UPDATES

വിപണി/സാമ്പത്തികം

എറിക്‌സണ് കൊടുക്കാനുള്ള 453 കോടി അനില്‍ അംബാനി നാലാഴ്ചയ്ക്കുള്ളില്‍ എങ്ങനെ കണ്ടെത്തും? അതോ ജയിലില്‍ പോകുമോ?

കേസിൽ പ്രതിസ്ഥാനത്തുള്ള മൂന്ന് റിലയൻസ് കമ്പനികൾക്കും പണമടയ്ക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി സുപ്രീംകോടതി പറഞ്ഞിരുന്നു.

സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണിന് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നല്‍കാനുള്ള 453 കോടി രൂപ നാലാഴ്ചയ്ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ അംബാനി അടക്കമുള്ളവര്‍ ജയിലില്‍ പോകേണ്ടി വരുമെന്നാണ് ബുധനാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയത്. തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് അംബാനി ഗ്രൂപ്പിന്റെ വാദം.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി, റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സതീഷ് സേഥ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പേഴ്‌സണ്‍ ഛായ വിരാനി എന്നിവര്‍ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പണം നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം തടവുശിക്ഷ ഇവര്‍ അനുഭവിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ 1 കോടി രൂപ വീതം പിഴയായും കേസിൽ പ്രതിസ്ഥാനത്തുള്ള കക്ഷികളോരോരുത്തരും അടയ്ക്കേണ്ടതുണ്ട്. ഒരു മാസത്തിനകം ഇത് ഒടുക്കണം. ഇതിൽ വീഴ്ച വരികയാണെങ്കിൽ ഒരു മാസത്തെ ജയിൽശിക്ഷ കൂടി അധികമായി അനുഭവിക്കേണ്ടതായി വരും.

കേസിൽ പ്രതിസ്ഥാനത്തുള്ള മൂന്ന് റിലയൻസ് കമ്പനികൾക്കും പണമടയ്ക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി സുപ്രീംകോടതി പറഞ്ഞിരുന്നു. നീതിവ്യവസ്ഥയോട് ഗർവ്വോടെയാണ് അംബാനിയും റിലയന്‍സ് കമ്മ്യൂണിക്കേഷൻസും പെരുമാറിയതെന്ന് നിരീക്ഷിച്ച കോടതി അംബാനിയുടെ നിരുപാധികമായ മാപ്പു പറച്ചിലിനെ അംഗീകരിക്കാൻ വിസമ്മതിച്ചു. അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ വേണമെന്ന് എറിക്സൺ ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നങ്ങളുടെ തുടക്കം

2017 സെപ്റ്റംബറിലാണ് അനില്‍ അംബാനി ഗ്രൂപ്പിനെതിരായി എറിക്‌സണ്‍ കോടതിയെ സമീപിച്ചത്. ഈ സമയം 35,000 കോടി രൂപയുടെ കടമാണ് ആര്‍ കോമിനുണ്ടായിരുന്നത്. സ്വത്ത് വില്‍പ്പനയിലൂടെ ഈ കടം വീട്ടാന്‍ ശ്രമിച്ചതായാണ് കമ്പനി പറയുന്നത്. ഇന്‍സോള്‍വന്‍സി നടപടികളിലേയ്ക്ക് പോയാല്‍ ഈ ഇടപാടുകള്‍ നടക്കില്ല. എസ് ബി ഐ അടക്കമുള്ളവ എറിക്‌സണിന്റെ നീക്കത്തെ എതിര്‍ത്തു. സ്വത്ത് വില്‍പ്പനയ്ക്ക് അനുമതി നല്‍കിയാല്‍ റിലയന്‍സിന് 18,000 കോടി രൂപ കണ്ടെത്താന്‍ കഴിയുമെന്ന് വാദിച്ചു. പ്രധാനമായും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുയുമായുള്ള ഇടപാടുകള്‍. എന്നാല്‍ ഈ ഇടപാടില്‍ നിന്ന് ജിയോ പിന്മാറി.

സ്ഥിതിഗതികള്‍ വളഷായത് ഇങ്ങനെ

കോടതിക്ക് പുറത്തുള്ള ഒരു പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്കുള്ള ആര്‍ കോമിന്റെ ക്ഷണം എറിക്‌സണ്‍ സ്വീകരിച്ചു. 2018 മേയിലുണ്ടാക്കിയ ധാരണ പ്രകാരം 550 കോടി രൂപ എന്ന തുക എറിക്‌സണ്‍ അംഗീകരിച്ചു. മൊത്തം 1500 കോടി രൂപ തങ്ങള്‍ക്ക് കിട്ടാനുണ്ടായിരുന്നതായാണ് എറിക്‌സണ്‍ പറഞ്ഞിരുന്നത്. ഈ വ്യവസ്ഥകള്‍ അംഗീകരിച്ച സുപ്രീം കോടതി 2018 സെപ്റ്റംബറിനകം എറിക്‌സണ് പണം നല്‍കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റിലയന്‍സ് എറിക്‌സണ് പണം നല്‍കിയില്ല. ഒക്ടോബറില്‍ എറിക്‌സണ്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി റിലയന്‍സിന് സമയം നീട്ടി നല്‍കി. ഡിസംബര്‍ 15നകം പണം നല്‍കണം എന്ന് ഉത്തരവിട്ടു. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് 2019 ജനുവരിയില്‍ എറിക്‌സണ്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അനില്‍ അംബാനിയടക്കമുള്ളവര്‍ കുറ്റക്കാരെന്നും 453 കോടി രൂപ നാലാഴ്ചയ്ക്കകം എറിക്‌സണ് നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും സുപ്രീം കോടതി.

അനില്‍ അംബാനിയുടെ റിലയന്‍സ് എവിടെ നിന്ന് ഈ പണം കണ്ടെത്തും?

നാലാഴ്ചയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനി മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 550 കോടി രൂപയില്‍ 131 കോടി രൂപ ആര്‍ കോം (നികുതിക്ക് ശേഷം 118 കോടി രൂപ) സുപ്രീം കോടതി രജിസ്ട്രിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. രണ്ട്, ഇന്‍കം ടാക്‌സ് റീഫണ്ട് വഴി പണം കണ്ടെത്താന്‍ ആര്‍ കോമിന് കഴിയുമെന്നാണ് എറിക്‌സണിന്റെ അഭിഭാഷകന്‍ അനില്‍ ഖേര്‍ പറയുന്നത്. ആദ്യ റീഫണ്ടില്‍ കിട്ടിയത് 129 കോടി രൂപ. വരാനുള്ള രണ്ടാമത്തെ റീഫണ്ടില്‍ കിട്ടുക 134 കോടി. ഇങ്ങനെ 118+129+134 = 381 കോടി രൂപ. ബാക്കി തുകയേ കണ്ടെത്തേണ്ടി വരൂ. വസ്തുവില്‍പ്പനയിലൂടെ റിലയന്‍സിന് ഇതിന് കഴിയും. 2018 മേയില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്രൂക്ക് ഫീല്‍ഡ് ന്യൂഡല്‍ഹിയിലും ചെന്നൈയിലുമുള്ള റിലയന്‍സിന്റെ വസ്തുക്കള്‍ 800 കോടി രൂപയ്ക്ക് വാങ്ങുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍