UPDATES

വിശകലനം

“അരികിലില്ല, അകലെ”: ആന്ധ്രപ്രദേശിലെ അരക് മണ്ഡലത്തില്‍ ലോക് സഭ പോര് ടിഡിപിക്കാരനായ അച്ഛനും കോണ്‍ഗ്രസുകാരിയായ മകളും തമ്മില്‍

ശ്രുതി ദേവി ഡല്‍ഹിയിലെ അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കമായാണ് ഇതിനെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലൊന്നായ അരക് ശ്രദ്ധയാകര്‍ഷിക്കുന്നത് അവിടെ പ്രധാന സ്ഥാനാര്‍ത്ഥികള്‍ അച്ഛനും മകളും ആണ് എന്നതാണ്. അച്ഛന്‍ കോണ്‍ഗ്രസ് വിട്ട് തെലുങ്ക്‌ദേശം പാര്‍ട്ടിയിലേയ്ക്ക് (ടിഡിപി) പോയ മുന്‍ കേന്ദ്ര മന്ത്രി വൈരിചാര്‍ല കൃഷ്ണ ചന്ദ്ര ഡിയോ. ഇവിടെ കൃഷ്ണ ചന്ദ്ര ഡിയോയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത് മകള്‍ ശ്രുതി ദേവിയെ. ശ്രുതി ദേവി ഡല്‍ഹിയിലെ അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കമായാണ് ഇതിനെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഫെബ്രുവരി 24നാണ് വികെസി ഡിയോ കോണ്‍ഗ്രസ് വിട്ട് ടിഡിപിയിലേയ്ക്ക് ചേക്കേറിയത്. ആറ് തവണ എംപിയായിട്ടുണ്ട് കൃഷ്ണചന്ദ്ര ഡിയോ. മണ്ഡലത്തിലെ മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജി മാധവിയാണ്. ശ്രുതിയും മാധവിയും ആദ്യമായാണ് മത്സരരംഗത്തെത്തിയിരിക്കുന്നത്. മാധവി അന്തരിച്ച സിപിഐ നേതാവ് ഗൊഡേതി ദെമുഡുവിന്റെ മകളാണ്. ചിന്തപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിട്ടുണ്ട് ഗൊഡേതി ദെമുഡു. ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപികയാണ് മാധവി. കൃഷ്ണചന്ദ്ര ഡിയോയെ പോലെ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സുപരിചിത.

ടിഡിപി നേതാവായ അരക് എംഎല്‍എ കിദാരി സര്‍വേശ്വര റാവുവിനെ വെടി വച്ച് കൊന്നതിന് പിന്നാലെ മേഖലയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഏപ്രില്‍ 11ലെ ആദ്യ ഘട്ടത്തിലാണ് ആന്ധ്രപ്രദേശിലെ വോട്ടെടുപ്പ്. എന്നാല്‍ കൊണ്ടുപിടിച്ച പ്രചാരണമൊന്നും ഒരു സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ നടത്തുന്നില്ല എന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടിവെള്ള ക്ഷാമം, ശോചനീയമായ റോഡ് ബന്ധങ്ങള്‍, പരിതാപകരമായ ആരോഗ്യരക്ഷ സംവിധാനങ്ങള്‍, മോശം വിദ്യാഭ്യാസ സൗകര്യങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം പ്രചാരണവിഷയങ്ങളാകുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛാധിപത്യ രീതികള്‍ക്കെതിരെ പോരാടാന്‍ ഏറ്റവും അനുയോജ്യമായ ഇടം ടിഡിപിയാണ് എന്ന നിലയിലാണ് താന്‍ ഈ പാര്‍ട്ടിയിലെത്തിയത് എന്ന് കെസി ഡിയോ പറയുന്നു. 1989ലെ നാണല്‍ ഫ്രണ്ടിന്റെ സമയത്തും 1996ലെ യുണൈറ്റഡ് ഫ്രണ്ടിന്റെ സമയത്തും ടിഡിപി നേതാക്കളായ എന്‍ടി രാമറാവുവുമായും ചന്ദ്രബാബു നായിഡുവുമായും തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് ഡിയോ പറയുന്നു. ബോക്‌സൈറ്റ് ഖനികള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിനെ എതിര്‍ക്കുന്നതില്‍ കേന്ദ്ര മന്ത്രിയായിരിക്കെ താന്‍ നിര്‍ണായക പങ്ക് വഹിച്ചതായി അവകാശപ്പെട്ട ഡിയോ, 2014ല്‍ മുഖ്യമന്ത്രിയായ ശേഷം ഖനികള്‍ക്ക് നല്‍കിയിരുന്ന പാട്ടം റദ്ദാക്കി ഉത്തരവിട്ടതിലൂടെ ചന്ദ്രബാബു നായിഡു ശരിയായ കാര്യമാണ് ചെയ്തത് എന്ന് ഡിയോ അഭിപ്രായപ്പെട്ടു.

72കാരനായ ഡിയോ വടക്കന്‍ തീരദേശ ആന്ധ്രയിലെ പ്രധാന നേതാക്കളിലൊരാളാണ്. ബിഎ എക്കണോമിക്‌സ്, എംഎ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദങ്ങള്‍. 1977ല്‍ പാര്‍വതിപുരത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലേയ്ക്ക് ജയിച്ചു. 1980, 84, 2004 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എസിലേയ്ക്ക് പോയി. ചരണ്‍ സിംഗ് സര്‍ക്കാരില്‍ സ്റ്റീല്‍, മൈന്‍ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായി. 1993ല്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ക്ഷണ പ്രകാരം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1994ല്‍ രാജ്യസഭാംഗമായി. പിന്നീട് 2004ലാണ് ലോക്‌സഭയിലെത്തിയത്. 2007ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായി. പാര്‍വതീപുരം മണ്ഡലം ഇല്ലാതായതോടെ ‘അരകി’ലേയ്ക്ക് മാറി. 2009ല്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ പട്ടികവര്‍ഗ ക്ഷേമ, പഞ്ചായത്തീരാജ് മന്ത്രിയായി.

2014ലെ തോല്‍വിയെ തുടര്‍ന്ന് തന്നെ ഡിയോ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. ഇത്തവണ തന്റെ വ്യക്തപരമായ പ്രതിച്ഛായ കൊണ്ട് മാത്രം ജയിക്കാന്‍ കഴിയുമെന്ന് ഡിയോ പറയുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പ് മത്സരങ്ങളിലും ഡിയോയ്ക്ക് വേണ്ടി ശക്തമായ പ്രചാരണം നടത്താന്‍ മകള്‍ ശ്രുതി ഒപ്പമുണ്ടായിരുന്നു. ഇത്തവണ എതിരാളിയാണ്. അഭിഭാഷക എന്നതിന് പുറമെ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമാണ് ശ്രുതി. എന്‍വയോണ്‍മെന്റല്‍ ലോ പഠിച്ചിരുന്നു. എതിരാളി ആരായാലും വലിയ ഭൂരിപക്ഷത്തില്‍ മത്സരിക്കും എന്നാണ് ശ്രുതിയുടെ ആത്മവിശ്വാസം. 1998ലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2004ലും 2009ലും പിതാവിന്റെ വിജയം ഉറപ്പുവരുത്തുന്നതില്‍ ശ്രുതിയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രുതി അവകാശപ്പെടുന്നു.

പട്ടികവര്‍ഗ മണ്ഡലമായ അരക് നിലവില്‍ വന്നത് 2008ലാണ്. ശ്രീകാകുളം, വിഴിയനഗരം, ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം ജില്ലകളിലായുള്ള പലകൊണ്ട, കുറുപ്പം, പാര്‍വതീപുരം, സലൂര്‍, അരക് വാലി, പടേര്, റാമ്പചോദാവരം എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. ഇത് പാര്‍വതീപുരം പട്ടികജാതി മണ്ഡലവും ബാക്കിയെല്ലാം പട്ടികവര്‍ഗ മണ്ഡലവുമാണ്. 21 ലക്ഷം ജനസംഖ്യയാണ് മണ്ഡലത്തിലുള്ളത്. 57 ശതമാനവും പട്ടികവര്‍ഗക്കാര്‍. 14 ലക്ഷം വോട്ടര്‍മാര്‍. കൊണ്ട ദൊര, ഭാഗത, വാല്‍മീകി എന്നിവയാണ് പ്രധാന പട്ടികവര്‍ഗ സമുദായങ്ങള്‍. മൂന്ന് സ്ഥാനാര്‍ത്ഥികളും കൊണ്ട ദൊര സമുദായക്കാരാണ്.

2009ല്‍ ഇവിടെ സിപിഎമ്മിലെ മിഡിയം ബാബുറാവുവിനെ 1,92,444 വോട്ടിന് പരാജയപ്പെടുത്തിയാണ് കൃഷ്ണ ചന്ദ്ര ഡിയോ എറ്റവും ഒടുവില്‍ വിജയം കണ്ടത്. പ്രജാരാജ്യം സ്ഥാനാര്‍ത്ഥിയായിരുന്നു ആ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത്. സിപിഎം സ്ഥാനാര്‍ത്ഥി 1,68,014 വോട്ട് നേടിയിരുന്നു. കിഷോര്‍ ചന്ദ്ര ഡിയോയ്ക്ക് 45.49 ശതമാനം വോട്ടും മിഡിയം ബാബുറാവുവിന് 21.20 ശതമാനം വോട്ടും.

എന്നാല്‍ 2014ല്‍ കിഷോര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ കോതപ്പള്ളി ഗീതയാണ് ജയിച്ചത്. കെസി ഡിയോ മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. 2009ല്‍ 3,60,458 വോട്ട് നേടിയ ഡിയോ 2014ല്‍ നേടിയത് 52,884 വോട്ട് മാത്രം. നാലാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 38,898 വോട്ട്. കോതപ്പള്ളി ഗീത നാല് ലക്ഷത്തില്‍ പരം വോട്ട് നേടിയപ്പോള്‍ ടിഡിപിയുടെ ഗുമ്മിഡി സന്ധ്യാറാണി 3,21,793 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചത് കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് വലിയ ജനരോഷമുയര്‍ത്തുകയും ശക്തമായ തിരിച്ചടിയുണ്ടാക്കുകയുമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ദേശീയതലത്തിലെ തരംഗവും ബാധിച്ചു. സിറ്റിംഗ് എംപി കോതപ്പള്ളി ഗീത 2014ലെ വിജയത്തിന് ശേഷം ടിഡിപിയോട് അടുപ്പം കാണിച്ചിരുന്നു. എന്നാല്‍ വൈഎസ്ആര്‍ വിട്ട അവര്‍ പിന്നീട് പുതിയ പാര്‍ട്ടിയുണ്ടാക്കി. ഇത്തവണ വിശാഖപട്ടണത്ത് നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്നു.

2014 മുതല്‍ വൈഎസ്ആറിന്റെ ശക്തികേന്ദ്രമാണ് മണ്ഡലം. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍വതിപുരം ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളെല്ലാം വൈഎസ്ആര്‍ ജയിച്ചു. കെസി ഡിയോ ടിഡിപി സ്ഥാനാര്‍ത്ഥിയായി വരുന്നത് മണ്ഡലത്തിലെ ശാക്തിക ബലാബലങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃഷ്ണചന്ദ്ര ഡിയോ കുറുപ്പം രാജകുടുംബവുമായി ബന്ധമുള്ളയാളാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ കടുത്ത പോരാട്ടം തന്നെയായിരിക്കും ടിഡിപി സ്ഥാനാര്‍ത്ഥിയായി ഡിയോ കാഴ്ചവയ്ക്കുക എന്നാണ് നിരീക്ഷണം. അച്ഛന്‍ ടിഡിപി സ്ഥാനാര്‍ത്ഥിയായി വരുന്നതിന് മുമ്പ് തന്നെ താന്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം ആലോചിച്ചിരുന്നു എന്നാണ് മകള്‍ ശ്രുതി ദ ഹിന്ദുവിനോട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍