UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടേൽ വിരുദ്ധ പുസ്തകം വിറ്റിരുന്ന ഗുജറാത്ത് ആർഎസ്എസ്: മോദിയുടെ ഭൂതകാലം തിരിഞ്ഞു കൊത്തുമ്പോൾ

രസകരമായ സംഗതി, സാഹിത്യ സാധനാ ട്രസ്റ്റ് ഈ പുസ്തകം ഇപ്പോഴും വില്‍ക്കുന്നുണ്ട് എന്നതാണ്.

സർദാർ വല്ലഭായി പട്ടേലിന്റെ പ്രകീർത്തനങ്ങൾ ഉരുവിടുന്ന പ്രധാനമന്ത്രിയുടെ ഭൂതകാലം പട്ടേൽ വിരുദ്ധതയുടേതായിരുന്നുവെന്നതിന് തെളിവുകൾ ധാരാളമുണ്ട്. ഇവയിലൊന്നാണ് ഗുജറാത്തിലെ ആർഎസ്എസ് ആസ്ഥാനത്ത് മോദി പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന കാലത്ത് സർദാർ പട്ടേലിനെ നിശിതമായി വിമർശിക്കുന്ന പുസ്തകം വിറ്റഴിച്ചിരുന്നുവെന്നത്. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്വം സർദാർ പട്ടേലിനാണ് എന്ന് വിമർശിക്കുന്ന പുസ്തകമാണ് ആർഎസ്എസ്സിന്റെ പ്രധാന കാര്യാലയത്തിൽ വിറ്റിരുന്നത്. ആർഎസ്എസ് സൈദ്ധാന്തികനായ എച്ച്‌വി ശേഷാദ്രി എഴുതിയ പുസ്തകമാണിത്. പ്രസിദ്ധീകരിച്ചതും ആർഎസ്എസ്സിന്റെ പ്രസാധന വിഭാഗം തന്നെ.

അക്കാലത്ത് മോദി ആർഎസ്എസ്സുമായും ദേശീയതയുമായും ബന്ധപ്പെട്ട പുസ്തകങ്ങൾ ധാരാളം വായിക്കാറുണ്ടായിരുന്നെന്ന് പല സഹപ്രവർത്തകരും വെളിപ്പെടുത്തിയിട്ടുണ്ട്. 1967 മുതൽ 1980 വരെ ആർഎസ്എസ് ആസ്ഥാനത്ത് താമസിച്ചിരുന്ന മോദി ഈ പുസ്തകവും വായിച്ചിരിക്കുമെന്ന് ന്യായമായും കരുതാവുന്നതാണ്. സംഘത്തിന്റെ വിരോധം പോലും മറികടന്ന് ഒരു പട്ടേൽ ഭക്തനായി മാറാൻ മോദിയെ പ്രേരിപ്പിച്ചത് രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളാണെന്ന ആരോപണത്തിന് ഇതും ഒരു സാക്ഷ്യമായി വിമർശകർ ഉയർത്തിക്കാട്ടുകയാണിപ്പോൾ.

`The Tragic Story of Partition’ എന്നാണ് ശേഷാദ്രിയുടെ പുസ്തകത്തിന്റെ പേര്. വിഭജനം നടന്നത് നെഹ്റുവിന്റെയും പട്ടെലിന്റെയും സ്വാർത്ഥ താൽപര്യങ്ങൾ മൂലമാണെന്ന് സ്ഥാപിക്കുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്.

രസകരമായ സംഗതി, സാഹിത്യ സാധനാ ട്രസ്റ്റ് ഈ പുസ്തകം ഇപ്പോഴും വില്‍ക്കുന്നുണ്ട് എന്നതാണ്. ഗുജറാത്ത് ആർഎസ്എസ് ആസ്ഥാന മന്ദിരത്തോടു ചേർന്നാണ് ഈ പ്രസാധന വിഭാഗവും പ്രവർത്തിക്കുന്നത്.

മുഹമ്മദലി ജിന്നയെക്കുറിച്ച് ജസ്വന്ത് സിങ് എഴുതിയ പുസ്തകം ഗുജറാത്തിൽ 2009ൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നിരോധിക്കുകയുണ്ടായി. ഈ സന്ദർഭത്തിൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ ശേഷാദ്രിയുടെ പുസ്തകത്തെക്കുറിച്ച് പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍