UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ അന്ന് തീരും കാശ്മീരിന് ഇന്ത്യയുമായുള്ള ബന്ധം: മെഹബൂബ മുഫ്തി

ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയില്‍ നിന്ന് കാശ്മീരിലേയ്ക്കുള്ള പാലമാണ്. ഇത് തകര്‍ത്താല്‍ 1947ലെ പോലെ വീണ്ടും കാശ്മീരിന്റെ നില സംബന്ധിച്ച് ചര്‍ച്ചകളിലേയ്ക്ക് പോകേണ്ട അവസ്ഥയുണ്ടാകും.

പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയാല്‍ അന്ന് തീരും ജമ്മു കാശ്മീരിന് ഇന്ത്യയുമായുള്ള ബന്ധം എന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. കേന്ദ്ര സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പാണ് മെഹബൂബ വീണ്ടും നല്‍കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയില്‍ നിന്ന് കാശ്മീരിലേയ്ക്കുള്ള പാലമാണ്. ഇത് തകര്‍ത്താല്‍ 1947ലെ പോലെ വീണ്ടും കാശ്മീരിന്റെ നില സംബന്ധിച്ച് ചര്‍ച്ചകളിലേയ്ക്ക് പോകേണ്ട നിലയുണ്ടാകും. പുതിയ വ്യവസ്ഥകളുണ്ടാകും. പുതിയ വിലപേശലുകളും. എന്ത് അടിസ്ഥാനത്തിലാണ് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ഭാഗമാക്കുന്നത് എന്ന ചോദ്യം വരും.

നിയമപ്രകാരമാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് ഈ പദവി നല്‍കിയത്. ഇത് ഇല്ലാതായാല്‍ പുതിയ വ്യവസ്ഥകള്‍ വേണ്ടി വരും. നിങ്ങള്‍ക്കൊപ്പം നില്‍ക്കണോ എന്ന് വരെ ഞങ്ങള്‍ക്ക് ആലോചിക്കേണ്ടി വരും. മെഹബൂബ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിക്കിള്‍ 370നെ ചോദ്യം ചെയ്ത ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ മെഹബൂബ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ട്ടിക്കിള്‍ 370 ഇല്ലെങ്കില്‍ ജമ്മു കാശ്മീരിന് ഇന്ത്യയുമായി ബന്ധമുണ്ടാകില്ല എന്ന് അരുണ്‍ ജയ്റ്റ്‌ലി മനസിലാക്കണം എന്ന് മെഹബൂബ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കിയതും ചോദ്യം ചെയ്യപ്പെടും എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370യും ആര്‍ട്ടിക്കിള്‍ 35 എയും പിന്‍വലിച്ചാല്‍ ജമ്മു കാശ്മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് മെഹബൂബ നേരത്തെ പറഞ്ഞിരുന്നു.

1949 ഒക്ടോബര്‍ 17നാണ് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമായത്. ഇത് പ്രകാരം ജമ്മു കാശ്മീരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ നിന്ന് പല കാര്യങ്ങളിലും സ്വതന്ത്രമാണ് ജമ്മു കാശ്മീര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍