UPDATES

ട്രെന്‍ഡിങ്ങ്

കലാകാരന്മാര്‍ ഇവിടെ രാഷ്ട്രീയം പറയരുതെന്നാണല്ലോ? മറുപടിയുമായി എ.ആര്‍ റഹ്മാന്‍

ഗൗരി ലങ്കേഷിന്റെ മരണശേഷം ഇത് എന്റെ ഇന്ത്യയല്ലെന്ന റഹ്മാന്റെ പ്രസ്താവന വന്‍തോതില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു

കാലാകാരന്മാര്‍ രാഷ്ട്രീയം പറയരുതെന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും എന്നാല്‍ തങ്ങളെ വെറുതെ നിശബ്ദരാക്കരുതെന്നും അക്കാദമി അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇത് എന്റെ രാജ്യമല്ലെന്ന തന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇത്ര കൊടുങ്കാറ്റാകുമെന്ന് കരുതിയില്ലെന്നും റഹ്മാന്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തെ പരിഹസിച്ചുകൊണ്ടാണ് തങ്ങള്‍ രാഷ്ട്രീയം പറയരുതെന്നാണല്ലോയെന്നും എന്നാല്‍ തങ്ങളെ നിശബ്ദരാക്കരുതെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

തനിക്ക് ഗൗരി ലങ്കേഷിനെ അറിയില്ലെന്നും ഒരു റെക്കോഡിംഗിനിടെയാണ് അവര്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു. ‘അതെന്നിലെ സംഗീതജ്ഞന്റെ ഹൃദയത്തെ ഞെട്ടിച്ചു. നാം ഗാന്ധിയുടെ രാജ്യത്തു നിന്നുള്ളവരാണ്. ഇത്തരമൊരു ക്രൂരത നടന്നത് എന്റെ രാജ്യത്താണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ ചൂളിപ്പോയി’ എന്നും റഹ്മാന്‍ പറഞ്ഞു. ലോകത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ. ഈ രാജ്യം എങ്ങനെ ഇങ്ങനെയായെന്നത് ഒരു അത്ഭുതമാണ്. അടുത്ത ഘട്ടത്തില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുനുള്ള സമ്പൂര്‍ണമായ നിലപാട് നാം ഓരോരുത്തരും സ്വീകരിക്കണം. അല്ലെങ്കില്‍ ഈ രാജ്യം നശിച്ച് പോകും. നമ്മളില്‍ ചിലര്‍ ഇതിനെ നശിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ റഹ്മാന്റെ പ്രസ്താവന വന്‍തോതില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തി. റഹ്മാന്‍ രാജ്യം വിട്ടുപോകണമെന്ന ആവശ്യം വരെ ഉയര്‍ന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരായ ഇടതുപക്ഷ നിലപാടായാണ് റഹ്മാന്റെ പ്രസ്താവന വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഈ സര്‍ക്കാര്‍ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവയില്‍ തനിക്ക് അഭിമാനമുണ്ടെന്നും റഹ്മാന്‍ പറയുന്നു. മറ്റ് രാജ്യങ്ങളേക്കാള്‍ ഈ രാജ്യം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നമ്മള്‍ വളരെയധികം സങ്കീര്‍ണരാണ്. നമ്മള്‍ വിവിധ സംസ്‌കാരത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇന്ത്യക്കാരെല്ലാം ഒന്നാണെന്ന് നമ്മെ പിടിച്ചു നിര്‍ത്തുന്ന ഒരു ഘടകവും നമുക്കിടയിലുണ്ട്.

കലാകാരന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടണമോയെന്ന ചോദ്യത്തിന് ഞങ്ങള്‍ ഇവിടെ രാഷ്ട്രീയം പറയരുതെന്നാണല്ലോയെന്ന് അദ്ദേഹം പരിഹാസപൂര്‍വം ചോദിച്ചു. ഇവിടുത്തെ പണക്കാരായ ജനങ്ങളെയും അധികാരവര്‍ഗ്ഗത്തെയും യാതൊന്നും ബാധിക്കാറില്ല. എന്നാല്‍ ദരിദ്രരും നിഷ്‌കളങ്കരും അവഗണിക്കപ്പെടുന്നു. എല്ലാവര്‍ക്കും തുല്യമായ അവകാശമാണ് ഉള്ളത്. മുന്‍ഗണന ലഭിക്കാതെ വരുന്നതോടെ അവര്‍ അന്തര്‍മുഖര്‍ ആകുന്നു. നാം അവരെ പരിരക്ഷിക്കേണ്ടതുണ്ട്. കലാകാരന്മാര്‍ തങ്ങളുടെ കലാരൂപങ്ങളിലൂടെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍