UPDATES

ട്രെന്‍ഡിങ്ങ്

ലക്ഷ്യം നേടി; വിമര്‍ശിക്കുന്നവര്‍ക്ക് നോട്ട് നിരോധനത്തെക്കുറിച്ച് അറിയില്ലെന്നും ജെയ്റ്റ്ലി

നോട്ട് നിരോധനം നടപ്പാക്കിയവര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ചിദംബരത്തിന്റെ പരിഹാസം

നോട്ട് നിരോധനം എന്താണെന്ന് മനസിലാകാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കള്ളപ്പണം പിടിക്കുക മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്നും കറന്‍സിയെ അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരാനും കൂടിയായിരുന്നു നോട്ടു നിരോധനമെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്‍വലിച്ച നോട്ടുകളിലെ 99 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതിനു പിന്നാലെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ അടുത്ത ലക്‌ഷ്യം തെരഞ്ഞെടുപ്പുകളിലെ കള്ളപ്പണ ഉപയോഗം തടയുക എന്നാതാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

കള്ളപ്പണം പിടിക്കുക മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം. ജനങ്ങളെ ബാങ്കിംഗ് സമ്പ്രദായത്തിലേക്ക് കൊണ്ടുവരാനും ഭീകരവാദത്തിനുള്ള ഫണ്ടിംഗ് അവസാനിപ്പിക്കാനുമായിരുന്നു ഈ നടപടിയെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. കള്ളപ്പണം ഇല്ലാതാക്കുന്നതിനൊപ്പം നികുതി വരുമാനം കൂട്ടുകയുും ഡിജിറ്റല്‍ പണത്തിന്റെ ഉപയോഗം കൂട്ടുകയും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നു. ബാങ്കിലേക്ക് തിരികെ വന്ന നോട്ടുകളുടെ കണക്ക് വച്ച് വിമര്‍ശിക്കുന്നവര്‍ക്ക് കള്ളപ്പണം എങ്ങനെ ഇല്ലായ്മ ചെയ്യണമെന്ന് അറിയാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.

നവംബര്‍ എട്ടിനുണ്ടായ നോട്ട് നിരോധനം കൊണ്ട് പ്രഖ്യാപിച്ച ഒരു നോട്ടവും ഉണ്ടായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തു വിട്ടതിനു പിന്നാലെ മുന്‍ ധനമന്ത്രി പി. ചിദംബരം വിമര്‍ശിച്ചിരുന്നു. കള്ളപ്പണം മാറ്റിയെടുക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമായിരുന്നോ നോട്ട് നിരോധനത്തിനു പിന്നിലെന്നും അദ്ദേഹം ചോദിച്ചു. ’99 ശതമാനം നോട്ടുകളും നിയമപരമായി തന്നെ തിരികെ വന്നിരിക്കുന്നു. കള്ളപ്പണം വെളുപ്പിച്ചെടുക്കുകയായിരുന്നോ നോട്ട് നിരോധനത്തിന്റെ ലക്ഷ്യം’- ചിദംബരം ട്വിറ്ററില്‍ ചോദിച്ചു. നിരോധിച്ച 15.44 ലക്ഷം കോടി രൂപയില്‍ ആകെ 16,000 കോടി രൂപ മാത്രമാണ് തിരികെ വരാത്തത്. എന്നാല്‍ പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിന് ചെലവായത് 21,000 കോടി രൂപയാണ്. ഇത്തരത്തില്‍ നോട്ട് നിരോധനം നടപ്പാക്കിയവര്‍ക്ക് നോബല്‍ സമ്മാനം നല്‍കണമെന്നും അദ്ദേഹം പരിഹസിച്ചു.

നവംബര്‍ എട്ടിന് അസാധുവാക്കിയ 15.44 ലക്ഷം കോടി രുപയില്‍ 15.28 ലക്ഷം കോടി രൂപയും തിരികെ വന്നു എന്നാണ് റിസര്‍വ് ബാങ്ക് ഇന്നലെ വ്യക്തമാക്കിയത്. അസാധുവാക്കിയ സമയം മുതല്‍ നോട്ടുകള്‍ തിരികെ ഏല്‍പ്പിക്കാനുള്ള തീയതിയായ ജൂണ്‍ 30 വരെയുള്ള സമയത്തെ കണക്കാണിത്. ആയിരത്തിന്റെ 685.8 കോടി നോട്ടുകളും അഞ്ഞൂറിന്റെ 1716.5 കോടി നോട്ടുകളുമാണ് നിരോധിച്ചത്. ഇതില്‍ ആകെ തിരികെ വരാനുള്ളത് ആയിരത്തിന്റെ 8.9 കോടി രൂപയാണെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍