UPDATES

യുപിഎ കാലത്ത് 1 ലക്ഷം കോടിയുടെ പ്രൊജക്ട് ലഭിച്ചു; അതും ‘ക്രോണി ക്യാപിറ്റലിസ’മാണോയെന്ന് രാഹുലിനോട് അനിൽ അംബാനി

മോദി ഭരണത്തിന്റെ യഥാർത്ഥ ഗുണഭോക്താവ് അനിൽ അംബാനിയാണെന്ന് കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞിരുന്നു.

അനിൽ അംബാനി ‘ക്രോണി ക്യാപിറ്റലിസ്റ്റ്’ ആണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് റിലയൻസ് ഗ്രൂപ്പ്. തങ്ങളുടെ ഗ്രൂപ്പിന് യുപിഎ സർക്കാർ പത്തു വർഷക്കാലം അധികാരത്തിലിരുന്ന സന്ദർഭത്തിൽ 1 ലക്ഷം കോടി രൂപയുടെ പ്രോജക്ടുകൾ കിട്ടിയിരുന്നെന്നും അതും തങ്ങളുടെ അവിഹിതമായ സൗഹൃദം കൊണ്ട് ലഭിച്ചതാണോയെന്നും റിലയന്‍സ് പുറത്തിറക്കിയ പ്രസ്താവന ചോദിച്ചു. ബിസിനസ്സിന്റെ സ്വാഭാവികമായ റിസ്ക് ഏറ്റെടുത്ത് ഫലമുണ്ടാക്കാൻ ശ്രമിക്കാതെ രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഉപയോഗിച്ച് ലാഭകരമായി ബിസിനസ്സ് നടത്തുന്നവരെയാണ് ‘ക്രോണി ക്യാപിറ്റലിസ്റ്റുകൾ’ എന്ന് വിളിക്കുക. യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സ് ക്രോണി ക്യാപിറ്റലിസ്റ്റുകളുടെ പിടിയിലാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ ആരോപണമാണ് മോദിക്കും അനിൽ അംബാനിക്കുമെതിരെ റാഫേൽ ആരോപണങ്ങൾക്കൊപ്പം രാഹുൽ ഉന്നയിക്കുന്നത്.

കോൺഗ്രസ്സ് പ്രസിഡണ്ട് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ അപകീർത്തികരമായതും തെറ്റായതുമായ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്ന് റിലയൻസിന്റെ പ്രസ്താവന പറഞ്ഞു. യാതൊരു തെളിവുമില്ലാതെയാണ് രാഹുൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും പ്രസ്താവന ആരോപിച്ചു.

മോദി സർക്കാരും അനിൽ അംബാനിയും അവിഹിതമായ ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് രാഹുൽ സ്ഥിരമായി ആരോപണമുന്നയിക്കുന്നതാണ്. റാഫേൽ കരാറിന്റെ അനുബന്ധ കരാർ അനിൽ അംബാനിക്ക് കിട്ടിയതിനു പിന്നിൽ മോദിയുടെ ഇടപെടലുണ്ടെന്ന് ശക്തമായ ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനെ തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. ഈ രേഖകൾ റാഫേൽ ഇടപാട് കേസിലെ തെളിവായി സ്വീകരിക്കണോ എന്നതിൽ സുപ്രീംകോടതിയില്‍ വാദം നടക്കുകയാണ്.

മോദി ഭരണത്തിന്റെ യഥാർത്ഥ ഗുണഭോക്താവ് അനിൽ അംബാനിയാണെന്ന് കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞിരുന്നു. ഇതാണ് റിലയൻസ് ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. റാഫേൽ കരാറുമായി ബന്ധപ്പെട്ട് തങ്ങളുടെ കമ്പനിയെ ഇടക്കിടെ പ്രസംഗങ്ങളിൽ പരാമർശിക്കുന്നതിനെതിരെ അനിൽ അംബാനി ഗ്രൂപ്പ് നേരത്തെയും രംഗത്തു വന്നിരുന്നു.

“ഞങ്ങൾ രാഹുൽ ഗാന്ധിയെ ഒരു കാര്യം ഓർമിപ്പിക്കാനാഗ്രഹിക്കുന്നു. 10 വർഷം നീണ്ട യുപിഎ ഭരണകാലത്താണ് അനിൽ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ദേശീയ അടിസ്ഥാനസൗകര്യ വികസനത്തിനായി 1 ലക്ഷം കോടിയുടെ പ്രോജക്ടുകൾ ലഭിച്ചത്. വൈദ്യുതി, ടെലികോം, റോഡുകൾ, മെട്രോ തുടങ്ങിയ നിരവധി സെക്ടറുകളിലായിട്ടായിരുന്നു ഈ പ്രോജക്ടുകള്‍. രാഹുൽ ഗാന്ധിയോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത് ഇതാണ്: അദ്ദേഹത്തിന്റെ സർക്കാർ പത്തു വർഷത്തോളം ക്രോണി ക്യാപിറ്റലിസ്റ്റുകളെയാണോ പിന്തുണച്ചിരുന്നത്?” -റിലയന്‍സിന്റെ പ്രസ്താവന ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍