UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചൽ പ്രദേശിൽ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധം

മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വസതിയിലേക്ക് പ്രക്ഷോഭകർ മാർച്ച് നടത്തി.

അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ ഉപമുഖ്യമന്ത്രി ചൗവ്ന മെയിനിന്റെ വീടിന് അക്രമികൾ തീയിട്ടു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് ഗോത്രവർഗ വിഭാഗങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അക്രമം നടന്നത്. വീട്ടിനകത്തേക്ക് ഇരച്ചു കയറിയ അക്രമികൾ അകത്തുള്ള വസ്തുക്കളെല്ലാം നശിപ്പിക്കുകയായിരുന്നു. പിന്നീട് വീടിന് തീയിട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംസ്ഥാനത്താകമാനം അക്രമസംഭവങ്ങൾ തുടരുകയാണ്. ഒരാൾ അക്രമങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. പുറത്തു നിന്നുള്ള ഗോത്രവർഗക്കാർ‌ക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്നും സർക്കാർ പിൻവാങ്ങുകയാണെന്ന് അറിയിച്ചെങ്കിലും അക്രമത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി ചൗവ്ന മെയ്നിനെ ഇന്ന് രാവിലെ തന്നെ തലസ്ഥാനത്തു നിന്നും സർക്കാർ മാറ്റിയിരുന്നു.

മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വസതിയിലേക്ക് പ്രക്ഷോഭകർ മാർച്ച് നടത്തി. ഇവർക്കു നേരെ പൊലീസ് തിര നിറയ്ക്കാത്ത തോക്കുകളിൽ നിന്ന് വെടിയുതിർത്തു. ഇറ്റാനഗറിൽ രണ്ട് പൊലീസ് സ്റ്റേഷനുകളും പ്രക്ഷോഭകർ കത്തിച്ചിട്ടുണ്ട്. ഒരു പൊലീസ് സൂപ്രണ്ടിന് അക്രമങ്ങളിൽ പരിക്കേറ്റതായും വിവരമുണ്ട്.

ഇറ്റാനഗർ, നഹർലാഗൂൻ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നതാണ്. ഇത് ലംഘിച്ചാണ് അക്രമങ്ങൾ നടന്നത്. അക്രമസംഭവങ്ങളെ അപലപിച്ച് കോൺഗ്രസ്സ് രംഗത്തു വന്നിട്ടുണ്ട്. ഇന്തോ തിബറ്റൻ ബോർഡർ പൊലീസിന്റെ ആറ് കമ്പനികളെ അക്രമ സംഭവങ്ങൾ അരങ്ങേറിയ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതലാണ് അക്രമങ്ങൾ തുടങ്ങിയത്. നാംസായ്, ചാങ്‌ലാങ് എന്നീ ഗോത്രവർഗ വിഭാഗങ്ങൾക്ക് സ്ഥിരതമാസ സർട്ടിഫിക്കറ്റ് നൽകുന്നത് ശുപാർശ ചെയ്യുന്ന ജോയിന്റ് ഹൈപവർ കമ്മറ്റിയുടെ റിപ്പോർട്ട് മേശപ്പുറത്ത് വെക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വന്നതോടെ വിദ്യാർത്ഥികളാണ് പ്രക്ഷോഭം സംഘടിപ്പിച്ച് രംഗത്തിറങ്ങിയത്. സമരക്കാർ സര്‍ക്കാർ വാഹനങ്ങളും ഓഫീസുകളും നശിപ്പിച്ച് അഴിഞ്ഞാടുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍