UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ ആയുധ ഇറക്കുമതിയില്‍ നിന്നും കയറ്റുമതിയിലേക്ക്; പക്ഷേ സമയമെടുക്കും

Avatar

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തങ്ങളുടെ സൈന്യത്തിന്റെ പക്കലുള്ള പഴയ 200 ഹെലികോപ്റ്ററുകള്‍ മാറ്റി, ഏതാണ്ട് 1 ബില്ല്യണ്‍ ഡോളറിലേറെ വരുന്ന ഹെലികോപ്റ്ററുകള്‍ക്കായി ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യ ലോകത്താകെ തിരഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്.

പക്ഷേ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഹെലികോപ്റ്ററിനുള്ള ആഗോള അപേക്ഷകള്‍ പൊടുന്നനെ അവസാനിപ്പിച്ചു. പകരം അവ നാട്ടില്‍ത്തന്നെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ മാസങ്ങളില്‍ ചരക്ക് വിമാനവും, മുങ്ങിക്കപ്പലുകളും വാങ്ങാനുള്ള രണ്ടു ശിപാര്‍ശകള്‍ പിന്‍വലിച്ച്, അവ ആഭ്യന്തരമായി നിര്‍മ്മിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. ‘Make in India’ എന്ന ബൃഹദ്പദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഒരു ആഭ്യന്തര ആയുധ വ്യവസായം വളര്‍ത്തിയെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ബൃഹത് നീക്കത്തിന്റെ ഭാഗമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ആഗോള ആയുധ വ്യാപാരത്തിന്റെ 14%. ചൈനയേക്കാള്‍ ഏതാണ്ട് 3 മടങ്ങോളം. അടുത്ത 7 കൊല്ലത്തിനുള്ളില്‍, സോവിയറ്റ് കാലത്തുള്ള പഴയ തരം ആയുധങ്ങള്‍ മാറ്റി,എണ്ണത്തിലും ഗുണത്തിലും ആധുനീകരണത്തിനായുള്ള ആയുധ ഇറക്കുമതിക്കായി ഇന്ത്യ 130 ബില്ല്യണ്‍ ഡോളറിലേറെ ചെലവാക്കും എന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ സൈനിക ആധുനീകരണം യു എസില്‍ ബില്ല്യണ്‍ കണക്കിനു ഡോളറിന്റെ കച്ചവടമാണ് ഉണ്ടാക്കുക. മാത്രവുമല്ല അത് മേഖലയിലെ യു എസിന്റെ തന്ത്രപരമായ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും. യു എസും ഇന്ത്യയും കൂടുതല്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ചൈനയും, പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ സംഘര്‍ഷം നിറയുന്ന അതിര്‍ത്തിബന്ധങ്ങളും, അഫ്ഗാനിസ്ഥാനില്‍ നിന്നും അന്താരാഷ്ട്രസേന പിന്‍മാറുന്ന സാഹചര്യവും ഈ ആയുധം വാങ്ങിക്കൂട്ടലുമായി യാദൃശ്ചികമെന്നോണം ഒത്തുവരുന്നുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധദാതാവ് എന്ന സ്ഥാനം ഇപ്പോള്‍ റഷ്യയെ മറികടന്നു യു എസിനാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 14 ബില്ല്യണ്‍ ഡോളര്‍ ആയുധ ഇറക്കുമതിക്കായി ചെലവാക്കിയതില്‍ 5 ബില്ല്യനും യു.എസിലേക്കാണ്. 4 ബില്ല്യണ്‍ ഡോളറിന് അല്പം മുകളിലായി റഷ്യ തൊട്ടുപിന്നിലുണ്ട്.

കൂടുതല്‍ അടുത്ത ഇന്ത്യ- യു എസ് പ്രതിരോധ ബന്ധം എന്നത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന്റെ ലക്ഷണമായാണ് നിരീക്ഷകര്‍ കാണുന്നത്. ’21 ആം നൂറ്റാണ്ടിലെ നിര്‍ണായക പങ്കാളിത്തം’ എന്നാണ് യു എസ് പ്രസിഡണ്ട് ബരാക് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്.

പക്ഷേ ലോകബാങ്കിന്റെ ‘സുഗമ വ്യാപാര സൂചികയില്‍’ ഏറെ പിന്നിലുള്ള ഇന്ത്യയുമായി വ്യാപാരം നടത്താന്‍ യു എസ് കമ്പനികള്‍ ഏറെ കഷ്ടപ്പെടും. തീരുമാനമെടുക്കുന്നതിലെ കാലതാമസം, പ്രതിരോധ വ്യവസായത്തില്‍ വിദേശ നിക്ഷേപത്തിനുള്ള 49% പരിധി, പ്രാദേശിക പ്രതിരോധ നിര്‍മ്മാണത്തില്‍ നിക്ഷേപം നടത്തണമെന്നുള്ള നിബന്ധന എന്നിവയെല്ലാം അമേരിക്കന്‍ സ്ഥാപനങ്ങളെ അലോസരപ്പെടുത്തൂന്നു.

ഇന്ത്യയുടെ തീര്‍ത്തൂം സ്വതന്ത്രമായ വിദേശനയ നിലപാടുകളും, യു എസിനെ ഒരു സഖ്യകക്ഷിയായി പൂര്‍ണമായും അംഗീകരിക്കാനുള്ള വിമുഖതയും പൂര്‍ണ തന്ത്രപരപങ്കാളിത്തത്തിന് തടസം നില്ക്കുന്നു.

ഇപ്പോള്‍, ആയുധ ഇറക്കുമതിക്കാര്‍ എന്ന നിലയില്‍നിന്നും ആയുധ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരും എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റാനാണ് മോദി ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലൂടെ ചൈന ഈ നിലയിലെത്തിയിട്ടുണ്ട്.

‘ലോകത്തിന് പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്ന തരത്തില്‍ ഇന്ത്യയെ ശക്തമാക്കുന്നത് ഞങ്ങള്‍ സ്വപ്നം കാണുന്നു’- തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധകപ്പല്‍ പുറത്തിറക്കവേ കഴിഞ്ഞ ആഗസ്തില്‍ മോദി പറഞ്ഞു. ‘ഏതൊരു ചെറിയ പ്രതിരോധ സാമഗ്രിയും ഇറക്കുമതി ചെയ്യുന്നതിന് പകരം അടുത്ത കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ ഉപകരണങ്ങളുടെ കയറ്റുമതി നടത്തണം’, മോദി പറഞ്ഞു. ഇതിലേക്കുള്ള ആദ്യപടിയെന്ന നിലയില്‍, 60 ശതമാനത്തോളം പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമായ അനുമതി നിബന്ധനകളില്‍ സര്‍ക്കാര്‍ വലിയ ഇളവുകള്‍ വരുത്തി. ഈ വര്‍ഷം ആദ്യം പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപ പരിധി 26ല്‍ നിന്നും 49 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

‘വില്‍ക്കാന്‍ മാത്രമായിട്ടല്ല ഇവിടെ നിര്‍മ്മിക്കാനും കയറ്റുമതി നടത്താനും കൂടിയാകണം അന്താരാഷ്ട്ര പ്രതിരോധ കമ്പനികള്‍ ഇവിടെ വരേണ്ടതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’, വ്യവസായനയ, പ്രോത്സാഹന വകുപ്പ് സെക്രട്ടറി, അമിതാഭ് കാന്ത് പറഞ്ഞു.

പ്രതിരോധ രംഗത്ത് ഇന്ത്യ തീരുമാനങ്ങള്‍ക്ക് വേഗം കൂട്ടിയെന്ന് നിരീക്ഷകര്‍ പറയുന്നു. ടാങ്ക്‌വേധ മിസൈലുകള്‍, ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങി പലതിലും സംയുക്ത നിര്‍മ്മാണത്തിന് യു എസും ഇന്ത്യയും ചര്‍ച്ചകള്‍ വേഗത്തിലാക്കി.

‘ഇത്തരം അവസരങ്ങള്‍ എന്നും വരില്ല’- വാഷിംഗ്ടണിലെ യു.എസ്-ഇന്ത്യ വ്യാപാര സമിതിയിലെ വ്യോമയാന, പ്രതിരോധ ഡയറക്ടര്‍ രാഹുല്‍ മാധവന്‍ പറയുന്നു. ‘യു.എസ് നല്‍കുന്ന പ്രതിരോധ സാങ്കേതികവിദ്യകള്‍ വെച്ചുനോക്കിയാല്‍ ഇന്ത്യ നാറ്റോക്ക് (NATO) തുല്യമാണെന്ന് കാണാം.’ എന്നാല്‍, ആയുധങ്ങളുടെ ആഭ്യന്തര ഉത്പാദനവും, സൈന്യത്തിന്റെ അടിയന്തിര ആയുധക്ഷാമം പരിഹരിക്കലും തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് ഇന്ത്യയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഹെലികോപ്റ്ററുകള്‍, മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ ലഭിക്കാന്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ് സൈന്യം. പക്ഷേ, അവരുടെ ടാങ്കുകള്‍ക്ക് വേണ്ടത്ര ഷെല്ലുകള്‍ പോലുമില്ല. വെടിയുണ്ടയേല്‍ക്കാത്ത പോര്‍ച്ചട്ടകള്‍, തോക്കുകള്‍, രാത്രി കാഴ്ചക്കുള്ള ഉപകരണങ്ങള്‍, ബൂട്ടും, ഹെല്‍മെറ്റും വരെ ആവശ്യപ്പെടുന്നുണ്ട് സൈനികര്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിരോധരംഗത്തെ തീരുമാനങ്ങള്‍ വൈകുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയെ മന്‍മോഹന്‍സിംഗിന്റെ ഭരണകാലം പ്രതിരോധരംഗത്ത് ഇന്ത്യയെ സംബന്ധിച്ച് ‘നഷ്ടപ്പെട്ട ദശാബ്ദ’മാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

‘ഒന്നും നടക്കാതെ,ഒരു ദശാബ്ദമാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്,’ വിരമിച്ച നാവികസേനാ മേധാവി അരുണ്‍ പ്രകാശ് പറഞ്ഞു. ചെറിയ സൂചനകളുടെ പേരില്‍പ്പോലും കഴിഞ്ഞ സര്‍ക്കാര്‍ നിരവധി പ്രതിരോധ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി. ഒടുവില്‍ സേനയ്ക്ക് ആരില്‍നിന്നും ആയുധം വാങ്ങാന്‍ കഴിയാതെയായി. വാങ്ങല്‍ നിര്‍ത്തിവെച്ചു, അന്വേഷണങ്ങള്‍ അനന്തമായി നീണ്ടു. സേനയെ സംബന്ധിച്ച് വലിയ ദോഷമായിരുന്നു അത്’. ഇന്ത്യയില്‍ നിക്ഷേപിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി, മോദിയുടെ നിര്‍മ്മാണ ദൗത്യത്തിന് അനുയോജ്യമാക്കും നയമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

ഇതൊക്കെയായാലും ചൈനയെപ്പോലെ ഈ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് നിലവില്‍ ഇന്ത്യക്കാവില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2006ല്‍ ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായിരുന്ന ചൈന 2011ല്‍ ആഗോള ആയുധ കയറ്റുമതിയില്‍ 6 ആം സ്ഥാനത്തെത്തി.

‘പ്രതിരോധ കയറ്റുമതി വലിയൊരു ആഗ്രഹമാണ്’, അരുണ്‍ പ്രകാശ് പറഞ്ഞു. ‘പക്ഷേ അതിനു സമയമെടുക്കും. നിലവില്‍ നമ്മുടെ പ്രതിരോധ ഗവേഷണവും വ്യാവസായിക അടിത്തറയും വെച്ചുനോക്കുമ്പോള്‍ അത് എളുപ്പം സംഭവിക്കില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍