UPDATES

ഇനിയും ആക്രമണമുണ്ടായാൽ പാകിസ്താനെതിരെ സൈനികനീക്കമുണ്ടാകുമെന്ന് മൻമോഹൻ സിങ് പറഞ്ഞു: ഡേവിഡ് കാമറൂൺ

താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഓർമകളാണ് കാമറൂൺ ഈ കുറിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുംബൈയിൽ 2008 നവംബർ മാസത്തിലുണ്ടായ ആക്രമണത്തിനു സമാനമായ മറ്റൊരു ഭീകരാക്രമണം കൂടി നടക്കുകയാണെങ്കിൽ പാകിസ്താനെതിരെ ഇന്ത്യ സൈനിക നീക്കം നടത്തുമെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് തന്നോട് പറഞ്ഞിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. തന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘ഫോർ ദി റെക്കോർഡി’ലാണ് കാമറൂൺ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഓർമകളാണ് കാമറൂൺ ഈ കുറിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2010നും 2016നും ഇടയിലുള്ള കാലയളവ്. മൻമോഹൻ സിങ്ങുമായും നരേന്ദ്രമോദിയുമായും അടുത്ത് പ്രവർത്തിക്കാന്‍ ഇക്കാലയളവിൽ കാമറൂണിന് സാധിച്ചിട്ടുണ്ട്.

“പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി എനിക്ക് നല്ല ബന്ധമായിരുന്നു. അദ്ദേഹം ഒരു വിശുദ്ധനെപ്പോലെയായിരുന്നു. എന്നാൽ‌ ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണികളുടെ കാര്യത്തിൽ അദ്ദേഹം കാർക്കശ്യം കാണിക്കുകയും ചെയ്തിരുന്നു. 2008 നവംബർ മാസത്തിലുണ്ടായതിനു സമാനമായ മറ്റൊരാക്രമണം പാകിസ്താൻ നടത്തിയാൽ തങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം അന്ന് പറയുകയുണ്ടായി. 2011 ജൂലൈ മാസത്തിലെ സന്ദർശനത്തിനിടെയാണ് സിങ് ഇങ്ങനെ പറഞ്ഞത്,” കാമറൂൺ ഓർക്കുന്നു.

യുപിഎ സർക്കാരുകൾക്കും അവയെ നയിച്ച ഡോ. മൻമോഹൻ സിങ്ങിനും രാജ്യം നേരിടുന്ന ഭീഷണികളെ എതിരിടാൻ തക്ക രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നില്ലെന്നത് ബിജെപിയുടെ ആരോപണങ്ങളിലൊന്നാണ്. ഇത്തരമൊരു ആരോപണം സജീവമായി നിൽക്കെയാണ് കാമറൂണ്‍ തന്റെ ഓർമ്മക്കുറിപ്പുകളിൽ മൻമോഹൻ സിങ്ങിന്റെ കാർക്കശ്യമുള്ള മുഖം കാട്ടിത്തരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍