൊഫെ സാലൊമണ്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ എംഒയു ഒപ്പുവക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എംഒയു തയ്യാറായി വരുകയാണ് എന്നാണ് പറഞ്ഞത്. 2015 ഏപ്രില്‍ ഒമ്പതിന് മോദി പാരീസിലെത്തി. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ ഡെലിഗേഷന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദും 36 റാഫേല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും ഇറക്കി. അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമാി ചര്‍ച്ച നടത്തിയ അതേ ആഴ്ച തന്നെയാണ് റിലൈന്‍സ് ഡിഫന്‍സ് കമ്പനി നിലവില്‍ വന്നതും – 2015 മാര്‍ച്ച് 28ന്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) റാഫേല്‍ കരാറിന് അംഗീകാരം നല്‍കിയത് 2015 മേയിലാണ്. ഡിഎസിയുടെ അംഗീകാരത്തിനും കാബിനറ്റ് തീരുമാനത്തിനും മുമ്പ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത് തന്നെ വിവാദമായിരുന്നു.

ലെ ഡ്രിയാന്റെ ഓഫീസിനും റിലൈന്‍സ് ഡിഫന്‍സിനും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2015 ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) ആണ് കരാറില്‍ ഭാഗമായിരിക്കുന്നത് എന്നാണ്. ഇത് സാങ്കേതികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്നും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ് എന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍